ADVERTISEMENT

തിരുവനന്തപുരം ∙ കോണ്‍ഗ്രസിന്റ സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഡല്‍ഹിയില്‍ അന്തിമരൂപമാകുമ്പോള്‍ വട്ടിയൂര്‍ക്കാവിലും നേമത്തും സസ്പെന്‍സ് കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. പ്രധാന നേതാക്കള്‍ മണ്ഡലം വിട്ട് പരീക്ഷണത്തിന് ഇറങ്ങുമോയെന്നതും സാധ്യത പട്ടികയിലുള്ളവര്‍ക്കെതിരെ ഉയര്‍ന്ന പ്രാദേശിക പ്രതിഷേധം നേതൃത്വം മുഖവിലയ്ക്കെടുക്കുമോ എന്നതും നിര്‍ണായകമാണ്. അതേസമയം, സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനം പറയാത്തതില്‍ ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. 

തുടക്കത്തില്‍ കണ്ട ഈ അവേശം പ്രാഥമിക പട്ടികയുമായി ഡല്‍ഹിക്ക് പോകുമ്പോള്‍ മുല്ലപ്പള്ളിക്കുണ്ടായിരിക്കുന്നില്ല. പ്രധാന നേതാക്കള്‍ മല്‍സരിക്കാനില്ലെന്ന് അറിയിച്ചതോടെ വട്ടിയൂര്‍ക്കാവിലും നേമത്തും അവസാന നിമിഷം ഉയര്‍ന്നുകേട്ടത് അത്ര ശക്തമല്ലാത്ത പേരുകള്‍. എങ്കിലും അവസാനനിമിഷം സസ്പെന്‍സ് ബാക്കിവച്ചിട്ടുണ്ടെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. പുതുപ്പള്ളി വിട്ട് ഉമ്മന്‍ചാണ്ടിയും ഹരിപ്പാട് വിട്ട് രമേശ് ചെന്നിത്തലയും പരീക്ഷണത്തിനിറങ്ങുമോ, ഹൈക്കമാന്‍ഡിന്റ സമര്‍ദത്തിന് വഴങ്ങി മുല്ലപ്പള്ളി മല്‍സരിക്കാനിറങ്ങിയാല്‍ തിരഞ്ഞെടുക്കുന്നത് കല്‍പറ്റയോ കണ്ണൂരോ, അറ്റകൈയ്ക്ക് എംപിമാരെ തന്നെ കളത്തിലിറക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരാകുമോ,.. അങ്ങനെ ചോദ്യങ്ങള്‍ പലതാണ്. സിറ്റിങ് എംഎല്‍എമാര്‍ക്ക് നിരാശപ്പെടേണ്ടി വന്നേക്കില്ല. ഇരിക്കൂറില്‍ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.സി. ജോസഫിനെ കേരള കോണ്‍ഗ്രസ് വിട്ടുനല്‍കിയ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം ഫലം കണ്ടേക്കാം. 

സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ഭിന്നതയുയര്‍ന്ന കോന്നിയിലും മൂവാറ്റുപുഴയിലും പാര്‍ട്ടി ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും, സിപിഎം മന്ത്രിമാര്‍ മല്‍സരിക്കാനിറങ്ങാത്ത അഞ്ചിടത്തും ആരെയിറക്കുമെന്നതും ശ്രദ്ധേയമാണ്. അതേസമയം, കയ്പമംഗലത്തിന് പകരം അമ്പലപ്പുