ADVERTISEMENT

രണ്ടു മാസത്തിനിടയിലുള്ള ഏറ്റവും വലിയ വീഴ്ചയോടെയാണ് കഴിഞ്ഞ വാരം ഇന്ത്യൻ വിപണി വ്യാപാരം ആരംഭിച്ചത്. രാജ്യാന്തര വിപണി പിന്തുണയിൽ പിന്നീടുള്ള മൂന്നു ദിവസവും മുന്നേറ്റം നേടി. ബോണ്ട്‍ യീൽ‍ഡ് വർധനവിനെ തുടർന്ന് അമേരിക്കൻ വിപണിയിലുണ്ടായ വീഴ്ചയെ തുടർന്ന് വീണ്ടും ഇടിവിലാണ് വെള്ളിയാഴ്ച ഇന്ത്യൻ സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്. ജിഡിപി കണക്കുകളെക്കുറിച്ചുള്ള ആശങ്കകളും ഉയരുന്ന കോവിഡ് കണക്കുകളും യുദ്ധസന്നാഹങ്ങളും വെള്ളിയാഴ്ചത്തെ വീഴ്ചയുടെ ആക്കം കൂട്ടി. വിപണിയിലെ വരുന്നയാഴ്ചയിലെ പ്രതീക്ഷകളും സാധ്യതകളുടെ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ. 

നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സാങ്കേതിക പിഴവു മൂലം വ്യാപാരം തടസപ്പെട്ട ബുധനാഴ്ച 28,00 കൊടിയിൽപരം രൂപയുടെ അധിക നിക്ഷേപം ഇന്ത്യൻ വിപണിയിൽ നടത്തിയ വിദേശ നിക്ഷേപകർ വെള്ളിയായ്ഴ്ച 8000 കോടിയിലധികം രൂപ പിൻവലിച്ചതാണ് രണ്ടു ദിവസങ്ങളിലെയും വൻ തോതിലുള്ള വിപണി ചലനങ്ങൾക്ക് ആധാരമായത്. അമേരിക്കൻ ഫണ്ടുകളുടെ വിപണി മർദനങ്ങൾ കൺസോളിഡേറ്റ് ചെയ്യുന്ന ഇന്ത്യൻ വിപണിയിൽ ഇനിയും വൻതിരയിളക്കങ്ങൾ ഉണ്ടാക്കിയേക്കാം. പരിഭ്രാന്തി ചെറുകിട നിക്ഷേപകരുടെ പണം കവരുമെന്ന കാര്യം മറക്കാതിരിക്കാം. വെളിയാഴ്ച 3.76% വീണ നിഫ്റ്റി 14,488 വരെ തിരുത്തപ്പെട്ട ശേഷം 14,529 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 14,440 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ  നിഫ്റ്റി 14,200 വരെയും പോയേക്കാം. 15,100 പോയിന്റിലെ റെസിസ്റ്റൻസ് മറികടക്കാനായാൽ മാത്രമേ നിഫ്റ്റിക്ക് ഇനി മുന്നേറ്റ സാധ്യതയുള്ളൂ. 

വാറൻ ബഫറ്റ്‌ & അമേരിക്കൻ ബോണ്ട് യീൽഡ് 

വാറൻ ബഫറ്റ്‌ ആപ്പിൾ വിൽപനയിലൂടെ തുടങ്ങി വച്ച മുൻ നിര ഓഹരി വിൽപന റീടെയ്ൽ നിക്ഷേപകർ ഏറ്റെടുത്തതും അമേരിക്കൻ ടെക് ഭീമന്മാരുടെ അധികവില മൂല്യത്തിനൊത്തതല്ലെന്ന ധാരണ നിക്ഷേപകർക്കിടയിൽ ശക്തമായതും ട്രഷറി വരുമാനത്തിലുണ്ടായ വളർച്ചയും കഴിഞ്ഞ വാരം അമേരിക്കൻ ഓഹരി വിപണിയിൽ തിരുത്തലിനു കാരണമായി. അതേസമയം, ഫെഡ് ചെയർമാൻ ജെറോം പവലിന്റെ സെനറ്റ് ബാങ്കിങ് കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചകളിലെ  അനുകൂല പ്രസ്താവനകൾ അമേരിക്കൻ വിപണിയുടെ തിരിച്ചു വരവിനു വഴിവച്ചു. 

