ADVERTISEMENT

രാഷ്ട്രീയത്തോടും സമരങ്ങളോടും മുഖം തിരിച്ചിട്ടും മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈസ്‌കൂളിലെ പ്രധാന അധ്യാപിക കെ.സി. റോസക്കുട്ടി രാഷ്ട്രീയ പ്രവർത്തകയും പിന്നെ എംഎൽഎയുമായ കഥ ടീച്ചർ തന്നെ പറയും:

‘പുൽപള്ളി വെടിവയ്പുണ്ടാകുമ്പോൾ കെ.കെ. രാമചന്ദ്രൻ മാസ്‌റ്ററാണ് സ്‌ഥലം എംഎൽഎ. ആഭ്യന്തരമന്ത്രി വയലാർ രവിയും. സമരത്തിനെതിരായിരുന്നു എംഎൽഎ. കോളജിനായി പൊരുതിയ കുടിയേറ്റക്കാർക്ക് അദ്ദേഹത്തിന്റെ സഹായമൊന്നും ലഭിച്ചില്ല. വെടിവയ്‌പിനെയും രൂക്ഷമായ പൊലീസ് ആക്രമണത്തെയും ന്യായീകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അന്നത്തെ വയനാട് എസ്പി സോമരാജനും പൊലീസിന് അനുകൂലമായി മാത്രം ഇടപെട്ടു. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ആഭ്യന്തര മന്ത്രിക്കു മുന്നിൽ ജനങ്ങൾക്കുവേണ്ടി ഞാൻ കരുത്തോടെ നിന്നു. ‘അറസ്റ്റു ചെയ്യാൻ നിങ്ങൾ വിട്ട പൊലീസ് തന്തയ്ക്കു പിറന്നവനായതുകൊണ്ട് ഞാനിപ്പോഴും ജീവനോടെയുണ്ട്’ എന്നു പറഞ്ഞത് മന്ത്രി പ്രതികരിക്കാതെ കേട്ടു നിന്നു. സമ്മർദം ശക്തമായതോടെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവായി.’

കെ. കരുണാകരൻ ഭരിക്കുമ്പോഴുണ്ടായ പുൽപള്ളി സമരത്തിന് രാഷ്ട്രീയമായി യാതൊരു സഹായവും കിട്ടാതെ വന്നതോടെ ഇവിടെയുള്ള ജനങ്ങൾക്കു വേണ്ടി സ്വയം പ്രാപ്തയാകണമെന്നു തീരുമാനിക്കുകയായിരുന്നെന്ന് ടീച്ചർ പറയുന്നു. ‘ഇത് ജീവിതത്തെ വഴി തിരിച്ചു വിട്ടു. ഇതേ വർഷമാണ് ഇന്ദിരാ ഗാന്ധി മരിക്കുന്നത്. പിന്നാലെ തിരഞ്ഞെടുപ്പു വന്നപ്പോൾ പുൽപള്ളി സംഭവം തിരിച്ചടിയാകരുതെന്നു പാർട്ടിക്കു തോന്നി. ഇതിനിടെ, ഈ വിഷയത്തിൽ സ്കൂൾ ഗ്രൗണ്ടിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു. പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ അന്നത്തെ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ വൈസ് ചെയർമാനാക്കി പാർട്ടിയിലേക്കു കൊണ്ടുവന്നു. സർക്കാരിനോടു ദേഷ്യമുണ്ടായിരുന്നെങ്കിലും കുടുംബപരമായി കോൺഗ്രസ് പാർട്ടിക്കാരാണ്. പാർട്ടിയെ എന്നും സ്നേഹിച്ചു. ക്ഷണം സ്വീകരിച്ച് 1984 ൽ അടിയോടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി. പഞ്ചായത്തുകൾ തോറും കയറിയിറങ്ങി പ്രസംഗിച്ചു.

