ADVERTISEMENT

കൊച്ചി∙ പാലക്കാട് കഞ്ചിക്കോടുനിന്ന് ഇന്നു രാവിലെ കണ്ടെയ്നർ ലോറി കെഎസ്ആർടിസി ബസിലും സ്വകാര്യ ബസിലും ഇടിച്ച് അപകടമുണ്ടാക്കിയ വാർത്ത വരുന്നത് കേരളം വിറങ്ങലിച്ചു നിന്ന അവിനാശി അപകടം നടന്ന് ഒരു വർഷം പൂർത്തിയാകുന്ന അതേ ദിവസം. 2020 ഫെബ്രുവരി 20നായിരുന്നു ബെംഗളുരുവിൽ നിന്നു പുറപ്പെട്ട കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്നർ ലോറി ഡിവൈഡർ കടന്ന് ഇടിച്ചുകയറി മറിഞ്ഞത്. സമാനമായ അപകടത്തിലേക്കാണ് ഇന്ന് കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്ന കണ്ടെയ്നർ ലോറി ഇടിച്ചു കയറിയത് എന്നത് യാദൃശ്ചികമാണ്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത് എന്നതു മാത്രം ആശ്വാസം.

ബ്രേക്ക് ചെയ്യുംമുമ്പ് ഇടിച്ചു കയറിയ മരണവണ്ടി

അവിനാശിയിൽ കണ്ടെയ്നർ ലോറി കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടം (ഫയൽ ചിത്രം)
അവിനാശിയിൽ കണ്ടെയ്നർ ലോറി കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടം (ഫയൽ ചിത്രം)

തമിഴ്നാട് തിരുപ്പൂരിനടുത്ത് അവിനാശിയിൽ കെഎസ്ആർടിസിയുടെ ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 2020 ൽ ഉണ്ടായ അപകടത്തിൽ മലയാളികളായ 19 പേരാണ് മരിച്ചത്. 20 പേർക്ക് പരുക്കേറ്റു. ബസിന്റെ ഡ്രൈവറും കണ്ടക്ടറും മരിച്ചിരുന്നു. ബ്രേക്ക് ചെയ്യുന്നത് ചിന്തിക്കാൻ പോലും ഡ്രൈവർക്ക് അവസരം കിട്ടുന്നതിനു മുമ്പ് മരണം വന്ന് ഇടിച്ചു കയറുകയായിരുന്നെന്ന് അന്ന് ബസിൽ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂർ സ്വദേശി രാമചന്ദ്രമേനോൻ ഓർക്കുന്നത്. അന്ന് അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന്റെ പിന്നിൽ നിന്നു മൂന്നാമത്തെ സീറ്റിലായിരുന്നു രാമചന്ദ്രമേനോൻ ഇരുന്നിരുന്നത്. പിന്നിലെ സീറ്റുകളിൽ ഇരുന്നവർക്കും പരുക്കേറ്റിരുന്നതായും അദ്ദേഹം പറയുന്നു.

കേരളത്തിലെ പൊതുഗതാഗത ബസ് സർവീസിന്റെ ജന്മദിനം കൂടിയാണ് ഫെബ്രുവരി 20. കേരളത്തിന്റെ പൊതുഗതാഗത ബസ് സർവീസ് നിരത്തിലിറങ്ങിയിട്ട് ഇന്ന് 83 വയസ് പൂർത്തിയാകുകയാണ്. 1938 ഫെബ്രുവരി 20നാണ് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്, ‘ദ് സ്റ്റേറ്റ് മോട്ടോർ സർവീസി’ന് തുടക്കം കുറിക്കുന്നത്. മഹാരാജാവും ബന്ധുക്കളും യാത്ര ചെയ്തുകൊണ്ടായിരുന്നു ആദ്യ യാത്രയുടെ ഉദ്ഘാടനം.

മനസിൽ നിലയ്ക്കാത്ത നിലവിളി ഓർമ: എറണകുളം ഡിടിഒ

താജുദീൻ
താജുദ്ദീൻ

തന്റെ സർവീസ് ദിനങ്ങളിലെ ഏറ്റവും മോശമായ ഓർമ ദിവസങ്ങളിലൊന്നാണ് ഒരുവർഷം മുമ്പു നടന്ന അവിനാശി അപകടമെന്ന് എറണാകുളം ഡിടിഒ താജുദീൻ മനോരമ ഓൺലൈനോടു പറഞ്ഞു. ഫെബ്രുവരി 20, ജീവിതത്തിൽ ഒരിക്കലും ആവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന ദിവസം! മനസു പതറാതെ രണ്ടു ദിവസം എല്ലാത്തിനും എല്ലാവർക്കും ഒപ്പം നിൽക്കാൻ കഴിഞ്ഞത് പടച്ചവൻ തന്ന ബലത്തിലായിരുന്നു. എറണാകുളം കെഎസ്ആർടിസി ഡിടിഒ വി.എം. താജുദീൻ ദുരന്ത ദിവസത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെ:

