ADVERTISEMENT

മുംബൈ∙ 'ഒരു പേരിലെന്തിരിക്കുന്നു' എന്നാണ് ഷേക്‌സ്പിയര്‍ ചോദിച്ചത്. ഏറെയുണ്ട് എന്നാവും, നഗരങ്ങളുടെ പേര് മാറ്റി രാഷ്ട്രീയലാഭം കൊയ്യുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കളുടെ മറുപടി. ഏറ്റവും ഒടുവില്‍ ഔറംഗാബാദിന്റെ പേര് മാറ്റി 'സാംബാജിനഗര്‍' എന്നാക്കുന്നതിനെ ചൊല്ലിയാണ് ഭരണസഖ്യത്തിലെ ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നത്. 

ഒരു തരത്തിലും പേര് മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമ്പോള്‍ ഏതു വിധേനയും പുനര്‍നാമകരണം ചെയ്യുമെന്നുറച്ചിരിക്കുകയാണ് ശിവസേന. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ തുടര്‍ന്നു തങ്ങളുടെ ഹിന്ദുത്വ അജണ്ട ബിജെപി ശക്തമായി ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ ശിവസേനയ്ക്ക് എന്തു വില കൊടുത്തും പേര് മാറ്റിയേ മതിയാവൂ എന്ന സാഹചര്യമാണ്.  

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ പേരിലാണ് നഗരം ഇപ്പോള്‍ ഔറംഗാബാദ് എന്ന് അറിയപ്പെടുന്നത്. എന്നാല്‍ 1689ല്‍ ഔറംഗസേബ് അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന ഛത്രപതി സാംബാജി മഹാരാജിന്റെ (ഛത്രപതി ശിവാജിയുടെ മകന്‍) സ്മരണാര്‍ഥം നഗരത്തിന്റെ പേര് സാംബാജിനഗര്‍ എന്നാക്കാനാണ് മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

നാല് മാസത്തിനുള്ളില്‍ ഔറംഗാബാദില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുനര്‍നാമകരണ വിവാദം വീണ്ടും ചൂട് പിടിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെതിരെ മേഖലയിലെ മറാത്ത വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മേഖലയിലെ ന്യൂനപക്ഷ വോട്ട് നഷ്ടമാകുമെന്ന ആശങ്കയാണ് കോണ്‍ഗ്രസിനുള്ളത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഔറംഗാബാദില്‍ ശക്തമായ സാന്നിധ്യമാകുന്നത് കോണ്‍ഗ്രസും ശിവസേനയും ആശങ്കയോടെയാണു കാണുന്നത്. ഹൈദരാബാദില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഒവൈസിയുടെ പാര്‍ട്ടി മറാത്ത്‌വാഡയിലൂടെയാണ് 2012ല്‍ മഹാരാഷ്ട്രയില്‍ ചുവടുറപ്പിച്ചത്. 2019ല്‍ സേനയുടെ ചന്ത്രകാന്ത് ഖയ്‌റിനെ തറപറ്റിച്ച് ഇംതിയാസ് ജലീല്‍ പാര്‍ലമെന്റിലെത്തിയിരുന്നു. 

ഹിന്ദുത്വ കാര്‍ഡ് കളിച്ചിരുന്ന ശിവസേനയുമായി സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിന്റെ പേരില്‍ സമ്മര്‍ദം നേരിടുന്ന കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണു ശിവസേനയുടെ നീക്കം. നഗരത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹെബ് തൊറാട്ട് പറഞ്ഞു. പൊതുമിനിമം പരിപാടിയുടെ ഭാഗമല്ലിതെന്നും പേര് മാറ്റത്തില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ലെന്നും തൊറാട്ട് പറഞ്ഞു. വികസനത്തിലാണു കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. പേര് മാറ്റുന്നതു കൊണ്ടു മാത്രം സാധാരണക്കാരന് ഒരു നേട്ടവും ഉണ്ടാകില്ലെന്നും തൊറാട്ട് പറഞ്ഞു. 

എന്നാല്‍ ശരദ് പവാറിന്റെ എന്‍സിപിയുമായും മറ്റും ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കാനാകുമെന്നാണു ശിവസേന വ്യക്തമാക്കുന്നത്. അന്തരിച്ച ശിവസേനാ തലവന്‍ ബാലാസാഹെബ് താക്കറെയാണ് ഈ ആവശ്യം ഉന്നയിച്ചത്. അദ്ദേഹം പേര് മാറ്റുകയും ചെയ്തിരുന്നു. ഇനി കടലാസ് പണികള്‍ മാത്രമാണു ബാക്കിയെന്നു സേനാ എംപി സഞ്ജയ് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ബിജെപിയെ സന്തോഷിപ്പിക്കുന്നുണ്ടെന്നും അതും മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധിപ്പിക്കുന്നതു വിഡ്ഢിത്തമാണെന്നും സേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നു. സേനയുടെ നീക്കത്തെ എതിര്‍ക്കാനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ തീരുമാനം. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണിതെന്ന് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മി പറഞ്ഞു. 

Devendra-Fadnavis-1200
ദേവേന്ദ്ര ഫഡ്‌നവിസ്

കഴിഞ്ഞ ഒക്‌ടോബര്‍ വരെ ശിവസേനയുടെ സഖ്യകക്ഷിയായിരുന്ന ബിജെപിയാകട്ടെ വിഷയത്തെ അതിസൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ശിവസേനയും കോണ്‍ഗ്രസും രാഷ്ട്രീയനാടകം കളിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. 'എല്ലാം മുന്‍കൂട്ടിയുള്ള തിരക്കഥയാണ് ഒരാള്‍ പിന്തുണയ്ക്കും ഒരാള്‍ എതിര്‍ക്കും.' - ബിജെപി എംഎല്‍എ രാം കദം പറഞ്ഞു. 1995-99 കാലത്തെ ശിവസേന-ബിജെപി സഖ്യമാണ് ആദ്യമായി ഔറംഗാബാദിന്റെ പേര് മാറ്റാനുള്ള നീക്കം ആരംഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ ശക്തമായി എതിര്‍ത്തു. അവര്‍ ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരെ എത്തിയിരുന്നു.

English Summary: Congress Vs Sena Over 3-Decade-Old Campaign To Rename Maharashtra Aurangabad City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com