ADVERTISEMENT

യാങ്കൂൺ ∙ മ്യാൻമറിൽ സൈനിക അട്ടിമറി അനിവാര്യമായിരുന്നുവെന്നു ഭരണമേറ്റെടുത്ത പട്ടാള മേധാവി മിൻ ഓങ് ലെയ്ങ്. രാജ്യത്തിന്റെ നൻമയ്ക്ക് അത്തരമൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കഴിയുമായിരുന്നില്ലെന്നു സൈന്യത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ ചൊവ്വാഴ്ച മിൻ ഓങ് ലെയ്ങ് അറിയിച്ചു. മുൻ ജനറൽ തീൻ സീനിന്റെ നേതൃത്വത്തിൽ ജനറൽമാരും മുൻ ജനറൽമാരും ഉൾപ്പെടുന്ന 11 അംഗ മന്ത്രിസഭ രൂപീകരിച്ചതായി പട്ടാള ടിവി അറിയിച്ചു.

മ്യാൻമറിലെ പട്ടാള അട്ടിമറിയെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടനയും ലോകരാജ്യങ്ങളും രംഗത്തു വന്നതിനു പിന്നാലെയാണ് പട്ടാള മേധാവിയുടെ വിശദീകരണം. മ്യാൻമറിലെ 7 ലക്ഷത്തോളം രോഹിൻഗ്യ അഭയാർഥികളുടെ കാര്യത്തിൽ യുഎൻ ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തിൽ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നിരുന്നു. തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കണമെന്നും സമാധാനപരമായി അധികാരം കൈമാറണമെന്നും രക്ഷാസമിതി അഭ്യർഥിച്ചു.

സ്ഥിതി മോശമാകാതെ പ്രശ്നപരിഹാരത്തിന് രാജ്യാന്തരസമൂഹം മുൻകൈയെടുക്കണമെന്നു മ്യാൻമറിലെ പട്ടാളവുമായും ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയുമായും നല്ല ബന്ധമുള്ള ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വെങ് വെൻബിൻ പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേക പ്രതിനിധി ക്രിസ്റ്റീൻ ഷ്റാനർ ബർഗ്നർ മ്യാൻമറിലെ പട്ടാള മേധാവിയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം രക്ഷാസമിതിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അട്ടിമറിയിലൂടെ ഭരണം പിടിച്ച പട്ടാളം യാങ്കൂണിലെ രാജ്യാന്തര വിമാനത്താവളം അടച്ചു. ദുരിതാശ്വാസ സഹായവുമായെത്തുന്നവ ഉൾപ്പെടെ എല്ലാത്തരം വിമാനങ്ങളും ഇറങ്ങുന്നതും പുറപ്പെടുന്നതും നിരോധിച്ചു. പാർലമെന്റ് അംഗങ്ങളും പ്രധാന രാഷ്ട്രീയനേതാക്കളും അവരുടെ വീടിനു പുറത്തുകടക്കാൻ പട്ടാളം അനുവദിക്കുന്നില്ല. പാർലമെന്റ് അംഗങ്ങളുടെ ഭവനസമുച്ചയത്തിനു വെളിയിൽ കനത്ത പട്ടാള കാവലുണ്ട്. നാനൂറോളം വരുന്ന പാർലമെന്റംഗങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും പരസ്പരം ബന്ധപ്പെടുന്നതിനും വിലക്കില്ല.

1200-myanmar-suu-kyi
ഓങ് സാൻ സൂ ചി (ഫയൽ ചിത്രം)

ഇന്റർനെറ്റും ഫോണും തടഞ്ഞതോടെ മണിക്കൂറുകൾക്കുളളിൽ ഓഫ്‍ലൈൻ മെസേജിങ് ആപ്പായ ബ്രിജ്ഫൈ 6 ലക്ഷത്തിലേറെ പേർ ഡൗൺലോഡ് ചെയ്തു. മെക്സിക്കോ ആസ്ഥാനമായ സ്റ്റാർട്ടപ്പായ ബ്രിജ്ഫൈ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭ സമയത്തും പ്രചാരം നേടിയിരുന്നു.

തിരഞ്ഞെടുപ്പു കമ്മിഷൻ പുനഃസംഘടിപ്പിച്ച ശേഷം ഒരു വർഷത്തിനകം വീണ്ടും തിരഞ്ഞെടുപ്പു നടത്തുമെന്നു പട്ടാള ടിവി അറിയിച്ചു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ അന്വേഷിക്കും. തലസ്ഥാനമായ നെയ്പീതോയിൽ തടവിൽ കഴിയുന്ന സൂ ചിയുടെ ആരോഗ്യനില ഭദ്രമാണെന്ന് നാഷനൽ ലീഗ് ഫോർ ഡമോക്രസിയിലെ (എൻഎൽഡി) മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സൂ ചിയും അവരുടെ ഡോക്ടർ മ്യോ ഓങ്ങും ഒരിടത്താണ് തടവിൽ കഴിയുന്നത്. ആരുമായും ബന്ധപ്പെടാൻ ഇവരെ അനുവദിക്കുന്നില്ല. സൂ ചിയെ ഉടൻ മോചിപ്പിക്കണമെന്ന് എൻഎൽഡി ആവശ്യപ്പെട്ടു.

പട്ടാള അട്ടിമറിയെ അപലപിച്ച് യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ‌ഭരണം പിടിച്ച കരസേനാ മേധാവി കൂടിയായ മിൻ ഓങ് ലെയ്ങ്ങിനെതിരെ 2019 ഡിസംബർ മുതൽ യുഎസ് ഉപരോധമുണ്ട്. രോഹിൻഗ്യ മുസ്‌ലിംകൾക്കെതിരെ 2017 ൽ സൈന്യം നടത്തിയ അതിക്രമങ്ങളുടെ പേരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘന കുറ്റങ്ങളാണു ലെയ്ങ്ങിനെതിരെയുള്ളത്.

സൂ ചിയുടെ നേതൃത്വത്തിൽ പട്ടാളഭരണത്തിനെതിരെ ദശകങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ 2011 ലാണു രാജ്യത്തു ജനാധിപത്യ മാതൃകയിലുള്ള ഭരണത്തിനു പട്ടാളനേതൃത്വം വഴങ്ങിയത്. 2008 ൽ സൈന്യം തയാറാക്കിയ ഭരണഘടന പ്രകാരം പാർലമെന്റിൽ 25% സീറ്റുകൾ പട്ടാളത്തിനാണ്. സുപ്രധാന ഭരണപദവികളും സൈന്യം കയ്യാളുന്നു.

English Summary: Coup Was "Inevitable": Myanmar Army Chief Min Aung Hlaing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com