ADVERTISEMENT

സിഡ്‌നി∙ ഫെയ്‌സ്ബുക്കുമായി തുടരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ വിശദമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു ലോകനേതാക്കളില്‍നിന്നു തങ്ങള്‍ക്കു കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായും വിഷയം ചര്‍ച്ച ചെയ്തു. ഭീഷണിയുടെ രീതി മാറ്റി ഫെയ്‌സ്ബുക് ചര്‍ച്ചയ്ക്കു തയാറാകണമെന്നും മോറിസണ്‍ പറഞ്ഞു. 

രാജ്യത്തെ വാര്‍ത്താമാധ്യമങ്ങളില്‍ നിന്നുള്ള ലിങ്കുകളോ വാര്‍ത്താസംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ മാധ്യമസ്ഥാപനങ്ങള്‍ക്കു പ്രതിഫലം നല്‍കണം എന്ന് ഓസ്‌ട്രേലിയ നിയമം പാസാക്കാനൊരുങ്ങുന്നതാണ് വിവാദങ്ങള്‍ക്കു തുടക്കം. പുതിയ നിയമത്തെ വാര്‍ത്താബഹിഷ്‌കരണത്തിലൂടെ ഫെയ്‌സ്ബുക് നേരിട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. ഓസ്‌ട്രേലിയയിലെ മാധ്യമങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ഇനി അനുമതി നല്‍കില്ലെന്നു ഫെയ്‌സ്ബുക് വ്യക്തമാക്കിയതോടെ സര്‍ക്കാരും ഫെയ്‌സ്ബുക്കും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായി. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരും ഫെയ്‌സ്ബുക്കും തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. നിയമം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായി വെള്ളിയാഴ്ച ധനമന്ത്രി സംസാരിച്ചു. ഫെയ്‌സ്ബുക്കിന്റെ പരാതികള്‍ കേട്ട് പരിഹാരമാര്‍ഗം കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു. 

ഗൂഗിളും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള കമ്പനികള്‍ മാധ്യമവാര്‍ത്തകള്‍ സേര്‍ച് ഫലങ്ങളിലും ന്യൂസ് ഫീഡുകളിലും നല്‍കി വലിയ തുക പരസ്യവരുമാനമായി നേടുന്ന സാഹചര്യത്തിലാണ് വാര്‍ത്തകള്‍ക്കു പ്രതിഫലം നല്‍കണമെന്നു ഓസ്‌ട്രേലിയ നിയമം പാസാക്കിയത്. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ സമാന നടപടികള്‍ നേരത്തേ ആരംഭിച്ചെങ്കിലും ലോകത്താദ്യമായി ഇത്തരമൊരു നിയമം പാസാക്കുന്നത് ഓസ്‌ട്രേലിയയാണ്. ഓസ്‌ട്രേലിയ പാസാക്കിയ നിയമപ്രകാരം രാജ്യത്തെ വാര്‍ത്താമാധ്യമങ്ങളില്‍ നിന്നുള്ള ലിങ്കുകളോ വാര്‍ത്താസംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ മാധ്യമസ്ഥാപനങ്ങള്‍ക്കു പ്രതിഫലം നല്‍കണം. 

നിയമം പാസാക്കിയതിനു പിന്നാലെ വിവിധ മാധ്യമങ്ങളുടെ ഫെയ്‌സ്ബുക് പേജുകളില്‍നിന്ന് ഫെയ്‌സ്ബുക് തന്നെ ഇന്നലെ വാര്‍ത്തകള്‍ തുടച്ചുനീക്കി. സര്‍ക്കാര്‍ അറിയിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്ത നടപടിയില്‍ അധികൃതര്‍ അതൃപ്തി രേഖപ്പെടുത്തി. 

ഇതേസമയം, നിയമത്തിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ സേര്‍ച് എന്‍ജിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഗൂഗിള്‍ ഇന്നലെ റുപര്‍ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷനുമായും സെവന്‍ വെസ്റ്റ് മീഡിയയുമായും ധാരണയിലെത്തി. ഇതനുസരിച്ച് നിശ്ചിത പ്രതിഫലം നല്‍കി ഈ മാധ്യമങ്ങളില്‍നിന്നുള്ള വാര്‍ത്തകളുടെ ചുരുക്കവും ലിങ്കുകളും ഗൂഗിള്‍ സേര്‍ച് ഫലങ്ങളില്‍ ലഭ്യമാക്കും.

English Summary: Discussed Situation With PM Modi, Says Australian PM Amid Facebook Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com