ADVERTISEMENT

ന്യൂഡൽഹി ∙ വഴിയറിയാത്ത ഏതു നാട്ടിലൂടെയും പോകാനുള്ള വഴികാട്ടി എന്നാണു ഗൂഗിൾ മാപ്പിന് ഉപയോക്താക്കൾ നൽകുന്ന വിശേഷണം; ചിലപ്പോൾ വഴിതെറ്റിക്കുമെന്ന ചീത്തപ്പേരുമുണ്ട്. പകരം വയ്ക്കാനാവാത്ത സേവനമാണ് എന്നതിൽ തർക്കമില്ല. ഗൂഗിൾ മാപ്‌സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇതിനായി ഐഎസ്ആർഒയും നാവിഗേഷൻ ദാതാവായ മാപ്‌മൈഇന്ത്യയും കൈകോർക്കുകയാണ്.

ഇന്ത്യൻ നിർമിത മാപ്പിങ് പോർട്ടൽ, ജിയോസ്പേഷ്യൽ സേവനങ്ങൾ എന്നിവയ്ക്കായി ഐഎസ്ആർഒയുമായി ഒരുമിക്കുകയാണെന്നു മാപ്‌മൈഇന്ത്യ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ പറഞ്ഞു. ‘ഈ സഹകരണം ആത്മനിർഭർ ഭാരതിനെ ഉത്തേജിപ്പിക്കും. ഭാവിയിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇവിടെ നിർമിച്ച ആപ്പിനെ ആശ്രയിക്കാം, വിദേശത്തു രൂപകൽപന ചെയ്തതിന്റെ സേവനം തേടേണ്ടതില്ല. ഇനി ഗൂഗിൾ മാപ്സ് / എർത്ത് എന്നിവയുടെ ആവശ്യമില്ല’– ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വർമ അഭിപ്രായപ്പെട്ടു.

മാപ്‌മൈഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ജിയോസ്പേഷ്യൽ ടെക്‌നോളജി കമ്പനി സിഇ ഇൻഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ഐഎസ്ആർഒ ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ധാരണാപത്രം ഒപ്പിട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഐഎസ്ആർഒ ഇതിനകംതന്നെ നാവിക് (ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം – ഐആർ‌എൻ‌എസ്എസ്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംയോജിത പങ്കാളിത്തത്തിലൂടെ മാപ്‌മൈഇന്ത്യയും ഐഎസ്ആർഒയും പരസ്പരം സേവനങ്ങളും സാങ്കേതികവിദ്യകളും കൈമാറും.

English Summary: ISRO and MapmyIndia collaborate to bring India made rival to Google Maps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com