ADVERTISEMENT

തിരുവനന്തപുരം∙ സിസ്റ്റർ അഭയയെ തലയ്ക്കടിച്ച് കൊന്ന് കിണറ്റിലിട്ടതാണെന്ന് വിധിയിൽ വ്യക്തമാക്കി തിരുവനന്തപുരം സിബിഐ കോടതി. ഫാ. തോമസ് കോട്ടൂരിന്റെ കുറ്റസമ്മതവും അടയ്ക്കാ രാജുവിന്റെ മൊഴിയും ഇതിനു തെളിവായി കോടതി ചൂണ്ടിക്കാട്ടി. ഫാ.തോമസ് കോട്ടൂര്‍ പയസ് ടെൻത് കോൺവെന്റിലെ നിത്യസന്ദര്‍ശകനായിരുന്നു. സെഫിയുടെ സ്വഭാവം സാക്ഷിമൊഴികളില്‍ നിന്നും വൈദ്യപരിശോധനാ ഫലത്തിലും വ്യക്തമാണെന്നും വിധിയില്‍ പറയുന്നു. വൈദ്യപരിശോധനാ ഫലവും തെളിവും 229 പേജുള്ള വിധിപ്പകർപ്പിലുണ്ട്.

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്കു ജീവപര്യന്തം തടവും ആണ് വിധിച്ചത്. തടവിനു പുറമേ തോമസ് കോട്ടൂര്‍ 6.50 ലക്ഷം രൂപയും സിസ്റ്റര്‍ സെഫി 5.50 ലക്ഷം രൂപയും പിഴത്തുകയായി അടയ്ക്കണമെന്നും കോടതി വിധിച്ചു.

ശിക്ഷ ഇപ്രകാരം

ഒന്നാം പ്രതി തോമസ് കോട്ടൂരിനു കൊലപാതക കുറ്റത്തിനു ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. തെളിവു നശിപ്പിച്ചതിനു 7 വര്‍ഷം തടവും 50000 രൂപ പിഴയും. കോണ്‍വെന്‍റിലേക്ക് അതിക്രമിച്ചു കയറിയതിനു മറ്റൊരു ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. ജീവപര്യന്തം ശിക്ഷ രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. സിസ്റ്റര്‍ സെഫിക്ക് കൊലപാതക കുറ്റത്തിനു ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും, തെളിവു നശിപ്പിക്കല്‍ കുറ്റമനുസരിച്ച് 7 വര്‍ഷം തടവും 50000രൂപ പിഴയും.

വിധി കേട്ട് തോമസ് കോട്ടൂര്‍ നിര്‍വികാരനായി നിന്നപ്പോള്‍ സിസ്റ്റര്‍ സെഫിയുടെ കണ്ണുകള്‍ നിറഞ്ഞു. ബുധനാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തോമസ് കോട്ടൂരിനേയും സിസ്റ്റര്‍ സെഫിയെയും അടുത്തേക്ക് വിളിച്ച് കോടതി സംസാരിച്ചു. നിരപരാധിയാണെന്നു പറഞ്ഞ തോമസ് കോട്ടൂര്‍ അര്‍ബുദ രോഗബാധിതനാണെന്നും മരുന്നു കഴിക്കുകയാണെന്നും പെന്‍ഷന്‍ മാത്രമാണ് വരുമാനമെന്നും കോടതിയെ അറിയിച്ചു.

കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച സെഫി അസുഖ ബാധിതയാണെന്നും ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും കോടതിയോട് പറഞ്ഞു. വീട്ടിലെ ഏക ആശ്രയമാണെന്നും പെന്‍ഷന്‍ തുകയല്ലാതെ മറ്റു വരുമാന മാര്‍ഗമില്ലെന്നും കൂട്ടിച്ചേര്‍ത്തു. 15 മിനിറ്റ് കഴിഞ്ഞ് വീണ്ടും കോടതി ചേര്‍ന്നാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി തോമസ് കോട്ടൂരിനെ സെന്‍ട്രല്‍ ജയിലിലേക്കും സെഫിയെ അട്ടകുളങ്ങര വനിതാ ജയിലിലേക്കും മാറ്റി.

English Summary: Sister Abhaya case court verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com