ADVERTISEMENT

മുംബൈ∙ ചാനൽ റേറ്റിങ് (ടിആർപി) തട്ടിപ്പു കേസിൽ മാപ്പുസാക്ഷിയെന്ന നിലയിൽ പൊലീസിനു നൽകിയ മൊഴി മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിക്കുന്നുവെന്ന് ഹൻസ റിസർച്ചിലെ മുൻ ഉദ്യോഗസ്ഥൻ ഉമേഷ് മിശ്ര ബോംബെ ഹൈക്കോടതിയിൽ. മുംബൈ പൊലീസിന്റെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമി നൽകിയ ഹർജി തീർപ്പാക്കുന്നതിനു മുൻപ് തന്റെ വാദം കേൾക്കണമെന്ന് മിശ്ര ആവശ്യപ്പെട്ടു. 

ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിലിനു (ബാർക്) വേണ്ടി ചാനൽ റേറ്റിങ് നടത്തുന്ന ഏജൻസിയാണ് ഹൻസ റിസർച്. ചില ചാനലുകൾ മാത്രം കാണുന്നതിന് പ്രേക്ഷകർക്കു പണം കൈമാറിയെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്‌ടോബറിലാണ് മിശ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് മാപ്പുസാക്ഷിയാക്കി മജിസ്‌ട്രേട്ട് മുൻപാകെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 

ഈ മൊഴിക്കു വിരുദ്ധമായ മൊഴി നൽകാൻ ഇഡി തന്നെ നിർബന്ധിക്കുന്നു എന്നാണ് മിശ്രയുടെ പരാതി. മുംബൈ പൊലീസ് അന്വേഷിക്കുന്ന കേസിനോട് അനുബന്ധിച്ച് സാമ്പത്തിക ക്രമക്കേടു കേസ് റജിസ്റ്റർ ചെയ്താണ് ഇഡി അന്വേഷണം നടത്തുന്നത്. മിശ്രയുടെ അപേക്ഷയിൻമേലുള്ള വാദം കേൾക്കൽ അടുത്ത മാസം 12ന് നടക്കും.

ടിആർപി തട്ടിപ്പു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമമായ പിഎംഎൽഎ പ്രകാരം ഇഡി കേസെടുത്തത് അർണബിനെ സംരക്ഷിക്കാനാണെന്നാണ് ആരോപണം. ഹൻസ റിസർച് ഗ്രൂപ്പ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ബാർക് നിർദേശപ്രകാരം ചാനൽ റേറ്റിങ് കണക്കാക്കുന്നതിനുള്ള മീറ്ററുകൾ വീടുകളിൽ സ്ഥാപിക്കാൻ ചുമതലപ്പെട്ട ഏജൻസിയാണു ഹൻസ. 

English Summary: TRP case: Approver says ED forced him to change his police statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com