ADVERTISEMENT

തിരുവനന്തപുരം∙ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ താൽക്കാലിക ഡയറക‌്ടറായി മുതിർന്ന ഡോക്ടർ കെ.ജയകുമാറിനെ നിയമിച്ചു. അതേസമയം, ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയ ട്രൈബ്യൂണൽ വിധിക്കെതിരെ ഡോ. ആശാ കിഷോർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ജൂലൈയിലാണ് ഡയറക്ടറുടെ കാലാവധി ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി നീട്ടിക്കൊടുത്തത്.

കാലാവധി 5 വർഷം നീട്ടിയ ഉത്തരവ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. കാലാവധി നീട്ടിക്കൊണ്ട് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കഴിഞ്ഞ ജൂൺ 2ന് ഇറക്കിയ ഉത്തരവാണു റദ്ദാക്കിയത്. ഇൗ ഉത്തരവു പിൻവലിക്കണമെന്നു കാണിച്ച‌ു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ജൂൺ 15നും 28നും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റിനു നൽകിയ കത്തുകളിൽ ഇടപെടുന്നില്ലെന്ന് ജുഡ‌ീഷ്യൽ അംഗം പി.മാധവൻ, അഡ്മിനിസ്ട്രേറ്റീവ് അംഗം കെ.വി.ഇൗപ്പൻ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിനു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

2015 ഏപ്രിൽ 13ന് ശ്രീചിത്ര ഡയറക്ടറായി ഡോ. ആശ കിഷോറിനെ 5 വർഷത്തേക്കു നിയമിച്ചിരുന്നു. കഴിഞ്ഞ മേയ് 12നു കാലാവധി കഴിഞ്ഞെങ്കിലും 5 വർഷം കൂടി നീട്ടാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സമിതി തീരുമാനിച്ചു. തുടർന്ന് പ്രസിഡന്റ് ഉത്തരവിറക്കി. ഇതിനെതിരെ ശ്രീചിത്രയിലെ അഡിഷനൽ പ്രഫസർ ഡോ. സജിത് സുകുമാരൻ നൽകിയ ഹർജിയും കേന്ദ്ര സർക്കാരിന്റെ കത്തുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ആശ കിഷോർ നൽകിയ ഹർജിയുമാണു ട്രൈബ്യൂണൽ പരിഗണിച്ചത്.

നേരത്തെ ഹർജി പരിഗണിച്ച ട്രൈബ്യൂണൽ കാലാവധി നീട്ടിയ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ആശ കിഷോർ ഹൈക്കോടതിയിലെത്തി. സ്റ്റേ റദ്ദാക്കിയ കോടതി ഹർജികൾ തീർപ്പാക്കാൻ ട്രൈബ്യൂണലിനോടു നിർദേശിച്ചു. തുടർന്നാണു ട്രൈബ്യൂണൽ നടപടിയെടുത്തത്.

English Summary: Dr K Jayakumar, appointed as Director of Sree Chitra Institute Of Medical Sciences
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com