ADVERTISEMENT

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങി ജസ്റ്റിസ് ബി. കെമാല്‍ പാഷ. സംസ്ഥാന സർക്കാരിനെതിരെയുള്ള സമരമുഖത്തെല്ലാം സജീവ സാന്നിധ്യമായിരുന്ന കെമാൽ പാഷ, ഇതാദ്യമായാണ് എതെങ്കിലും മുന്നണിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് രാഷട്രീയത്തിലേക്കു കടന്നുവരുന്നത്. യുഡിഎഫ് പ്രതിനിധികൾ തന്നെ സമീപിച്ചെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം മനോരമ ന്യൂസ് ഡോട്ട്കോമിനോട് വെളിപ്പെടുത്തി.

എന്തുകൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്?

രാഷ്ട്രീയമായി ഒരുതരത്തിലുള്ള പശ്ചാത്തലവും എനിക്കില്ല. കക്ഷിരാഷ്ട്രീയമായി ബന്ധമില്ല. കഴിഞ്ഞ രണ്ടുമാസമായാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിരുന്നില്ല. നിരവധി ആളുകൾ പുനലൂരിൽ ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു. എന്നാൽ പുനലൂരില്‍ മത്സരിക്കാൻ ഒരുപാട് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ആ അവസരം ഞാൻ സ്നേഹപൂർവം നിരസിച്ചു.  ഞാൻ താമസിക്കുന്നത് എറണാകുളത്താണ്. അതുകൊണ്ട് തന്നെ ഇവിടെ ഒരു സീറ്റ് ലഭിച്ചാൽ ആലോചിക്കാമെന്നും എന്നെ വന്നു കണ്ടവരെ അറിയിച്ചു.

കോൺഗ്രസ് നേതാക്കൾ സമീപിച്ചിരുന്നോ?

ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ് നേതാവ് വന്നു കണ്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. അദ്ദേഹത്തിന് അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവാൻ പാടില്ല. രാഷ്ട്രീയത്തിന് അതീതമായി എല്ലാ നേതാക്കളോടും എനിക്ക് ബന്ധമുണ്ട്, സിപിഎം ഒഴികെ. അതുകൊണ്ടാണ് അവർ എന്നെ ചീത്ത വിളിക്കുന്നത്. ഇത്രയും അഴിമതി പൊങ്ങിവന്നപ്പോൾ ഇതൊന്ന് അവസാനിപ്പിക്കണം എന്ന് കരുതിതന്നെയാണ് രാഷ്ട്രീയ പ്രവേശനത്തിൽ ഒരു തീരുമാനമെടുക്കുന്നത്. ഞാൻ ഒറ്റപ്പെട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലല്ലോ.?

എറണാകുളത്ത് തന്നെ മത്സരിക്കുമോ? അതോ മറ്റ് ഏതെങ്കിലും മണ്ഡലം മനസ്സിലുണ്ടോ?

എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത് പുനലൂരാണ്. എനിക്ക് അവിടെ നല്ല സ്വാധീനമുണ്ട് എന്നുള്ളത് വസ്തുതയാണ്. എന്നാൽ 1995–ൽ അവിടെ നിന്നു താമസം മാറിയതാണ്. എംഎൽഎ ആയാൽ എറണാകുളത്ത് നിന്നുകൊണ്ട് പുനലൂരിൽ പ്രവർത്തനം നടത്തുന്നത് സാധ്യമല്ല. അവിടുത്തെ ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ്. എന്നാൽ ദേശാടനപക്ഷിപോലെ പോകുന്നത് ശരിയല്ല. അതുകൊണ്ട് എറണാകുളത്ത് തന്നെ ഏതെങ്കിലും സീറ്റാണ് ഞാൻ ആവശ്യപ്പെട്ടത്. ഞാൻ താമസിക്കുന്നത് തൃക്കാക്കരയാണ്. തൊട്ടടുത്ത് കളമശ്ശേരിയും ഉണ്ട്. അങ്ങനെയുള്ളപ്പോൾ ഞാൻ ഇവിടെ നിന്ന് താമസം മാറേണ്ട ആവശ്യവുമില്ല. തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് എന്റെ ആവശ്യമായല്ല. ജനങ്ങളുടെ ആവശ്യമാണ്. അവർക്ക് വേണമെങ്കിൽ ഞാൻ അവരെ സേവിക്കും. എനിക്ക് സർക്കാർ ഖജനാവിൽ നിന്ന് ഒരു ചില്ലിക്കാശ് വേണ്ട. ജീവിക്കാൻ പെൻഷൻ ഉണ്ട്.

എന്തുകൊണ്ട് യുഡിഎഫ്?

കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണ്. എന്നാൽ കോൺഗ്രസുകാർ എല്ലാം സംശുദ്ധരാണെന്ന് ഞാൻ പറയുന്നില്ല. അവരുടെ ഭാഗത്ത് നിന്നും ഇതിനുമുൻപ് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞാൻ ഇടപെട്ടിട്ടുണ്ട്. എന്നാൽ ഈ സർക്കാരിന്റെ കാലത്തെ സ്വർണക്കടത്ത് പോലെ ഇത്രത്തോളം വലിയ അഴിമതി കേരളം കാണുന്നത് ആദ്യമാണ്. അതിനൊരു ചെക്ക് വയ്ക്കണമെന്നാണ് എന്റെ ആഗ്രഹം.

കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള പ്രതീക്ഷ..?

അതെല്ലാം കക്ഷി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമാണ്. എന്നെ സംബന്ധിച്ച് ജനങ്ങളിലേക്ക് അടുക്കാൻ പറ്റിയ വഴി കോൺഗ്രസിലൂടെയാണ്.

അഴിമതിയേക്കാൾ വലുത് വർഗീയതയല്ലേ..?

തീർച്ചയായും, എന്നാൽ സിപിഎം അഴിമതി നടത്തികൊണ്ടേ ഇരിക്കുന്നു. വർഗീയതയും ഒരു തരത്തിലുള്ള അഴിമതിയാണ്.

ഇടതുമുന്നണി അത്രക്ക് മോശമാണോ?

അങ്ങനെ ഒരിക്കലും ഞാൻ പറയില്ല. സിപിഐയിയുള്ള പലരുമായി എനിക്ക് അടുത്ത ബന്ധമാണ്. അവർ ഒന്നും എന്നെ തള്ളിപ്പറയില്ല. മന്ത്രി കെ.രാജു, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു ഉൾപ്പെടെയുള്ള പല നേതാക്കളുമായി നല്ല ബന്ധമുണ്ട്. എന്നാൽ സിപിഎമ്മുമായി ഒരു ബന്ധവുമില്ല. ഇത്രയ്ക്ക് അഴിമതി നിറഞ്ഞ പ്രസ്ഥാനവുമായി എനിക്ക് ഒരുകാലത്തും യോജിച്ച് പോകാനാവില്ല– അദ്ദേഹം പറഞ്ഞു.

English Summary : Justice Kemal Pasha interview on entering election politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com