ADVERTISEMENT

സവോ പോളോ∙ കോവിഡ് പ്രതിരോധ വാക്സീൻ അയച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ. പ്രസിഡന്റ് ജെയ്ർ ബോൾസോനാരോ ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന ട്വീറ്റിൽ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രം ബോൾസോനാരോ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. 

ഈ പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമത്തിൽ ഇന്ത്യയെ പോലെയുള്ള മഹത്തായ രാജ്യത്തിന്റെ പിന്തുണ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ബോൾസോനാരോ കുറിച്ചു. ബ്രസീലിയൻ ഭാഷയിലാണ് ട്വീറ്റ് എങ്കിലും അഭിസംബോധന ചെയ്യാൻ ‘നമസ്കാർ’ നന്ദി പറയാൻ ‘ധന്യവാദ്’ തുടങ്ങിയ പദങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ട്വീറ്റിന്റെ ഇംഗ്ലിഷ് പരിഭാഷ മറുപടിയായി ഉൾപ്പെടുത്തുകയും ചെയ്തു. 

കോവിഡ് പ്രതിരോധത്തിൽ ബ്രസീലിനെ സഹായിക്കാൻ കഴി​ഞ്ഞതിൽ സന്തോഷമുണ്ടെന്നു  ബോൾസോനാരോയ്ക്കു മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും മോദി ട്വീറ്റ് ചെയ്തു. 

വാണിജ്യാടിസ്ഥാനത്തിൽ കോവിഡ് വാക്സീൻ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനു പിന്നാലെ രണ്ട് ദശലക്ഷം  വാക്‌സീന്‍ ഡോസുകളാണ് വെള്ളിയാഴ്ച ഇന്ത്യ ബ്രസീലിലേക്കു അയച്ചത്. യുകെ മരുന്നു നിർമാതാക്കളായ അസ്ട്രാസെനക്കയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്നു വികസിപ്പിച്ച് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സീനാണ് കയറ്റി അയച്ചത്. പല രാജ്യങ്ങളിൽനിന്നു കോവിഷീൽഡ് വാക്സീന് ഓർഡർ ലഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ വാക്സീൻ വിതരണം ആരംഭിച്ചിട്ടുമതി കയറ്റി അയയ്ക്കാൻ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജനുവരി 16ന് ഇന്ത്യയിൽ വാക്സീൻ വിതരണം ആരംഭിച്ചിരുന്നു.

കോവിഷീൽഡ് വാക്സീൻ കയറ്റി അയയ്ക്കണമെന്ന് ബ്രസീൽ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം ഡോസിന്റെ കരാറിൽ ബ്രസീൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനായി ബ്രസീൽ ഒരു വിമാനം ഇന്ത്യയിലേക്ക് അയച്ചിരുന്നുവെങ്കിലും ഇന്ത്യയിൽ വാക്സീൻ വിതരണം ആരംഭിച്ചതിനു ശേഷം മാത്രം വാക്സീൻ മറ്റു രാജ്യങ്ങളിലേക്ക് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു പ്രധാനമന്ത്രി.

English Summary: Brazil Prez Bolsonaro Equates Vaccine Export to Hanuman Carrying 'Sanjeevani'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com