ADVERTISEMENT

ചെന്നെ∙ ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്ര ന്യൂമനർദമായി തമിഴ്നാട് തീരം കടന്നതോടെ സംസ്ഥാനത്തു പരക്കെ മഴ. 17 മരണമാണ് ആകെ റിപ്പോർട്ട് ചെയ്തത്. കന്യാകുമാരി, തൂത്തുക്കുടി, റാണിപ്പെട്ട്, കരൂർ, തെങ്കാശി, വിരുദനഗർ, നാഗപട്ടണം, കടലൂർ, തഞ്ചാവൂർ, മയിലാടുതുറൈ, പുതുക്കോട്ട, രാമനാഥപുരം, സേലം, നാമക്കൽ, കള്ളക്കുറിച്ചി, അരിയലൂർ, പെരമ്പലൂർ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട്, ചെന്നൈ, കാരയ്ക്കൽ, പുതുച്ചേരി എന്നിവിടങ്ങളിൽ ഇന്നും നാളെയും മഴ തുടരും.

വടക്കു കിഴക്കൻ കാലവർഷം ശക്തിപ്പെട്ടതായും ഡിസംബർ അവസാനം വരെ ഇടവിട്ടു മഴ ലഭിക്കുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ലക്ഷക്കണക്കിനു വീടുകളിൽ വെള്ളം കയറി. ദുരിതാശ്വാസ ക്യാംപുകളിൽ മൂന്നു ലക്ഷത്തോളം പേർ. കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തീരത്ത് എത്തിച്ചു. കനത്ത മഴയെ തുടർന്ന് വ്യാപക കൃഷിനാശമുണ്ടായി. 

മരണക്കയം വെള്ളക്കെട്ട്

തൊണ്ടയാർപെട്ടിൽ ഭൂഗർഭ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് കൂലിത്തൊഴിലാളി മരിച്ചു. വൈദ്യനാഥൻ സ്ട്രീറ്റ് നിവാസി സുരേഷ് (40) ആണ് മരിച്ചത്. ഭൂഗർഭ ലൈനിലെ തകരാർ മൂലം റോഡരികിൽ കെട്ടിക്കിടന്ന വെള്ളത്തിലേക്കു വൈദ്യുതി പ്രവഹിച്ചിരുന്നു. ഇതറിയാതെ വെള്ളത്തിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച സുരേഷ് ഷോക്കേറ്റു സംഭവ സ്ഥലത്തു മരിച്ചു. കാഞ്ചീപുരത്ത് മൂന്നു യുവതികൾ നദിയിൽ വീണ് മരിച്ചു. 

വീടിടിഞ്ഞ് മരണം

തഞ്ചാവൂരിൽ മഴയിൽ വീടുകൾ നിലംപൊത്തി മൂന്നു മരണം. എലുമിച്ചംകൈപാളയം, വടക്കൽ ഗ്രാമങ്ങളിലായി നടന്ന അപകടങ്ങളിൽ ആർ.കുപ്പുസ്വാമി (70), ഭാര്യ യശോദ (65), ശാരദാമ്പാൾ (83) എന്നിവരാണു മരിച്ചത്. തഞ്ചാവൂരിൽ അഞ്ഞൂറോളം വീടുകൾ തകർന്നു. കൂടലൂരിൽ വീട് തകർന്ന് അമ്മയും മകളും മരിച്ചു. ഷോക്കേറ്റ് രണ്ടു പേർ മരിച്ചു. 

കുഴിയിൽ എംടിസി ബസ് വീണു

അശോക് നഗർ കാമരാജർ ശാലയിൽ റോഡിൽ പൊടുന്നനെയുണ്ടായ കുഴിയിൽ എംടിസി ബസ് അകപ്പെട്ടു. ആളപായമില്ല. അണ്ണാസ്ക്വയറിലേക്കു പോയ 12ജി ബസിന്റെ പിൻചക്രങ്ങളാണ് കുഴിയിൽ അകപ്പെട്ടത്. കനത്ത മഴയെ തുടർന്നാണു റോഡ് ഇടിഞ്ഞു താണതെന്നു പൊലീസ് പറഞ്ഞു.

കേന്ദ്ര സംഘം ഇന്നെത്തും

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. നിവാർ, ബുറെവി ചുഴലിക്കാറ്റ് നാശംവിതച്ച ജില്ലകൾ സന്ദർശിക്കും. അതതു ജില്ലകളിൽ നിന്നുള്ള ഭരണകക്ഷി നേതാക്കളും, കലക്ടർമാരും കേന്ദ്ര സംഘത്തെ അനുഗമിക്കും. പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളും സംഘം സന്ദർശിക്കും. ചുഴലിക്കാറ്റുകൾ മൂലം സംസ്ഥാനത്ത് 100,000 ഏക്കർ കൃഷി നശിച്ചതായി തമിഴ്നാട് സർക്കാർ അവകാശപ്പെട്ടു. കേന്ദ്രത്തിൽ നിന്നു സഹായം ലഭ്യമാക്കി കർഷകർക്കു നഷ്ടപരിഹാരം നൽകുമെന്നു സർക്കാർ അറിയിച്ചു.

വെള്ളക്കെട്ടായി ചെന്നൈ

നീരൊഴുക്കു കൂടിയതോടെ ചെമ്പരമ്പാക്കം സംഭരണിയിൽ നിന്നു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ വൈകിട്ടോടെ സെക്കൻഡിൽ 1,000 ഘനയടിയിൽ നിന്നു 2,500 ഘനയടിയായി ഉയർത്തി. വൃഷ്ടി പ്രദേശങ്ങളിൽ മഴ ലഭിച്ചതോടെ പുഴൽ സംഭരണിയും നിറഞ്ഞു. ജലനിരപ്പ് നിലനിർത്താൻ സെക്കൻഡിൽ 500 ഘനയടി ജലം തുറന്നുവിടുന്നുണ്ടെന്ന് കോർപറേഷൻ അറിയിച്ചു. മൂന്നു ദിവസമായുള്ള തുടർമഴയിൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിലെ പ്രധാന റോഡുകളിലും വെള്ളം കയറി.

ആൾവാർപെട്ട്, വേളാച്ചേരി, കെകെ നഗർ, ഷോലിംഗനല്ലൂർ, പള്ളിക്കരണി, നന്ദനം, ആയനാവരം, പെരമ്പൂർ, പുളിയന്തോപ്പ്, ചിറ്റിലപ്പാക്കം, താംബരം, മുടിച്ചൂർ, സെമ്മഞ്ചേരി, കോവിലമ്പാക്കം, കുണ്ട്രത്തൂർ, മേഖലളിൽ വെള്ളക്കെട്ടുണ്ടായി. വീടുകളിലും കടകളിലും വെള്ളം കയറി. അപകടം ഒഴിവാക്കാൻ ഈ മേഖലകളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി തമിഴ്നാട് വൈദ്യുതി വകുപ്പ് അറിയിച്ചു. കെട്ടി നിൽക്കുന്ന ജലം ഒഴുക്കി കളയാൻ കോർപറേഷൻ നടപടി ആരംഭിച്ചു. നിവാർ ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിൽ കഴിഞ്ഞ ആഴ്ച ഇതേ മേഖലകൾ വെള്ളത്തിനടിയിലായിരുന്നു. മൂന്നു ദിവസത്തെ ശ്രമത്തിനൊടുവിലാണു വെള്ളക്കെട്ടു നീക്കിയത്.

English Summary: Cyclone Burevi: Tamil Nadu faces floods across the state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com