1987 ൽ രാജീവ് ഗാന്ധി പഞ്ചായത്ത് രാജിന്റെ പ്രാഥമിക ചർച്ച തുടങ്ങിയപ്പോൾ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഒരാളെന്ന നിലയിൽ ഡൽഹി വിജ്‍ഞാൻ ഭവനിൽ വിളിച്ചു ചേർത്ത വനിതാ സമ്മേളനത്തിലേക്ക് ക്ഷണിച്ചു. സൗത്ത് ഇന്ത്യയിൽനിന്ന് ആരുമില്ലേ എന്ന രാജീവ് ഗാന്ധിയുടെ ചോദ്യം അവസരമായി കണ്ട് മുന്നോട്ടു ചെന്നു സംസാരിച്ചു. മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജയന്തി പട്നായിക് കാണണമെന്നു പറഞ്ഞു. അന്ന് വനിതാ കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. 1987 ൽ പഴശിരാജ കോളജ് ചെയർമാൻ ടി.യു. ജേക്കബ് കോൺഗ്രസ് റിബലായി മൽസരിച്ചു. 1983ലുണ്ടായ തിക്താനുഭവത്തിന്റെ പ്രതികരണമായിരുന്നു അത്. അദ്ദേഹത്തിന്റെ നിലപാടിനോട് യോജിക്കുന്നുണ്ടെങ്കിലും സ്വന്തം പാർട്ടിക്കെതിരെ പ്രവർത്തിക്കാനാകാത്തതിനാൽ പിന്തുണച്ചില്ല. അദ്ദേഹത്തിന് എതിരെ പ്രവർത്തിക്കാനും മുതിർന്നില്ല. പകരം, ഇവിടുത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റെവിടെയെങ്കിലുമുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിന് നിയോഗിക്കണമെന്ന് കെപിസിസിയെ അറിയിച്ചു. പാർട്ടി അത് അംഗീകരിച്ച് പേരാവൂർ, ഇരിക്കൂർ, തിരുവമ്പാടി എന്നിവിടങ്ങളിലെ പ്രചാരണത്തിന്റെ ചുമതല നൽകി.

1200-rosa-kutty-rajiv
കെ.സി. റോസക്കുട്ടി രാജീവ് ഗാന്ധിയ്ക്കൊപ്പം

1990 ൽ പനമരം ജില്ലാ കൗൺസിലിലേക്കു മൽസരിച്ചു, പക്ഷേ തോറ്റുപോയി. പുതിയൊരാളെ അംഗീകരിക്കാനുള്ള മനസ്സില്ലായ്മയിൽ മനപ്പൂർവം തോൽപിച്ചതാണെന്നാണ് കരുതുന്നത്. ഇതു പ്രതീക്ഷിച്ചിരുന്നതുമാണ്. ഇക്കാര്യം എ.കെ. ആന്റണിയെ അറിയിച്ചപ്പോൾ, മൽസരിക്കണമെന്നും പിന്നീട് ഒരു സീറ്റു നൽകുന്ന സാഹചര്യമുണ്ടായാൽ ഇതു തടസ്സമാകരുത് എന്നും പറഞ്ഞ് മൽസരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ പ്രവർത്തന സൗകര്യാർഥം ബത്തേരി അസംഷൻ സ്കൂളിന്റെ ഹെഡ്മിസ്ട്രസായി ട്രാൻസ്ഫർ വാങ്ങിയിരുന്നു. പിന്നീടാണ് 1991ൽ ബത്തേരിയിൽനിന്നു നിയമസഭയിലേക്കു സീറ്റു ലഭിക്കുന്നത്. മൽസരിച്ചു ജയിച്ചെങ്കിലും രാഷ്ട്രീയ മാറ്റത്തിൽ ആന്റണി വിഭാഗത്തിനൊപ്പം നിന്നതിനാൽ കരുണാകരൻ പക്ഷത്തിനു വിരോധമായി. പ്രവർത്തന മികവുകൊണ്ട് എന്നെ ആർക്കും തോൽപിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിശ്വാസം. എംഎൽഎ ആയിരിക്കെ തന്നെ പാർട്ടി മികച്ച സ്ഥാനങ്ങൾ നൽകി. ബില്ലുകളും പ്രമേയങ്ങളും അവതരിപ്പിക്കുന്ന കമ്മിറ്റിയുടെ ചെയർമാനായിരുന്നു. ഇക്കാലത്താണ് നിയമ ബിരുദത്തിന്റെ അനിവാര്യത ബോധ്യപ്പെടുന്നത്. 

