ADVERTISEMENT

ൽഹിയിൽ, സിപിഐയുടെ കേന്ദ്ര ഓഫിസായ അജോയ്ഭവനിൽ കയറിയപ്പോൾ പഴയ ടൈപ്പ് റൈറ്റർ കണ്ട കാര്യം പ്രമുഖ പത്രപ്രവർത്തകൻ എഴുതിയിട്ടുണ്ട്. ആ പാർട്ടിയുടെ അവസ്ഥയുടെ പ്രതീകമാണ് കാലഹരണപ്പെട്ട ടൈപ്പ്റൈറ്റർ എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. അങ്ങനെ കാലം കഴിഞ്ഞു പോകുമെന്നു കരുതിയപ്പോഴാണ് ഇളക്കിമറിച്ചുകൊണ്ട് കനയ്യകുമാർ എന്ന വിദ്യാർഥി കടന്നുവന്നത്.

സിപിഐക്ക് ഒരു പൊൻമുത്ത് കിട്ടിയ പോലെയായി. മറ്റു പല പാർട്ടികളും അസൂയപ്പെട്ടു. എന്നാൽ പാർട്ടിയിലെ ‘മുതിർന്ന നേതാക്കൾക്ക്’ അതത്ര ഇഷ്ടമായില്ല എന്നുവേണം കരുതാൻ. ദേശീയ കൗൺസിലിലും എക്സിക്യൂട്ടീവിലും അംഗമാക്കിയെന്നതു ശരിതന്നെ. ബഗുസരായി ലോക്സഭാ മണ്ഡലത്തിലും മത്സരിപ്പിച്ചു. എങ്കിലും കനയ്യയുടെ ജനപ്രീതിയുമായി തട്ടിച്ചുനോക്കുമ്പോൾ അതൊന്നും പോരാ എന്ന് അണികൾ പറയുന്നു.

ഹൈദരാബാദിൽ ജനുവരി 31ന് സമാപിച്ച ദേശീയ കൗൺസിൽ കനയ്യയെ സെൻഷ്വർ ചെയ്യാൻ തീരുമാനിച്ചതാണ് ഏറ്റവും ഒടുവിൽ നടന്നത്. ബിഹാറിൽ നടന്ന ചില അസ്വാരസ്യങ്ങളുടെ പേരിലാണ് അത്. ഇതുപക്ഷേ ഒറ്റപ്പെട്ട സംഭവമല്ല. കനയ്യയുടെ പ്രഭാവം കുറച്ചെടുക്കാനായി പണിപ്പെടുന്ന ചിലർ ഉണ്ടെന്ന കാര്യം പാർട്ടിക്കുള്ളിലും ചർച്ചയാണ്.

∙ ചട്ടപ്പടി പാർട്ടി

സി.അച്യുതമേനോനും എം.എൻ.ഗോവിന്ദൻ നായരും ഒക്കെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാവുമ്പോൾ 40 കളുടെ തുടക്കമായിരുന്നു അവരുടെ പ്രായം. സി.കെ.ചന്ദ്രപ്പനും കാനം രാജേന്ദ്രനും മുപ്പതുകളിൽതന്നെ കേന്ദ്രനേതൃത്വത്തിലേക്ക് എത്തി. എന്നാൽ പ്രായം അറുപതു കഴിയാതെ മുഖ്യ ചുമതലകളിലേക്ക് എത്തില്ല എന്നുവന്നതോടെ ഇരു കമ്യൂണിസ്റ്റു പാർട്ടികളുടെയും നേതൃത്വം ക്രമേണ നരച്ചുപോയി.

വൃദ്ധ നേതൃത്വം എങ്ങനെയാണ് കമ്യൂണിസ്റ്റു പാർട്ടികളെ ചട്ടപ്പടി പ്രവർത്തനങ്ങളിലേക്കു നയിച്ച് തളർത്തുന്നതെന്നത് ഏറെക്കാലമായി ഇടതു സർക്കിളുകളിൽ ചർച്ചാവിഷയമാണ്. പാർട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് യുവാക്കളുടെ പിന്തുണയുമായി കനയ്യകുമാർ വന്നത് അന്നുതന്നെ ചൂടും പുകയും സൃഷ്ടിച്ചിരുന്നു.

PTI12_8_2017_000117B
കനയ്യ കുമാർ

പാവപ്പെട്ടവന്റെ ഭാഷയും കൂടെ നൃത്തവും പാട്ടും. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ. മുതിർന്ന നേതൃത്വം നെറ്റിചുളിച്ചു. പാർട്ടിക്ക് പുനർജീവൻ നൽകാൻ കഴിയുന്ന കനയ്യകുമാറിനെ കൂട്ടിലടയ്ക്കാൻ ശ്രമങ്ങൾ നടന്നുവെന്നാണ് ഒരുവിഭാഗം പരാതിപ്പെടുന്നത്. ചെറുപ്പം അയോഗ്യതയായി!

