ADVERTISEMENT

മുംബൈ ∙ ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ടു റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമിയും മുൻ ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) മേധാവി പാർഥോ ദാസ്ഗുപ്തയും തമ്മിലുള്ളതെന്ന തരത്തിൽ പ്രചരിക്കുന്ന ചാറ്റുകളെപ്പറ്റി കേന്ദ്രം ശ്രദ്ധിക്കണമെന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയമാണിതെന്നും ദേശ്മുഖ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

ദേശസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യപദ്ധതികൾ ഇരുവരും പങ്കുവച്ചതായും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടുമെന്നും ദേശ്മുഖ് പിന്നീട് ട്വിറ്ററിൽ വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന്റെ ബാലാക്കോട്ട് ആക്രമണത്തെപ്പറ്റി അർണബിനു നേരത്തേ വിവരമുണ്ടായിരുന്നെന്നാണു ദേശീയ മാധ്യമങ്ങൾ ഇരുവരുടെയും ചാറ്റുകളെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യസുരക്ഷയെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ചു പാർട്ടി വക്താവ് സച്ചിൻ സാവന്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കോൺഗ്രസ് പ്രതിനിധി സംഘം സന്ദർശിച്ചതിനു പിന്നാലെയായിരുന്നു ദേശ്മുഖിന്റെ പരാമർശം. സംഭവത്തിൽ അർണബിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സാവന്ത് ആവശ്യപ്പെട്ടു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നു ദേശ്മുഖ് പറഞ്ഞു.

സംഭവം അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്നു കഴിഞ്ഞദിവസം ശരദ് പവാറിന്റെ നേതൃത്വത്തിൽ എൻസിപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വ്യാജ ടിആർപി (ടെലിവിഷൻ റേറ്റിങ് പോയിന്റ്) കേസിൽ പാർഥോ ദാസ്ഗുപ്ത നേരത്തേ അറസ്റ്റിലായിരുന്നു. റിപ്പബ്ലിക് ടിവിയുടെ ടിആർപിയിൽ കൃത്രിമം നടത്താൻ ദാസ്ഗുപ്തയ്ക്ക് അർണബ് കൈക്കൂലി നൽകിയെന്നു മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

English Summary: Centre should take note of Arnab Goswami’s purported chats: Anil Deshmukh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com