ADVERTISEMENT

ന്യൂഡല്‍ഹി∙ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഞായറാഴ്ച മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ മണ്ണും സിമന്റും അടിഞ്ഞ എന്‍ടിപിസിയുടെ തപോവന്‍-വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം ആറാം ദിവസവും തുടരുന്നു.

തുരങ്കത്തില്‍ 35 പേരെങ്കിലും ഇപ്പോഴും അകപ്പെട്ടുകിടക്കുകയാണെന്നാണു നിഗമനം. ടണലില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ മാറ്റി ഉള്ളില്‍ കടക്കുന്നതിനു പകരം അവിശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്ന് അകത്ത് കടക്കാനുള്ള ശ്രമമാണു നടത്തുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ദ്വാരമുണ്ടാക്കി ടണലിനുള്ളിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്തുവിടാനുള്ള ശ്രമവും നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

ദിവസങ്ങളോളം ശ്രമിച്ചിട്ടും രണ്ടര കിലോമീറ്ററുള്ള ടണലിന്റെ കവാടത്തില്‍നിന്ന് കുറച്ചു ദൂരം മാത്രം മുന്നേറാനേ സേനാംഗങ്ങള്‍ക്കു കഴിഞ്ഞിരുന്നുള്ളു. പത്ത് അടിയോളം ഉയരത്തില്‍ അടിഞ്ഞുകൂടിയ സിമന്റും ചെളിയും നീക്കുക ഏറെ ശ്രമകരമാണ്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദേശീയ ദുരന്ത നിവാരണ സംഘം, സൈന്യം എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡിആര്‍ഡിഒ വിദഗ്ധരെയും സ്ഥലത്തെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്നലെ ഋഷിഗംഗയില്‍ നേരിയതോതില്‍ ജലനിരപ്പുയര്‍ന്നതോടെ ഉച്ചയ്ക്കു 2.30 മുതല്‍ 4 വരെ തപോവനിലെ പ്രധാനതുരങ്കത്തിലും റേനി ഗ്രാമത്തിലും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. രണ്ടു മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇതുവരെ 36 മൃതദേഹങ്ങളാണു കണ്ടെടുത്തത്. ഇനി 169 പേരെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

English Summary: On Day 6, Rescuers Step Up Drilling Through Rubble In Uttarakhand Tunnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com