ADVERTISEMENT

ചെന്നൈ ∙ തുടർമഴയിൽ വെള്ളത്തിലായ താംബരത്തെ സെമ്മഞ്ചേരി, മുടിച്ചൂർ മേഖലകൾ നിവാർ കടന്നു പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളക്കെട്ടിൽ വലയുന്നു.  നഗരത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളാണിവ. താംബരം മേഖലയിൽ കഴിഞ്ഞ 15 വർഷത്തിനിടെ ഉണ്ടായ റിയൽ എസ്റ്റേറ്റ് വികസനമാണു വെള്ളക്കെട്ടിനു പ്രധാന കാരണം. സെമ്മഞ്ചേരി, മുടിച്ചൂർ മേഖലയിൽ നിന്നു 10 കിലോ മീറ്റർ അകലെ മാത്രമാണ് നഗരത്തിലെ ഏറ്റവും വലിയ സംഭരണിയായ ചെമ്പരമ്പാക്കം. കനത്ത മഴയെ തുടർന്നു സംഭരണിയുടെ ഷട്ടറുകൾ തുറന്നതും വെള്ളപ്പൊക്കത്തിനു കാരണമായി. ജലം സ്വാഭാവികമായി ഒഴുകി പോകുന്നതിനുള്ള വഴികൾ അടച്ചു വ്യാപകമായി കെട്ടിടങ്ങൾ നിർമിച്ചതോടെയാണ് ഇവിടം പ്രളയ ബാധിതമായത്. 

ചുഴലിക്കാറ്റ് വീശിയ ദിവസങ്ങളിൽ ചെന്നൈയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ ഷോലിംഗനല്ലൂരിനു സമീപമാണ് മുടിച്ചൂരും സെമ്മഞ്ചേരിയും. 3 കിലോ മീറ്റർ ചുറ്റളവിൽ മൂന്നടിയോളം ഉയരത്തിലാണ് ഇവിടെ വെള്ളക്കെട്ട്. കുട്ടികളും, ഗർഭിണികളും, പ്രായമായവരും വെള്ളപ്പൊക്കം മൂലം ദിവസങ്ങളായി പ്രയാസപ്പെടുകയാണെന്നു ജനങ്ങൾ പരാതിപ്പെടുന്നു. ആയിരത്തിലധികം കുടുംബങ്ങളാണ് ഇവിടെ താമസം. 

2015ലെ വെള്ളപ്പൊക്കം ഏറ്റവും ബാധിച്ചതും ഇവിടെയാണ്. ഒരാഴ്ചയിലേറെ വെള്ളക്കെട്ടു നിലനിന്നു. അന്നത്തെ മുഖ്യമന്ത്രി ജയലളിത മുൻകയ്യെടുത്തു കയ്യേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു. ഒഴുകിയെത്തുന്ന ജലം അഡയാർ നദിയിലേക്കു വഴിതിരിച്ചുവിടാൻ 20 അടി വീതിയിൽ കനാലും നിർമിച്ചു. ഇതാണ് ഇത്തവണ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി അൽപമെങ്കിലും കുറയ്ക്കാൻ സഹായിച്ചത്. അതേസമയം കഴിഞ്ഞ മൂന്നു വർഷത്തിനിടെ പലയിടങ്ങളിലും കനാൽ കയ്യേറി നിർമാണം നടത്തിയതായി ജനങ്ങൾ പരാതിപ്പെടുന്നു. വെള്ളക്കെട്ടു തടയാൻ സമഗ്ര പദ്ധതി വേണമെന്നു റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു. 