∙ മര്യാദ പഠിപ്പിക്കൽ

ഡിസംബറിൽ പാർട്ടി ശക്തികേന്ദ്രമായ ബഗുസരായ് ജില്ലയിലെ പാർട്ടി കൗൺസിൽ യോഗവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദം. പാർട്ടി ഓഫിസിൽ എത്തിയപ്പോഴാണ് യോഗം മാറ്റിവച്ച കാര്യം കനയ്യ അറിയുന്നത്. ഇത് കനയ്യയുടെ അനുയായികളെ പ്രകോപിതരാക്കിയത്രേ. ഇതു അച്ചടക്ക ലംഘനത്തിലേക്ക് വഴിതെളിച്ചു. സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് കനയ്യ പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ വ്യക്തമാക്കി.

kanhaiya-kumar-07
കനയ്യ കുമാർ

എന്നിട്ടും നാഷനൽ കൗൺസിൽ യോഗം കനയ്യയെ സെൻഷ്വർ ചെയ്തു. എന്നാൽ ഇക്കാര്യത്തെപ്പറ്റി സംസാരിക്കാൻ മുതിർന്ന നേതാക്കളൊന്നും സന്നദ്ധരായില്ല. പാർട്ടിയിൽതന്നെയുള്ള രണ്ടഭിപ്രായമാണ് ഇതിന് കാരണമെന്നാണ് സൂചന. ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടമായിക്കൊണ്ടിരുന്ന പാർട്ടിയെ ഊർജസ്വലനാക്കിയ വ്യക്തിയാണ് കനയ്യ (34). എത്രയോ ദശകങ്ങൾക്കുശേഷം ലഭിച്ച മികച്ച യുവനേതാവ്. കനയ്യയെ ഒതുക്കുന്നത് പാർട്ടിയെ, പ്രത്യേകിച്ച് ബിഹാറിൽ ഇനിയും ക്ഷീണിപ്പിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

∙ നേതൃത്വം മത്സരിച്ചപ്പോൾ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐ –എംഎൽ പാർട്ടി നേട്ടമുണ്ടാക്കിയത് യുവാക്കളെ രംഗത്തിറക്കിയായിരുന്നു. പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ ‘ഐസ’യുടെ നേതാക്കളായിരുന്നു മത്സരിച്ചവരിൽ പലരും. മനോജ് മൻജിൽ, അജിത് കുശവാഹ, അമർജിത് കുശവാഹ, സന്ദീപ് സൗരവ് എന്നിവർ ഐസയുടെ നേതാക്കളാണ്.

സന്ദീപ് സൗരവ് മുൻ ജെഎൻയു ജനറൽ സെക്രട്ടറിയുമാണ്. എന്നാൽ ജെഎൻയുവിലെ ഏറ്റവും പ്രശസ്ത നേതാവായ കനയ്യകുമാർ മത്സരിച്ചില്ല. എഐഎസ്എഫ് നേതാക്കളായ 14 പേർ പത്രിക നൽകിയത് സിപിഐയിൽ വലിയ വിവാദമായി. ഇവരെ പിന്തിരിപ്പിച്ച ശേഷം മത്സരിച്ചത് പാർട്ടി സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡെയും അവ്ധേശ്കുമാർ റായിയും അടക്കമുള്ള മുതിർന്ന നേതാക്കളായിരുന്നു.

ഇതിൽ രാംനരേഷ് പാണ്ഡെ രണ്ടുതവണയും അവ്ധേശ്കുമാർ മൂന്നുതവണയും നേരത്തേ വിജയിച്ചവരാണ്. ചെറുപ്പക്കാർക്കു പകരം ഇവർ രംഗത്തിറങ്ങി. ഇരുവരും തോറ്റു. രാം രത്തൻ സിങ്, സൂര്യകാന്ത് പാസ്വാൻ എന്നീ പാർട്ടി സ്ഥാനാർഥികളാകട്ടെ നേരത്തെ മത്സരിച്ച് തോറ്റവരാണ്. ആറു സീറ്റിൽ മത്സരിച്ച് രണ്ടിടത്തു മാത്രമാണ് പാർട്ടി ജയിച്ചത്. എന്നാൽ യുവാക്കളെ ഇറക്കിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.

∙ ബിഹാറിലെ കഥ

1970 കളിൽ സിപിഐയുടെ സുനിൽ മുഖർജി ആയിരുന്നു ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവ്. ശക്തമായ പാർട്ടി ആയിരുന്നു ബിഹാറിലേത്. മണ്ഡൽ സമയത്ത് ലാലു അതിന്റെ ക്രെഡിറ്റ് കൊണ്ടുപോയതോടെ പാർട്ടി ക്ഷീണിച്ചു. പിന്നീട് ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് കനയ്യ വരുന്നത്. പൗരത്വനിയമത്തിന് എതിരായ സമരത്തിന് ബിഹാറിൽ നേതൃത്വം നൽകുക വഴി കനയ്യ രാജ്യമെങ്ങും ശ്രദ്ധാകേന്ദ്രമായി.

തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റു കിട്ടിയില്ല. പാർട്ടിയിലെ യുവതലമുറയെ നിരാശരാക്കിയ സംഭവം ആയിരുന്നു അത്. ഇത് അവരിൽ അമർഷം സൃഷ്ടിച്ചു. കനയ്യയുടെ പേരിൽ ഉണ്ടാകുന്ന ചില്ലറ പൊട്ടിത്തെറികൾക്കു പിന്നിലുള്ള കാരണം ഇതാണ്. ദേശീയ രാഷ്ട്രീയത്തിൽ പിടിച്ചുകയറാനുള്ള അവസാന പിടിവള്ളിയാണ് കനയ്യ. പാർട്ടിയിലെ അധികാരശ്രേണിയുടെ മഹത്വം പറഞ്ഞിരുന്നാൽ ‘ഈ ബസും’ നഷ്ടമാകാനാണു സാധ്യത.

English Summary: Rucks over Kanhaiya Kumar in CPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com