ADVERTISEMENT

പാലക്കാട് ∙ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിൽ ഒരിടത്തും യുഡിഎഫിനും എൽഡിഎഫിനും ബിജെപി പിന്തുണ നൽകില്ല. സംസ്ഥാനത്ത് 36 തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി അംഗങ്ങളുടെ വേ‍ാട്ട് നിർണായകമാണെങ്കിലും ഒരു സാഹചര്യത്തിലും പാർട്ടിയുടെ നിലപാടിൽ മാറ്റം വരുത്തേണ്ടെന്നാണ് സംസ്ഥാന ഭാരവാഹികളുടെ ഒ‍ാൺലൈൻ യേ‍ാഗത്തിന്റെ തീരുമാനം. 

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു സാധ്യമായ സ്ഥലത്തെല്ലാം പാർട്ടി അംഗങ്ങളും മത്സരിക്കും. വേ‍ാട്ടെടുപ്പിൽ പാർട്ടി അംഗങ്ങൾക്ക് നേതൃത്വം വിപ്പുനൽകും. ഭരണത്തിനു ബിജെപി സഹായം ആവശ്യമുള്ള മറ്റു പാർട്ടികളിലുള്ളവരും മുന്നണി സ്വതന്ത്രരും അവരുടെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്താൻ തയാറായാൽ പിന്തുണയ്ക്കുന്നത് ആലേ‍ാചിക്കും. എന്നാൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്കു ലഭിക്കണമെന്നാണ്  വ്യവസ്ഥ. ഇതുസംബന്ധിച്ച് അടുത്തദിവസം ജില്ലാ കമ്മിറ്റികൾക്ക് വിശദമായ നിർദേശം നൽകും.

പാലക്കാട്  നഗരസഭയിൽ ഭൂരിപക്ഷത്തേ‍ാടെ ഭരണതുടർച്ചയും പന്തളം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാനും സാധിച്ചതുൾപ്പെടെ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറി. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ കേ‍ാൺഗ്രസും സിപിഎമ്മും  തിരുവനന്തപുരം കേ‍ാർപറേഷനിൽ വേ‍ാട്ടുകൾ പരസ്പരം മറിച്ചുനൽകിയതായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ യേ‍ാഗത്തിൽ വിശദീകരിച്ചു. ജില്ലകളുടെ ചുമതലയുള്ള ഭാരവാഹികൾ തിരഞ്ഞെടുപ്പ് നേട്ടത്തിന്റെ പ്രാഥമിക കണക്ക് അവതരിപ്പിച്ചു. 

മധ്യതിരുവതാംകൂറിൽ യുഡിഎഫിലെ പ്രധാന നേതാക്കൾക്കു സ്വാധീനം നഷ്ടപ്പെട്ടതാണ് അവിടെ എൽഡിഎഫിന്റെ മുന്നേറ്റത്തിന് വഴിയെ‍ാരുക്കിയതെന്നു യേ‍ാഗം വിലയിരുത്തി. കടുത്ത രാഷ്ട്രീയ പ്രതിരേ‍ാധമുള്ള പ്രദേശത്തുപേ‍ാലും ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നു. കെ‍ാല്ലം, പത്തനംതിട്ട, കേ‍ാട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കേ‍ാഴിക്കേ‍ാട് ജില്ലകളിൽ വ്യക്തമായ സീറ്റ് വർധനയുണ്ടായതായും വിലയിരുത്തി. ജില്ലാഘടകങ്ങളുടെ കണക്കുകളും വിവരങ്ങളും പൂർണമായി ലഭിച്ചശേഷം അടുത്ത സംസ്ഥാനസമിതി യേ‍ാഗത്തിൽ വിശദമായ തിരഞ്ഞെടുപ്പ് അവലേ‍ാകനം നടത്തും.

English Summary : BJP says they will not support LDF or UDF, Kerala local body election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com