പകർച്ചവ്യാധികൾ തടയാൻ സെമ്മഞ്ചേരി  മുടിച്ചൂർ മേഖലകളിൽ മെഡിക്കൽ ക്യാംപുകൾ തുറക്കുമെന്നു സർക്കാർ അറിയിച്ചു. റേഷൻ കടകൾ വഴി അവശ്യ സാധനങ്ങളും വിതരണം ചെയ്യും. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രദേശത്ത് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ആവിൻ പാൽ വിതരണം ചെയ്യാനും നടപടി സ്വീകരിക്കും.  രണ്ടു ദിവസത്തിനുള്ളിൽ  വെള്ളക്കെട്ടു നീക്കുമെന്നു കോർപറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. 

നശിച്ചത് 1100 ഏക്കറിലെ കൃഷി

കാ‍ഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലായി 1,100 ഏക്കർ നെൽകൃഷി നശിച്ചതായി കൃഷി വകുപ്പ്. 20 കിലോ അരി സൗജന്യമായി ലഭിക്കുന്ന 1.25 ലക്ഷം റേഷൻ കാർഡുകാർക്കുള്ള 25 ലക്ഷം അരി ഉപയോഗ ശൂന്യമായതായും കൃഷി വകൂപ്പ് വിലയിരുത്തി. ചെങ്കൽപെട്ടിലെ ഇസിആറിലുള്ള ഗ്രാമത്തിലാണു കൂടുതൽ കൃഷി നാശം സംഭവിച്ചത്. 

    വടക്കൻ ചെന്നൈയുടെ നെല്ലറയാണു കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിൽ ഏക്കറുകളിൽ പരന്നുകിടക്കുന്ന കൃഷിയിടങ്ങൾ. 

മിക്കയിടങ്ങളിലും വിളവെടുപ്പിനു തയാറെടുക്കവെയാണു നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റ് ബാധിച്ച ഓരോ ഏക്കറിനും 25,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് കർഷക സംഘടനയായ തമിഴ്നാട് വ്യവസായികൾ സംഘം ആവശ്യപ്പെട്ടു.

ജലസംഭരണി നിറഞ്ഞു; ശുദ്ധജല വിതരണം ദിവസേന

തുടർച്ചയായ മഴയിൽ ജലസംഭരണികൾ നിറഞ്ഞതോടെ നഗരത്തിലെ ശുദ്ധജല വിതരണം ദിവസേനയാക്കാൻ ചെന്നൈ മെട്രോപ്പൊലിറ്റൻ വാട്ടർ സപ്ലൈ ആൻഡ് സൂവിജ് ബോർഡ് (മെട്രോ വാട്ടർ) ആലോചിക്കുന്നു. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണു വിതരണം. പ്രധാന സംഭരണികളിലെല്ലാം സംഭരണം ഉയർന്നതിനാൽ ദിവസേന വിതരണം ചെയ്യാനാവുമെന്നും ഇതു സംബന്ധിച്ച സർക്കാർ പ്രഖ്യാപനം ഉടനുണ്ടാവുമെന്നും മെട്രോ വാട്ടർ അധികൃതർ അറിയിച്ചു.

അതേസമയം, നിലവിലെ ജലവിതരണത്തിന്റെ അളവ് വർധിപ്പിക്കാൻ മെട്രോ വാട്ടർ തീരുമാനിച്ചു. 750 ദശലക്ഷം ലീറ്റർ (എംഎൽഡി)‍ ജലമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഇത് 830 എംഎൽഡി ആയി ഉയർത്തി. ചെമ്പരമ്പാക്കം സംഭരണിയിൽ നിന്നു ശുദ്ധജല ആവശ്യത്തിനായി എടുക്കുന്ന ജലത്തിന്റെ അളവ് 100 എംഎൽഡിയിൽ നിന്നു 220 എംഎൽഡിയായും വർധിപ്പിച്ചു. ചെമ്പരമ്പാക്കം ഉൾപ്പെടെ നഗരത്തിലെ ശുദ്ധജല വിതരണത്തിനുള്ള അഞ്ചു സംഭരണികളിലുമായി ഇപ്പോൾ 80% വെള്ളമുണ്ട്. 

English Summary: Farmers suffer huge loss due to Nivar Cyclone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com