ADVERTISEMENT

തിരുവനന്തപുരം∙ ബുറെവി ചുഴലിക്കാറ്റ് മാന്നാർ ഉൾക്കടലിൽ രാമനാഥപുരത്തിനു അടുത്തായി 33 മണിക്കൂറായി ‘ഒരേ നിൽപ്പ് നിൽക്കുകയാണ്’. യാതൊരു അനക്കവും ഇല്ല, ദുർബലമായി. അനക്കമുള്ളത് സമൂഹമാധ്യമങ്ങളിലാണ്, ട്രോളുകളുടെ രൂപത്തിൽ. ചുഴലിക്കാറ്റ് കേരളത്തിലെത്തി നാശനഷ്ടം ഉണ്ടാക്കാത്തതിന്റെയും കാലാവസ്ഥാ പ്രവചനങ്ങളുടെയും പേരിലാണ് ട്രോളുകൾ. ഓർക്കുക: പ്രവചനങ്ങൾ കൃത്യമായിരുന്നു, അതിന്റെ ഫലമായാണ് മുന്നൊരുക്കങ്ങൾ നടത്താൻ കഴിഞ്ഞത്. കടലിലെ കാലാവസ്ഥയിലുണ്ടായ മാറ്റവും ശ്രീലങ്കൻ കരയിൽ സ്പർശിച്ചതുമാണ് ചുഴലിയുടെ ശക്തി കുറച്ചത്.

ചുഴലി വരും ഇനിയും

മറ്റൊന്നു കൂടി കാലാവസ്ഥാ നീരീക്ഷകർ ഓർമിപ്പിക്കുന്നു. ചുഴലിക്കാറ്റ് അടിക്കാത്ത സുരക്ഷിത പ്രദേശമാണ് കേരളമെന്ന അവസ്ഥയ്ക്കും മാറ്റം വരികയാണ്. പുതിയ പഠനം അനുസരിച്ച് കേരളതീരവും ചുഴലിക്കാറ്റുകൾക്കു സാധ്യതയുള്ള പ്രദേശമാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾ തമിഴ്നാട്, ആന്ധ്ര, ഒഡീസ, ബംഗാൾ തീരത്തേക്കു പോകുകയായിരുന്നു പതിവ്.

അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേക്കും പോകും. എന്നാൽ, കേരളം ഉൾപ്പെടുന്ന പശ്ചിമതീരവും ചുഴലിക്കാറ്റ് ഭീഷണിയിലാണെന്നാണ് പുതിയ പഠനങ്ങൾ. കേരള തീരത്തെ മാറുന്ന കാലാവസ്ഥയെക്കുറിച്ച് അറിയാന്‍ 2017ൽ എത്തിയ ഓഖി ചുഴലിക്കാറ്റ് തന്നെ ഉദാഹരണം. 92 വര്‍ഷത്തിനുശേഷമാണ് കേരള തീരത്തേക്കു ഓഖിയുടെ രൂപത്തിൽ ചുഴലിക്കാറ്റെത്തുന്നത്. പിന്നാലേ 2018 ഗജ ചുഴലിക്കാറ്റെത്തി. ഈ വർഷം ബുറെവി എത്തുന്ന സാഹചര്യമുണ്ടായി.  ഇനിയും ഇതു തുടരുമെന്നും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ നീരിക്ഷകർ പറയുന്നു.

പിഴച്ചില്ല പ്രവചനം, മുന്നൊരുക്കങ്ങളും വെറുതെയല്ല

പ്രവചനങ്ങൾ പിഴച്ചതല്ല, ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയാണ് ബുറെവിയെ സംബന്ധിച്ച പ്രവചനങ്ങൾ പിഴച്ചെന്ന തോന്നലുണ്ടാക്കിയത്. സാധാരണ ശ്രീലങ്കതീരം മറികടന്നു ചുഴലിക്കാറ്റ് എത്തുന്ന പതിവില്ല. അതിനാൽതന്നെ അതുസംബന്ധിച്ച പ്രവചന ചരിത്രവും കാലാവസ്ഥാ നിരീക്ഷകരുടെ കയ്യിലില്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തേക്കാണെന്ന കൃത്യമായ പ്രവചനത്തിന്റെ ഫലമായി ജനത്തെ സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റാൻ കഴിഞ്ഞു. ശ്രീലങ്കയിലെ നാശനഷ്ടം കുറഞ്ഞു. പിന്നീട് മാന്നാർ ഉൾക്കടലിലേക്കു നീങ്ങിയ ചുഴലി തെക്കൻ തമിഴ്നാട്ടിലൂടെ കേരള തീരത്തേക്ക് എത്താനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്.

