ADVERTISEMENT

കാഠ്മണ്ഡു ∙ ചൈനീസ് വാക്‌സീന്‍ സ്വീകരിക്കാന്‍ നേപ്പാളിനുമേല്‍ ചൈന സമ്മര്‍ദം ചെലുത്തിയെന്ന രേഖകള്‍ പുറത്ത്. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയവും ചൈനീസ് എംബസിയും തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങളാണു ചോര്‍ന്നത്. ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാകുന്നതിനു മുൻപുതന്നെ വാക്‌സീന്‍ അംഗീകരിക്കാനാണു ചൈന സമ്മര്‍ദം ചെലുത്തിയതെന്നു നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ ചൈനീസ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടില്ല. ഇന്ത്യയും യുകെയും 20 ലക്ഷം വാക്‌സീന്‍ ഡോസ് നേപ്പാളിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏതു തരത്തിലാണ് ചൈനീസ് വാക്‌സീനായ സിനോവാക് നേപ്പാളിനെക്കൊണ്ടു ചൈന പെട്ടെന്ന് സ്വീകരിപ്പിച്ചതെന്നു വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണു പുറത്തുവന്നത്.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവ്‌ലിയുമായി വെള്ളിയാഴ്ച ഫോണില്‍ സംസാരിച്ചു. ആദ്യം വാക്‌സീന്‍ അംഗീകരിക്കുക, പിന്നീട് വാക്‌സീന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാം എന്നാണ് വിദേശകാര്യമന്ത്രി അറിയിച്ചത്. ആവശ്യമുള്ള രേഖകള്‍ പിന്നാലെ നല്‍കും, അടിയന്തരമായി വാക്‌സീന്‍ എടുത്തു തുടങ്ങുകയെന്ന കത്തും ചൈനീസ് എംബസി നേപ്പാളിന് അയച്ചിരുന്നു.

അല്ലെങ്കില്‍ വാക്‌സീനു വേണ്ടി നേപ്പാള്‍ ഏറെ സമയം കാത്തിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കിയത്. ഈ കത്തും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് എംബസി ഇതു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നേപ്പാള്‍ അധികൃതര്‍ ഇക്കാര്യം ശരിവച്ചു. ചൈനീസ് വാക്‌സീന്റെ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും നേപ്പാള്‍ ആശങ്ക അറിയിച്ചിരുന്നു. എത്രയും പെട്ടെന്ന് വാക്‌സീന്‍ കൊണ്ടുപോകണമെന്നായിരുന്നു മറുപടി.

നിയമപരമായ രേഖകള്‍ പിന്നീട് എത്തിക്കുമെന്നാണ് ചൈന അറിയിച്ചത്. വാക്‌സീന്‍ നല്‍കുന്ന കമ്പനി ആവശ്യമുള്ള രേഖകള്‍ നല്‍കിയിട്ടില്ലെന്ന് കാട്ടി നേപ്പാള്‍ സര്‍ക്കാര്‍ ചൈനീസ് എംബസിക്കു കത്തു നല്‍കിയിരുന്നു. പി ആന്‍ഡ് ജി ഹോള്‍ഡിങ്‌സ്, ഹോസ്‌പൈസ് എന്റര്‍പ്രൈസ് എന്നീ ചൈനീസ് കമ്പനികളാണ് നേപ്പാളില്‍ വാക്‌സീന്‍ വിതരണത്തിന് അനുമതി തേടിയിരുന്നത്.

ഇതില്‍ ഏതു കമ്പനിയാണ് ഔദ്യോഗികമെന്ന് അറിയിക്കണമെന്നു നേപ്പാള്‍ ആവശ്യപ്പെട്ടു. വാക്‌സീന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും കമ്പനിയുമായി ബന്ധപ്പെട്ട് കുറച്ചു ഡോസുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് കൊണ്ടുപോകണം എന്നുമായിരുന്നു മറുപടി. ഇപ്പോഴത്തെ ബാച്ച് സ്വീകരിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ക്കു നല്‍കുമെന്നും പിന്നീടു ലഭിക്കാന്‍ വൈകുമെന്നുമുള്ള മുന്നറിയിപ്പുമുണ്ടായി.

എത്രയും പെട്ടെന്ന് വാക്‌സീന് അംഗീകാരം നല്‍കി ഉപയോഗിച്ചു തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. നേപ്പാളിന് മൂന്നു ലക്ഷം ഡോസ് വാക്‌സീന്‍ നല്‍കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇപ്പോഴത് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. സിനോവാക് വാക്‌സീന് 50.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് ബ്രസീലില്‍ നടത്തിയ മൂന്നാംവട്ട ട്രയലില്‍ കണ്ടെത്തിയത്.

English Summary:China pressured Nepal to accept its Covid vaccine: Leaked documents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com