രാവിലെ നാലരയ്ക്കാണ് അപകടവിവരം അറിയുന്നത്. പാലക്കാട് ഡിപ്പോയിൽനിന്നായിരുന്നു വിളി. സംശയമെന്ന രീതിയിലായിരുന്നു അറിയിപ്പ്. ഗൗരവമാണു സംഗതിയെന്ന് ഒരിക്കലും കരുതിയില്ല. പക്ഷെ, രാവിലെ ആറുമണിക്കു വന്ന ഫോൺ വിളിയിൽ കാര്യങ്ങൾ ഏതാണ്ടു വ്യക്തമായിരുന്നു. ഉടനെ എംഡി എം.പി. ദിനേശിനെ വിളിച്ചു സ്ഥലത്തേക്കു പുറപ്പെടുകയാണെന്ന് അറിയിച്ചു. അപകടം ഗുരുതരമാണെന്ന വിവരം അദ്ദേഹത്തിനും ഇതിനകം ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്നു പുറപ്പെട്ടോളാൻ അനുമതിയും നൽകി. ഈ സമയം തന്നെ ചാനലുകളും വാർത്ത ബ്രേക്ക് ചെയ്ത് തുടങ്ങിയിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ എം.ടി. സുകുമാരൻ, അസിസ്റ്റന്റ് വർക്സ് മാനേജർ ഹരികുമാർ എന്നിവർക്കൊപ്പം ജീപ്പിലായിരുന്നു യാത്ര.

അവിനാശിയിൽ കണ്ടെയ്നർ ലോറി കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടം (ഫയൽ ചിത്രം)
അവിനാശിയിൽ കണ്ടെയ്നർ ലോറി കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടം (ഫയൽ ചിത്രം)

11 മണിക്കാണ് അപകട സ്ഥലത്ത് എത്തുന്നത്. പക്ഷേ ഇതിനകം പാലക്കാട് ഡിടിഒ ഉബൈദ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായി. ഒപ്പം പാലക്കാട്ടെ ഇൻസ്പെക്ടർമാരും. പിന്നാലെ മന്ത്രി സുനിൽകുമാർ, ഷാഫി പറമ്പിൽ എംഎൽഎ, പാലക്കാട് ജില്ലാ കലക്ടർ, എസ്പി, മന്ത്രി ശശീന്ദ്രൻ, കെഎസ്ആർടിസി എംഡി തുടങ്ങി തമിഴ്നാട് കലക്ടറും പൊലീസുമെല്ലാം സ്ഥലത്തെത്തി. യൂണിയൻ നേതാക്കളും അവിടുത്തെ പാർട്ടി പ്രവർത്തകരുമായി കോഓർഡിനേറ്റ് ചെയ്ത് രംഗത്തിറങ്ങിയതും കാര്യങ്ങൾ സുഗമമാക്കി.

അവിടെ എത്തുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായിരുന്നു. യുദ്ധഭൂമിയിലെന്നപോലെ രക്തവും മാംസക്കഷണങ്ങളും മനസിൽനിന്നു മായാത്ത കാഴ്ചയായി. സഹപ്രവർത്തകർക്കെന്ന പോലെ യാത്ര ചെയ്തവർക്കും സംഭവിച്ച ദുരന്തം ചില്ലറയൊന്നുമല്ല മനസിനെ അലട്ടിയത്. മരിച്ചവരെ തിരിച്ചറിയാൻ എത്തിയവരോട് എന്തു പറയുമെന്നറിയാതെ പലപ്പോഴും കുഴങ്ങി. പ്രിയപ്പെട്ടവർക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന പ്രാർഥനയോടെയാണു യാത്രക്കാരുടെ ബന്ധുക്കൾ സ്ഥലത്തേക്കു വരുന്നത്. കണ്ണുകളിൽ ബന്ധുക്കളെ തിരയുന്നതിനിടെ പെട്ടെന്ന് ഒരു നിമിഷം അരുതാത്തതു സംഭവിച്ചു എന്നു തിരിച്ചറിയുമ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ. ആരോഗ്യത്തോടെയിരിക്കുന്നവരെ കാണുന്നവരുടെ ആഹ്ലാദം.

