ADVERTISEMENT

കൊച്ചി∙ വൈറ്റില മേൽപാലം ജനങ്ങൾ തുറന്നതിൽ തെറ്റില്ലെന്നു പറഞ്ഞ ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാരിവട്ടം മേൽപാലം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കൊച്ചിയിലെ ജനകീയ കൂട്ടായ്മയ്ക്കെതിരെയും ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെയും വിമർശനം ഉയർത്തിയത്. നീതി പീഠത്തിൽ ഉന്നത സ്ഥാനം വഹിച്ചവർ ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനം നടത്തരുത്. അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കാനാവരുത് വിമര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെയുണ്ടായാൽ അതിനോട് സഹതപിക്കാനേ നിർവാഹമുള്ളൂ. അരാചകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ പ്രോത്സാഹനം വേണ്ടത് എന്നു ചിന്തിക്കാൻ വേണ്ട വിവേകം അവർക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേൽപാലം പദ്ധതി പൂർത്തീകരണത്തിന് പലതരം പ്രതിസന്ധി നേരിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ അഭിനന്ദിച്ച മുഖ്യമന്ത്രി നിര്‍മാണ വൈദഗ്ധ്യത്തില്‍ പിഡബ്ലിയുഡി രാജ്യത്തെ മുന്‍നിര ഏജന്‍സിയാണെന്നും പറഞ്ഞു. പാലം ഉദ്ഘാടനത്തിനു മുമ്പേ തുറന്നവരെയും പിന്തുണച്ചവരെയും അദ്ദേഹം വിമർശിച്ചു. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടമാണിവരെന്നു അദ്ദേഹം പറഞ്ഞു.

വൈറ്റില മേൽപാലം ആരുടെയും വീട്ടിലെ തേങ്ങവെട്ടി നിർമിച്ചതല്ലെന്നും ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെ പാലം തുറന്നു കൊടുക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് കെമാൽ പാഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ വിലപേശലിനു വേണ്ടി ഉദ്ഘാടനം വൈകിപ്പിക്കുകയല്ല വേണ്ടത്. വൈറ്റിലയിലുണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നുംകെമാൽ പാഷ പറഞ്ഞിരുന്നു.

ഇതിനെതിരെ മന്ത്രി ജി. സുധാകരനും കഴിഞ്ഞ ദിവസം ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. ഏതൊരു ഭിക്ഷക്കാരൻ പാലത്തിൽ കയറിയാലും ഉദ്ഘാടനം നടത്താമെന്നു പറഞ്ഞതിനോടായിരുന്നു പ്രതിഷേധം. ഏതെങ്കിലും ഭിക്ഷക്കാരൻ വിധിപറഞ്ഞാൽ മതിയെന്ന് അദ്ദേഹം പറയുമോ എന്ന് ജി. സുധാകരൻ ചോദിച്ചിരുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും നാട്ടുനടപ്പുണ്ടെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. 

English Summary: Pinarayi Vijayan against Justice B Kemal Pasha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com