കനത്ത മഴയും പ്രവചിക്കപ്പെട്ടതോടെ ജനത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. എന്നാൽ, മാന്നാർ ഉൾക്കടലിൽ ബുറെവി ഒരേ നിൽപ്പ് നിന്നതോടെ മുൻ പ്രവചനങ്ങളെല്ലാം മാറി. അതോടെ പ്രവചനത്തെക്കുറിച്ച് ട്രോളുകളായി. നടന്ന ഒരു സംഭവം: ഇടുക്കി സ്വദേശി കാലാവസ്ഥാ പ്രവചന രംഗത്തുള്ള തന്റെ സുഹൃത്തിനെ വിളിക്കുന്നു. വാഴ കൃഷി മഴയിലും കാറ്റിലും നശിക്കുമോ എന്നാണ് അറിയേണ്ടത്. മഴയും കാറ്റും ഉണ്ടാകാനിടയുണ്ടെന്നും വാഴകളെ രക്ഷിക്കാൻ മരത്തടികൾകൊണ്ട് താങ്ങു നൽകുന്നതാണ് നല്ലതെന്നും കാലാവസ്ഥാ സുഹൃത്ത് ഉപദേശിച്ചു. സുഹൃത്ത് പണം മുടക്കി വാഴകളെ മരത്തടി കൊണ്ട് താങ്ങി. ബുറെവി വരാതായതോടെ സുഹൃത്ത് നീരസത്തിലായി. പണം വെറുതേ പോയി എന്നാണ് സങ്കടം.

‘‘എല്ലാവരുടെയും ചിന്ത മരണവും, നാശനഷ്ടവും ഉണ്ടായാലേ പ്രവചനം ശരിയാകൂ എന്നാണ്.  നിവാർ ചുഴലിക്കാറ്റ് വന്നപ്പോഴും ഇതായിരുന്നു അവസ്ഥ. നേരത്തെ മുന്നറിയിപ്പ് കൊടുത്തതുകൊണ്ടാണ് നാശനഷ്ടം കുറഞ്ഞത്. ’’–കാലാവസ്ഥാ നീരീക്ഷണ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. കാലാവസ്ഥാ പ്രവചനം വളരെ ദുഷ്കരമാണ്. വിവിധ ഏജൻസികൾ മണിക്കൂറുകളും ദിവസങ്ങളും ശാസ്ത്രീയമായി ഡേറ്റ വിശകലനം ചെയ്താണ് തീരുമാനത്തിലേക്കെത്തുന്നത്. കാലാവസ്ഥ മാറുമ്പോൾ, പ്രവചനവും മാറാം. ആനമുടി വഴി കാറ്റ് സഞ്ചരിക്കും എന്നു പറ‍ഞ്ഞാൽ ഒരു വര വരച്ചതുപോലെ അതുവഴി പോകണമെന്നില്ല. 100 മുതൽ 1000 കിലോമീറ്റർവരെ വ്യാസം ചുഴലിക്കാറ്റുകൾക്കുണ്ടാകാം.