19 പേരുടെ മൃതദേഹം ഓരോന്നായി കണ്ടതാണ്. ഇതൊക്കെ ജീവിതത്തിലെ വലിയൊരു അനുഭവമാണെന്നാണു തിരിച്ചറിവ്. കെഎസ്ആർടിസി ജീവനക്കാരുടെ മാത്രമല്ല, ബസിൽ യാത്ര ചെയ്തിരുന്ന ഓരോ യാത്രക്കാരന്റെയും മൃതദേഹം കൊണ്ടു പോകുമ്പോൾ അവിടെയുണ്ടായിരുന്ന ഞങ്ങൾ ഓരോരുത്തരുടെ നെഞ്ചിൽനിന്നു വലിയ നിലവിളി ഉയരുന്നുണ്ടായിരുന്നു. അവസാന മൃതദേഹവും പോസ്റ്റ്മോർട്ടം കഴിഞ്ഞാണ് അവിടെനിന്നു മടങ്ങിയത്. ബസിൽ യാത്ര ചെയ്ത യാത്രക്കാരെയൊക്കെയും ഞങ്ങൾ സ്വന്തക്കാരായാണു കണ്ടത്. ഉന്നത ഉദ്യോഗസ്ഥർക്കൊപ്പംനിന്ന് പരമാവധി കുറ്റങ്ങളില്ലാതെ സാഹചര്യം കൈകാര്യം ചെയ്യാൻ സാധിച്ചു. ഏറ്റവും മിടുക്കൻമാരായ, ഉത്തരവാദിത്തത്തോടെ മാത്രം യാത്രക്കാരോടും സ്ഥാപനത്തോടും പെരുമാറിയിരുന്ന രണ്ടു പേർ. സ്വന്തം വാഹനം പോലെ ബസ് പരിപാലിച്ചിരുന്ന രണ്ടു പേരെയാണ് അന്നു നഷ്ടമായത്. അന്ന് അപകടം നടന്ന് അവിടേക്കു പാഞ്ഞെത്തിയതും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തി നാട്ടിലെത്തിക്കാൻ പ്രയാസപ്പെട്ടതുമെല്ലാം മരിച്ചാലും മരിക്കാത്ത ഓർമകളാണ്. ഇനി അങ്ങനെ ഒരു അപകടം ഉണ്ടാവാതിരിക്കണമെന്നാണ് പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞു.

ജീവതത്തിലേക്കു സീറ്റുമാറിയ ആൻമേരി

ആൻമേരി
ആൻമേരി

അപകടമുണ്ടായ ബസിൽ യാത്ര ചെയ്യുന്നതിനിടെ ജീവിതത്തിലേക്കു സീറ്റുമാറിയിരുന്ന ഒരു വിദ്യാർഥിനിയുണ്ട്. കോലഞ്ചേരി തിരുവാണിയൂർ സ്വദേശിനി 21കാരിയായ ആൻമേരി. ഡ്രൈവറുടെ സീറ്റിന്റെ തൊട്ടു പിന്നിലാണ് ആൻമേരി സീറ്റ് ബുക്കു ചെയ്തത്. യാത്ര തുടങ്ങിയ ശേഷം ഡ്രൈവർമാരിൽ ഒരാളായ ബൈജു ലേഡീസ് സീറ്റു വേണോ എന്ന് ചോദിച്ച് ഇടതു വശത്ത് മധ്യഭാഗത്തുള്ള മറ്റൊരു സീറ്റിലേക്കു മാറ്റിയിരുത്തി. അതുകൊണ്ടു മാത്രം ജീവിതത്തിലേക്കു തിരിച്ചെത്തി. തന്നെ മാറ്റിയിരുത്തിയ ഡ്രൈവർ ബൈജുവും താനിരുന്ന സീറ്റിലിരുന്നയാളുമെല്ലാം മരണത്തിലേക്കു യാത്രയായത് ആശുപത്രിക്കിടക്കയിലും ആൻമേരിയുടെ വേദനയായിരുന്നു.