അമേരിക്കൻ സ്റ്റിമുലസ്  

ആഴ്ചകൾ നീണ്ട വാദപ്രതി വാദങ്ങൾക്കൊടുവിൽ ജോ ബൈഡന്റെ 1.9 ട്രില്യൺ ഡോളറിന്റെ അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് ഹൗസ് ഓഫ് റെപ്രെസെന്റീവ്സിൽ ഇന്നലെ പാസാക്കപ്പെട്ടതു ലോക വിപണിക്ക് ആവേശമായി മാറും. ദശ ലക്ഷക്കണക്കിനു തൊഴിൽരഹിതരായ അമേരിക്കക്കാർക്ക് അനുകൂല്യമെത്തിക്കുന്ന സ്റ്റിമുലസ് ബിൽ അമേരിക്കൻ വിപണിക്കും പ്രധാനമാണ്.

ഡെമോക്രാറ്റുകൾക്ക് 50% പ്രാതിനിധ്യമുള്ള സെനറ്റിലാണ് സ്റ്റിമുലസ് പാക്കേജ് യഥാർഥ പരീക്ഷണം നേരിടുക. ആവശ്യമായ തിരുത്തലുകളോടെ  സെനറ്റിൽ പാസാക്കിയ ശേഷം ജോബ്‌ലെസ് ബെനിഫിറ്റുകൾ അവസാനിക്കുന്ന മാർച്ച് പതിനാലിന് ബിൽ, ബൈഡന്റെ ടേബിളിലെത്തിക്കാനാണ് പദ്ധതി. ഇനി ലോക വിപണി രണ്ടാഴ്ചക്കാലം സ്റ്റിമുലസ് ബില്ലിന് പിന്നാലെ പായുമെന്ന് കരുതുന്നു.

ഇന്ത്യൻ ജിഡിപി 

കഴിഞ്ഞ പാദത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനം മുൻവർഷത്തിലെ മൂന്നാം പാദത്തിൽ നിന്ന് 0.4% വളർച്ച രേഖപ്പെടുത്തി ഇന്ത്യൻ ഇക്കണോമിയെ ടെക്‌നിക്കൽ റിസഷനിൽ നിന്നു പുറത്തെത്തിച്ചത് വിപണിക്ക് ആശ്വാസമായി. ഒന്നും, രണ്ടും പാദങ്ങളിൽ വളർച്ചാശോഷണം രേഖപ്പെടുത്തിയ ശേഷം ഇന്ത്യൻ വ്യവസായിക മുന്നേറ്റത്തിന്റെ പിന്തുണയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിൽനിന്നു കരകയറിയത് വിദേശനിക്ഷേപങ്ങളെ ഇന്ത്യയിൽതന്നെ പിടിച്ചുനിർത്തിയേക്കാമെന്നത് വിപണിയുടെ ഗതി നിർണയിക്കും.

നടപ്പുവർഷത്തിലെ ജിഡിപി വളർച്ചാശോഷണം എട്ടു ശതമാനത്തിൽതന്നെ പിടിച്ചു നിർത്താൻ സാധിക്കുന്നതും ഇന്ത്യൻ വിപണിക്ക് മറ്റു എമേർജിങ് വിപണികളുടെ മേൽ പ്രാമുഖ്യം നൽകിയേക്കും. വരും പാദങ്ങളിൽ ഇന്ത്യൻ ആഭ്യന്തര ഉൽപാദനം കൂടുതൽ വളർച്ച രേഖപെടുത്തുമെന്നും കരുതുന്നു. പിഎൽഐ സ്‌കീം വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തുന്നത് ജിഡിപിയെ കുറിച്ചുള്ള ആശങ്കകൾ അകറ്റുന്നതാണ്.

ഓഹരികളും സെക്ടറുകളും 

∙ പൊതുമേഖല ഓഹരി വിൽപന സർക്കാരിന്റെ മുഖ്യ അജണ്ടയായി പ്രഖ്യാപിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. അടുത്ത രണ്ടു വർഷത്തേക്കു തുടരുന്ന പൊതുമേഖലാ വിൽപന പരമ്പര ഇന്ത്യൻ പൊതു മേഖലാ ഓഹരികളിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുന്നതു മുന്നിൽ കണ്ട് പൊതുമേഖല ഓഹരികളിൽ നിക്ഷേപം തുടരാവുന്നതാണ്.

