ADVERTISEMENT

ന്യൂഡൽഹി∙ കർഷകർക്കു മേൽ പിടിമുറുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു പിന്നാലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തിങ്കളാഴ്ച പഞ്ചാബില്‍ നിന്നും ഡല്‍ഹി വഴി മുബൈയിലേക്ക്‌ പോകേണ്ടിയിരുന്ന പഞ്ചാബ് മെയിൽ റോത്തക്കിൽ നിന്ന് റെവാഡിയിലേക്ക് വഴിതിരിച്ച് വിട്ടത് വ്യാപക പ്രതിഷേധത്തിനു കാരണമായി. 

പഞ്ചാബ് മെയിൽ വഴിതിരിച്ചു വിട്ടതോടെ കർഷകസമരത്തിൽ പങ്കെടുക്കാനായി ട്രെയിനിൽ ഡൽഹിയിലേക്കു തിരിച്ച ആയിരത്തോളം കർഷകർക്ക് സമരഭൂമിയിൽ എത്താൻ കഴിയാതെ പോയത് വ്യാപക പ്രതിഷേധത്തിനു വഴിവച്ചു. ഡൽഹിയിലേക്കുള്ള റോഡുകൾ പൊലീസ് അടയ്ക്കുകയും ദേശീയ പാതകളിൽ കൂറ്റൻ ബാരിക്കേഡുകൾ ഉയർത്തി ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതോടെയാണ് ഡൽഹിയിലെ പ്രക്ഷോഭ വേദികളിൽ എത്താൻ കർഷകർ റെയിൽ മാർഗം തിരഞ്ഞെടുത്തത്. എന്നാൽ റെയിൽ പാളത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ട്രെയിൻ വഴിതിരിച്ചു വിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. 

അതേസമയം പ്രക്ഷോഭത്തിനു വീര്യം കൂട്ടാൻ ഈ മാസം ആറിന് ഡൽഹി അടക്കം രാജ്യമെങ്ങും 3 മണിക്കൂർ റോഡ് ഉപരോധിക്കാൻ സംഘടനകൾ തീരുമാനിച്ചു. ഉച്ചയ്ക്ക് 12 മുതൽ 3 വരെ വാഹനങ്ങൾ നീങ്ങാത്ത വിധം ദേശീയപാതകളടക്കം തടയുമെന്നു കർഷകർ പ്രഖ്യാപിച്ചു. പ്രക്ഷോഭ കേന്ദ്രങ്ങളിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച സംഘടനകൾ, അതിനെതിരായി ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രക്ഷോഭം നടത്താനും തീരുമാനിച്ചു.

ഹരിയാനയിലെ പൽവലിൽ കഴിഞ്ഞ ദിവസം പൊലീസ് ഒഴിപ്പിച്ച പ്രക്ഷോഭകേന്ദ്രം കർഷകർ ഇന്നലെ തിരിച്ചുപിടിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മൂവായിരത്തോളം കർഷകർ അവിടെ നിലയുറപ്പിച്ചു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഇരുനൂറോളം ട്രാക്ടറുകളിലായി കൂടുതൽ കർഷകർ സിംഘു, തിക്രി എന്നിവിടങ്ങളിലേക്കെത്തി. കർഷക പ്രക്ഷോഭം കരുത്താർജിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് രാത്രി 11 വരെ നീട്ടി. വിലക്ക് നീക്കാതെ കേന്ദ്ര സർക്കാരുമായി ഇനി ചർച്ചയ്ക്കില്ലെന്നു സംഘടനകൾ പ്രഖ്യാപിച്ചു.

എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയെ ഉപയോഗിച്ച് കർഷകരെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കില്ലെന്നും കൃഷി നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭത്തിൽ ഉറച്ചു നിൽക്കുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിൽ കർഷക രോഷം ഭയന്ന് വൻ പൊലീസ് സന്നാഹം രംഗത്തിറങ്ങിയതോടെ ഇന്നലെ പകൽ ഡൽഹിയിൽ റോഡ് ഗതാഗതം സ്തംഭിച്ചു. 

English Summary: Punjab Mail carrying 1,000 farmers skips Delhi, railways cites ‘operational constraints’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com