പിന്നീടു വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും തോറ്റു. അത് ഒരു അവസരമായി കണ്ട് നിയമ ബിരുദം പഠിക്കാൻ തീരുമാനിച്ചു. തോൽവിക്ക് പല കാരണങ്ങളുണ്ടായിരുന്നു. അതന്വേഷിച്ച തെന്നല ബാലകൃഷ്ണപിള്ള കമ്മിഷന്റെ റിപ്പോർട്ടനുസരിച്ച് പലർക്കും സസ്പെൻഷനുണ്ടായി. പക്ഷേ അവർക്കെതിരെ പ്രവർത്തിക്കാനോ പകരം വീട്ടാനോ നിൽക്കുന്നില്ലെന്നു തീരുമാനിച്ചു. എന്നോടൊപ്പം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായ ഒരുപാടു പേരെ വഴിയിൽ ഉപേക്ഷിച്ച് വീണ്ടും ഹെഡ്മിസ്ട്രസായി സ്കൂളിൽ തിരികെ പ്രവേശിക്കുന്നില്ലെന്നും തീരുമാനിച്ചു. ഇതോടെ മൂന്നു കൊല്ലത്തെ ദീർഘകാല അവധിയെടുത്ത് മാണ്ഡ്യ ലോ കോളജിൽ ചേർന്നു. മൂന്നു വർഷംകൊണ്ട് ബിരുദം പൂർത്തിയാക്കി. തുടർന്ന് ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. പഠനകാലത്തും രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചു.’

1200-pulpally
പുൽപള്ളിയിലെ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മലഞ്ചരക്കു വ്യാപാരി വർഗീസിന്റെ സഹോദരൻ ബെന്നി വാവിട്ടു കരയുന്നു (ഇടത്ത്). വരിക്കമാക്കിൽ ചാക്കോയുടെ വീടിന്റെ വാതിൽ പൊലീസ് കോടാലി കൊണ്ട് വെട്ടിപ്പൊളിച്ച നിലയിൽ. വെടിവയ്പിന്റെ അടുത്ത ദിവസം മനോരമ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ.