∙ പൊതുമേഖലാ ബാങ്കുകളുടെ വിൽപനയെക്കുറിച്ചും ബാങ്കുകൾക്കു സ്വന്തമാക്കാൻ വേണ്ട യോഗ്യതകളെക്കുറിച്ചും കഴിഞ്ഞ വാരം ആർബിഐ ഗവർണറുടെ പരാമർശമുണ്ടായത് ശ്രദ്ധിക്കുക. ആവശ്യമായ നിയമ നിർമാണങ്ങൾക്കു ശേഷം രണ്ടു മാസങ്ങൾക്കുള്ളിൽ സർക്കാർ ബാങ്കുകളുടെ  ഓഹരി വിൽപന പ്രഖ്യാപനമുണ്ടായേക്കും. ചെറുകിട ബാങ്കുകളേക്കാൾ ഇടത്തരം ബാങ്കുകൾക്കാണ് വിൽപന സാധ്യത കൂടുതൽ. ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക് പിഎൻബി, യൂണിയൻ ബാങ്ക് എന്നിവ എസ്ബിഐക്കൊപ്പം നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. 

∙ പൊതുമേഖലാ ബാങ്കുകളും വലിയ ചില സ്വകാര്യബാങ്കുകളും മാത്രം ചെയ്തു പോന്നിരുന്ന കേന്ദ്ര സർക്കാരിന്റെ വാണിജ്യ സംവിധാനങ്ങളിൽ  സ്വകാര്യ ബാങ്കുകൾക്കും ഇനി മുതൽ തുല്യപങ്കാളിത്തം ലഭിക്കുന്നത് ബാങ്കിങ് മേഖലയ്ക്ക് ഇന്നും മുന്നേറ്റ സാഹചര്യമൊരുക്കുന്നു.. ഐസിഐസിഐബാങ്ക്, ആക്സിസ് ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവ പരിഗണിക്കാം. 

∙ ജനുവരിയിൽ കോൾ, ക്രൂഡ്, നാച്ചുറൽ ഗ്യാസ്, സിമന്റ്  എന്നിവ മുൻ വർഷത്തിൽ നിന്ന് ഉൽപാദനകുറവു രേഖപെടുത്തിയപ്പോൾ ഫെർട്ടിലൈസർ, സ്റ്റീൽ, ഇലക്ട്രിസിറ്റി എന്നിവയുടെ ഉൽപാദനത്തിൽ യഥാക്രമം 2.7%, 2.6%, 5.1% വർധനവുണ്ടായതു ശ്രദ്ധിക്കുക. സ്റ്റീൽ, ഇലക്‌ട്രിസിറ്റി, ഫെർട്ടിലൈസർ, സിമന്റ് ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കുക.

∙ ഉൽപാദനത്തിൽ കുറവുണ്ടായെങ്കിലും വില വർധനവ് ക്രൂഡ്, ഗ്യാസ് ഓഹരികൾക്ക് അനുകൂലമാണ്. ഒഎൻജിസി, ഗെയിൽ എന്നിവ ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കുക.

∙ ബേസ് മെറ്റലുകളായ സ്റ്റീൽ, കോപ്പർ, അലൂമിനിയം എന്നിവയുടെ ഉയരുന്ന ആവശ്യകതയും വിലക്കയറ്റവും മെറ്റൽ ഓഹരികൾക്ക് അനുകൂലമാണ്. സെയിൽ, എൻഎംഡിസി, ഹിന്ദ് കോപ്പർ, ഹിൻഡാൽകോ, നാൽകോ മുതലായ ഓഹരികൾ പരിഗണിക്കുക. ടാറ്റ സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ, ജെഎസ്ഡബ്ലിയു സ്റ്റീൽ മുതലായ ഓഹരികളും നിക്ഷേപത്തിനു യോഗ്യമാണ്. പോർട്ട്ഫോളിയോകളിൽ മെറ്റൽ ഓഹരികൾ നിർബന്ധമായും ഉൾപെടുത്തുക.