പ്രവചനത്തിൽ അത്ര മോശമല്ല വകുപ്പ്

ഓഖി പ്രവചനത്തിൽ പരാജയപ്പെട്ടതാണ് കാലാവസ്ഥാ നിരീക്ഷണ രംഗത്തുള്ളവരെ കൂടുതൽ ജാഗരൂകരാക്കിയത്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട് ലക്ഷദ്വീപ് വഴി പോയ ഓഖി മഹാരാഷ്ട്രയിലാണ് തീരം തൊട്ടത്. കേരളത്തെ നേരിട്ടു ബാധിച്ചില്ലെങ്കിലും കടലിൽപോയ നിരവധി ജീവൻ പൊലിഞ്ഞു. ശ്രീലങ്കൻ തീരത്ത് ചുഴലിക്കാറ്റ് സാധാരണ രൂപപ്പെടാത്തത് അന്നത്തെ പ്രവചനം ദുഷ്കരമാക്കി. ഓഖി തീവ്രന്യൂനമർദമാകാമെന്നു തലേദിവസം പ്രവചനമുണ്ടായെങ്കിലും ചുഴലിക്കാറ്റാകുമെന്ന് ആരും പറഞ്ഞില്ല. രാവിലെ 11മണിക്കാണ് ചുഴലിക്കാറ്റായി എന്ന അറിയിപ്പ് ലഭിക്കുന്നത്. പലരും അതിനകം കടലിൽപോയതിനാൽ മുന്നൊരുക്കങ്ങള്‍ സാധ്യമായില്ല. അന്ന് ഇതേപോലെ പ്രവചനം നടന്നിരുന്നെങ്കിൽ നാശനഷ്ടം ഉണ്ടാകുമായിരുന്നില്ല. ഓഖിയുടെ അതേ പാതയിലാണ് ബുറെവിയും വന്നത്.

എല്ലാ രാജ്യാന്തര ഏജൻസികളും ബുറെവി കേരളം മറികടക്കുമെന്നാണ് പറഞ്ഞത്. ശ്രീലങ്കവരെ കൃത്യമായി പ്രവചിച്ചിരുന്നു. മാന്നാർ കടലിലെ സാഹചര്യം കാറ്റിന്റെ ശക്തി കുറച്ചു. ഇന്ത്യയിലേക്കുള്ള പാത പറഞ്ഞപ്പോൾ എല്ലാ ഏജൻസികൾക്കും തെറ്റി. സാധാരണ ചുഴലിക്കാറ്റുകൾ എത്താത്ത പാതയായതും പ്രവചനം ദുഷ്കരമാക്കി. 40 വർഷത്തിനിടെ നാലാമത്തെ ചുഴലിക്കാറ്റാണ് ശ്രീലങ്കയിൽ എത്തുന്നത്. അവസാനം ചുഴലിക്കാറ്റ് അടിച്ചത് 2000 ൽ ആണ്.

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതു കാരണം പ്രവചനം തെറ്റിയെന്നു പറയുന്നവർ ഇതുകൂടി അറിയണം. ഈ വർഷത്തെ നാലു ചുഴലിക്കാറ്റും കൃത്യമായി പ്രവചിക്കാൻ കാലാവസ്ഥാ വകുപ്പിനായി. രണ്ടു പ്രവചനങ്ങൾക്ക് യുഎൻ അഭിനന്ദനവും ലഭിച്ചു. വിദേശ കാലാവസ്ഥാ ഏജൻസികളുടെ അത്ര സൗകര്യം നമുക്ക് ഇപ്പോഴില്ല എന്ന കാര്യവും ഓർക്കണം.

നിരന്തരം മാറ്റങ്ങൾ വരുന്ന മേഖലയാണിത്. അമേരിക്കൻ ഏജൻസികൾ പ്രത്യേകം തയാറാക്കിയ ചെറുവിമാനങ്ങളിൽ ചുഴലിക്കാറ്റിന്‍റെ കണ്ണിലേക്കു പോയി തൽസമയ ഡേറ്റ എടുക്കാറുണ്ട്. അപ്പോൾ കൃത്യത കൂടും. ഉപഗ്രഹം, റഡാർ, സമുദ്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യൻ ഏജൻസികൾ ആശ്രയിക്കുന്നത്. ചെറിയ പിഴവുകൾ കടന്നു കൂടാനിടയുണ്ട്. എങ്കിലും അനുദിനം ഈ മേഖല പരിഷ്ക്കരിക്കപ്പെടുന്നു. 1999 ൽ ഉണ്ടായ ഒഡീസ സൂപ്പർ സൈക്ലോണിൽ 9803 പേരാണ് മരിച്ചത്. 2,75,000 വീടുകൾ നശിച്ചു. അതിനുശേഷം വലിയ ദുരന്തങ്ങൾ ഏറെക്കുറെ ഒഴിവാക്കാനായത് കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയും ഈ മേഖലയിൽ ഉണ്ടാകുന്ന വളർച്ചയുമാണ് കാണിക്കുന്നത്. 

English Summary: Cyclone Burevi - prediction, trolls and analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com