‘ഞങ്ങൾ കോളജിൽ പഠിക്കുന്ന കാലം മുതലേ പരസ്പരം അറിയുന്നവർ അല്ലായിരുന്നെങ്കിൽ ഇദ്ദേഹമൊക്കെ എന്നേ എപ്പോഴേ ഉപേക്ഷിച്ചു പോകുമായിരുന്നു.’ ഭർത്താവിനെ ചൂണ്ടിയാണ് ടീച്ചർ ഇതു പറയുന്നത്. ടീച്ചർക്കെതിരെ നിയമസഭാ സമ്മേളന കാലത്ത് പ്രചരിച്ച ഒരു കത്തു സൂചിപ്പിച്ചാണ് ഈ വാക്കുകൾ. ‘കെ.കെ. രാമചന്ദ്രൻ എംഎൽഎയും സംഘവുമായിരുന്നു ആ കത്തിനു പിന്നിലെന്നാണ് ഒപ്പമുള്ളവർ പറയുന്നത്. 91 ലെ തിരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരിയിൽ നിന്ന് ജയിക്കില്ലെന്നായിരുന്നു അദ്ദേഹവും സംഘവും പ്രതീക്ഷിച്ചിരുന്നത്. അസംബ്ലിയിലും മികച്ച പ്രകടനം കാഴ്‌ച വച്ചു തുടങ്ങിയപ്പോൾ ഒതുക്കുകയായിരുന്നു ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. സഹപ്രവർത്തകർക്കും മാധ്യമങ്ങൾക്കും മുന്നിൽ എന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു കത്തു ചമച്ചവരുടെ ലക്ഷ്യം. ഒരു ബുധനാഴ്‌ചയാണ് തിരുവനന്തപുരത്ത് കത്ത് പ്രചരിക്കുന്നത്. 139 എംഎൽഎമാർക്കും ലഭിച്ച കത്തിന്റെ ഒരു കോപ്പി ഭർത്താവിനും ലഭിച്ചു. വ്യാഴാഴ്‌ചയാണ് ഇതേപ്പറ്റി അറിയുന്നത്. കത്തുവായിച്ച് തളർന്നുപോയി. അടുത്ത ദിവസം സഭയുണ്ടെങ്കിലും പങ്കെടുത്തില്ല. വീട്ടിലേക്കു മടങ്ങി. തിരിച്ചെത്തിയതിന് അദ്ദേഹം സ്നേഹത്തോടെ വഴക്കു പറഞ്ഞു. തന്നെ തളർത്തുകയാണ് അവരുടെ ലക്ഷ്യം, രാജിവയ്പിക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് കൗശലം പിടികിട്ടിയത്. ഇതോടെ കൂടുതൽ കരുത്തോടെ സഭയിലും രാഷ്ട്രീയത്തിലും സജീവമായി.’ ബത്തേരിയിലും നിലമ്പൂരുമെല്ലാം ഹോമിയോ ഡോക്‌ടറായി പ്രവർത്തിച്ചിരുന്ന കെ.ജെ. ജോസഫാണ് ടീച്ചറുടെ ഭർത്താവ്. ഇപ്പോഴും പൊതു പ്രവർത്തനത്തിന് മുഴുവൻ പിന്തുണയുമായി അദ്ദേഹം ഒപ്പമുണ്ട്. 

1200-rajiv-gandhi-rosakutty
കെ.സി. റോസക്കുട്ടി രാജീവ് ഗാന്ധിയ്ക്കൊപ്പം

‘പഠിക്കുന്ന കാലത്തും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിരുന്നു. പിന്നീട് മൂന്നു തവണ കെപിസിസി ജനറൽ സെക്രട്ടറിയായി. ഇക്കാലത്തെല്ലാം ഒറ്റയ്ക്ക് യാത്ര ചെയ്യും. തൃശൂർ, പാലക്കാട് ജില്ലകളുടെ ചുമതലയുള്ളപ്പോൾ പുരുഷൻമാർക്കൊപ്പം പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. കഴിവിന്റെ പരമാവധി സംതൃപ്തയായി പ്രവർത്തിച്ചു. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചു. അപ്പോഴാണ് പരാജയകാലത്ത് എടുത്ത നിയമബിരുദം പൊതു പ്രവർത്തനത്തിന് എത്രത്തോളം ഉപകാരമാണ് എന്നു മനസ്സിലാക്കാനായത്. വനിതാ കമ്മിഷൻ അധ്യക്ഷയായപ്പോൾ എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമാണ്. ഈ രണ്ടു സ്ഥാനവും രാജിവച്ച് പാർട്ടിയെ ഏൽപിച്ചു.’ വനിതാ കമ്മിഷൻ ചെയർപഴ്സൻ എന്ന സ്ഥാനത്തിരിക്കുമ്പോൾ സാധുക്കളായ സ്ത്രീകൾക്ക് തന്റെയടുത്തു വരാൻ മറ്റ് അധികാരങ്ങൾ ഒരു വിലങ്ങാകരുത് എന്നു ചിന്തിച്ചതുകൊണ്ടായിരുന്നു അതെന്ന് റോസക്കുട്ടി ടീച്ചർ പറയുന്നു. 

വനിതാ കമ്മിഷൻ അംഗമായിരിക്കെ നടത്തിയ രണ്ട് ഡിഎൻഎ പരിശോധനകളുടെ കഥ – നാളെ

English Summary: Memories of Ex MLA KC Rosakutty, Part 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com