പീനിയയിൽ നിന്നു കയറി പുലർച്ചെ രണ്ടര വരെ ഉറങ്ങിയിരുന്നില്ല. പിന്നെ എപ്പോഴോ ഉറങ്ങി, അപകടമുണ്ടായപ്പോൾ ഞെട്ടി ഉണർന്നെങ്കിലും മറ്റൊരു സീറ്റിലിരുന്ന ചേച്ചി തന്റെ അടുത്തുള്ള ഗ്ലാസ് പൊട്ടി പുറത്തേക്കു തെറിച്ചു വീഴുന്നത് കണ്ടു. ആ പൊട്ടിയ ഗ്ലാസിലൂടെ തന്നെ പിന്നാലെ വന്ന ബസിലുണ്ടായിരുന്നവർ പുറത്തേക്കെടുത്തു. കൺമുൻപിൽ ജീവനുകൾ പിടയുന്നതുകണ്ട ഭീതിയിലായിരുന്നു. തൊട്ടു പിന്നാലെയെത്തിയ അങ്കമാലി ബസിൽ ആരോ കയറ്റിവിട്ടതുകൊണ്ട് സുരക്ഷിതമായി നാട്ടിലെത്തി അന്ന് ആശുപത്രിയിൽ അഡ്മിറ്റാകുകയായിരുന്നു ആൻമേരി.

അവിനാശിയിൽ കണ്ടെയ്നർ ലോറി കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടം (ഫയൽ ചിത്രം)
അവിനാശിയിൽ കണ്ടെയ്നർ ലോറി കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടം (ഫയൽ ചിത്രം)

എറണാകുളം ഏരമംഗലം മാത്യൂവിന്റെ മകൻ എംസി മാത്യൂ (30), ബെംഗളൂരു സ്വദേശി മണികണ്ഠന്റെ മകൾ മാനസി മണികണ്ഠൻ (20), എറണാകുളം ഏരമംഗലം ഗോകുലിന്റെ മകൾ ഗോപിക (25), എറണാകുളം ഏരമംഗലം അശ്വിന്റെ ഭാര്യ ഐശ്വര്യ (24), തൃശൂർ കൊള്ളനൂർ വീട്ടിൽ കെ.വി. അനു (25), തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ മുഹമ്മദ് അലിയുടെ മകൻ നസീഫ് മുഹമ്മദാലി (24), തൃശൂർ വളപ്പിൽ പുരനായി വളപ്പിൽ മണികണ്ഠന്റെ മകൻ ഹനീഷ് (25), തുറവൂർ മൂപ്പൻകവല കിടങ്ങൻ വീട്ടിൽ ഷാജുവിന്റെ മകൻ ജിൻസ് മോൻ ഷാജു (24), പാലക്കാട് തിരുവേഗപ്പുറ കൊണ്ടപ്പുറത്ത് കളത്തിൽ ശശിധരന്റെ മകൻ രാകേഷ് (25), കണ്ണൂർ പയ്യന്നൂർ സ്വദേശി സനൂപ്(30), തൃശൂർ അരിമ്പൂർ സ്വദേശി കെ.ഡി. യേശുദാസ്(38), തൃശൂർ ബാലുവിന്റെ മകൻ ജോഫി സി. പോൾ (30), പാലക്കാട് ശാന്തികോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോസിലി (61), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ റാഫേലിന്റെ മകൻ ഇഗ്നി റാഫേൽ (39), ഡ്രൈവർ എറണാകുളം പെരുമ്പാവൂർ പുല്ലുവഴി വളവന്നത്ത് വീട്ടിൽ വി.ഡി. ഗിരീഷ് (43), ഡ്രൈവർ അരകുന്നം വള്ളത്തിൽ രാജന്റെ മകൻ വി.ആർ. ബൈജു (47), പാലക്കാട് ഒറ്റപ്പാലം മംഗലാംകുന്ന് ഉദയ നിവാസിൽ പൊൻകൃഷ്ണന്റെ മകൻ ശിവകുമാർ (35), കർണാടകയിൽ താമസിക്കുന്ന തൃശൂർ സ്വദേശി മേലയ്ക്കൽ കിരൺ കുമാർ (33), എറണാകുളം സ്വദേശി പി.ശിവശങ്കരൻ(40) എന്നിവരാണ് അന്ന് അപകടത്തിൽ മരിച്ചത്.

അവിനാശി ദുരന്തത്തിന് ഒരു വര്‍ഷം തികയുന്ന ഇന്ന് അപകടത്തിൽ വിട്ടുപോയ പ്രിയപ്പെട്ടവരുടെ, യാത്രക്കാരുടെ ഓർമയ്ക്കു മുന്നിൽ എറണാകുളം കെഎസ്ആർടിസി ജീവനക്കാർ ഒത്തുകൂടുന്നുണ്ട്.

English Summary: KSRTC bus accident on the anniversary day of Avinashi Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com