∙ നാളെ പുറത്തു വരുന്ന വാഹന വിൽപനക്കണക്കുകൾ വിപണിക്ക് അനുകൂലമാകുമെന്ന് കരുതുന്നു. രണ്ടു ദിവസം കുറവായിരുന്ന ഫെബ്രുവരിയിൽ കാറുകളുടെയും, ബൈക്കുകളുടെയും വിൽപന മുന്നേറിയിട്ടുണ്ട് എന്ന് വിപണി കരുതുന്നു.

∙ ഇന്ത്യൻ ബൈക്കിങ് കമ്പനികളുടെ വിൽപന മുൻ വർഷത്തിലെ വിൽപനയ്ക്കൊപ്പമെത്തിക്കഴിഞ്ഞത് ബൈക്കിങ് ഓഹരികൾക്ക് അനുകൂലമാണ്.  ഹീറോ മുന്നിട്ട് നിൽക്കുമ്പോൾ ടിവിഎസ്, ബജാജ് എന്നിവയും വിസ്‌പനയിൽ ഒപ്പമുണ്ട്. ടിവിഎസ് അടുത്ത പാദത്തിലും മികച്ച നേട്ടം കൈവരിക്കുമെന്ന് കരുതുന്നു. 

∙ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ഓ2സി (ഓയിൽ 2 കെമിക്കൽ) സെക്ടർ പ്രത്യേക കമ്പനിയായി മാറുന്നതിനുള്ള അനുവാദം നേടിക്കഴിഞ്ഞത് റിലയൻസിന് അനുകൂലമാണ്.

∙ റിലയൻസ് ഫെയ്സ്ബുക്, ഗൂഗിൾ എന്നിവരെ സ്ട്രാറ്റജിക് പാർട്ണർമാരാക്കിയത് പുതിയ പേയ്മെന്റ് നെറ്റ് വർക്ക് രൂപീകരിക്കാനുള്ള ലൈസൻസ് ലഭിക്കുന്നതിനായിട്ടാണെന്ന പ്രഖ്യാപനം ഓഹരിക്ക് അനുകൂലമാണ്. കമ്പനിക്ക് ന്യൂ അംബ്രെല്ല എന്റിറ്റി ലൈസൻസ് അടുത്ത് തന്നെ ലഭിച്ചേക്കാം.

∙ ടാറ്റ മോട്ടോർസ് പുത്തൻ ഇലക്ട്രിക്ക് വാഹനങ്ങളുടെ അകമ്പടിയോടെ ഇന്ത്യൻ വിപണി പിടിക്കാനൊരുങ്ങുന്നത് ഓഹരിക്ക് മികച്ച മുന്നേറ്റം നൽകും. നാളെ പ്രഖ്യാപിക്കപ്പെടുന്ന ഫെബ്രുവരിയിലെ വിൽപനക്കണക്കുകൾ ഓഹരിക്ക് മുന്നേറ്റം നൽകുമെന്നു കരുതുന്നു. 

∙ മാർച്ച് 31 മുതൽ പൊതുമേഖലാ സ്ഥാപനമായ ഗെയ്‌ലിനു പകരം ടാറ്റാ കൺസ്യൂമർ നിഫ്ടിയിൽ ഇടം പിടിക്കുന്നത് ഓഹരിയുടെ വില വ്യതിയാനങ്ങളെ സ്വാധീനിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. ഗെയിൽ കൂടുതൽ സ്ഥിരത കാണിക്കും. ഇരു ഓഹരികളും നിക്ഷേപകർ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കുക. 

∙ ആറു നെക്സ്റ്റ് ജെൻ മിസൈൽ വെസലുകൾ നിർമ്മിക്കാനുള്ള 10,000 കോടി രൂപയുടെ കരാറിന്റെ എൽ1 ബിഡ്ഡർ ആകാനായത് കൊച്ചിൻ ഷിപ്യാർഡിന് അനുകൂലമാണ്. 

∙ രാജ്യാന്തര സ്ഥാപനമായ പാരാമൗണ്ട് ഗ്രൂപ്പുമായി സഹകരിച്ച് ഭാരത് ഫോർജ് തദ്ദേശീയമായി കവചിത വാഹനങ്ങൾ നിർമിക്കാനൊരുങ്ങുന്നതും, കമ്പനിക്ക് ആർമിയുടെ ഓർഡർ ലഭ്യമായതും അനുകൂലമാണ്.

ഇമെയിൽ: buddingportfolios@gmail.com., വാട്സാപ്: 8606666722.

English Sumamry: Market Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com