ADVERTISEMENT

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വന്നാൽ കിഫ്‌ബി ഇല്ലാതാക്കില്ലെന്നു കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. എന്നാൽ കിഫ്‌ബി നിലവിലുള്ള രൂപത്തിലോ പ്രവർത്തന രീതിയിലോ തുടരാൻ അനുവദിക്കില്ലെന്നും കുഴൽനാടൻ വ്യക്തമാക്കി. കിഫ്‌ബി സംബന്ധിച്ച പരാമർശങ്ങളുള്ള സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഓൺമനോരമക്ക് അനുവദിച്ച അഭിമുഖത്തിലാണ് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ കുഴൽനാടൻ ഇക്കാര്യം പറഞ്ഞത്.

നിലവിലുള്ള മാതൃക തുടർന്നാൽ കിഫ്‌ബി സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടും. 2023 ഓടെ സംസ്ഥാനത്തിന് സാമ്പത്തികമായി ശ്വാസം മുട്ടും. കിഫ്‌ബി മാത്രമാണ് കേരളത്തിന്റെ എല്ലാ പ്രതിസന്ധിക്കുമുള്ള പരിഹാരമെന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതിൽ ധനമന്ത്രി തോമസ് ഐസക് വിജയിച്ചു - കുഴൽനാടൻ പറഞ്ഞു.

"ഒരു കാര്യം തീർച്ചയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിലവിലുള്ള രൂപത്തിലോ പ്രവർത്തന രീതിയിലോ കിഫ്‌ബി തുടരാൻ അനുവദിക്കുകയില്ല. എന്നാൽ അതിനർത്ഥം കിഫ്‌ബി തന്നെ വേണ്ടെന്നു വെക്കുമെന്നല്ല. നിലവിൽ കിഫ്‌ബി വരുത്തി വെച്ച ബാധ്യതകളും ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ തുടർന്ന് വരുന്ന ഏതു സർക്കാരും ബാധ്യസ്ഥമായിരിക്കും." കുഴൽനാടൻ പറഞ്ഞു.

വിഭവ സമാഹരണത്തിനേക്കാൾ വിഭവ സൃഷ്ടിയിൽ ഊന്നുന്നതായിരിക്കും കോൺഗ്രസിന്റെ സാമ്പത്തിക നയമെന്നും കുഴൽനാടൻ പറഞ്ഞു. കിഫ്ബിക്കെതിരായ കേസിൽ ആർഎസ്എസ് അനുകൂല സംഘടനാ ഭാരവാഹിയെ പ്രതിനിധീകരിക്കുന്നതിൽ തെറ്റില്ലെന്ന് ആവർത്തിച്ച കുഴൽനാടൻ താൻ ആർഎസ്എസ്സുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഐസക്കിനെ വീണ്ടും വെല്ലുവിളിച്ചു.

ബിജെപി വർഗീയവും വിഷലിപ്തവുമായ സംഘടനയാണെന്ന് പറഞ്ഞ കുഴൽനാടൻ കേരളത്തിൽ ബിജെപിയുടെ വളർച്ചയിൽ കോൺഗ്രസ് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പറഞ്ഞു. അഭിമുഖം കാണാം.

English Summary: Mathew Kuzhalnadan on KIFFB, Issac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com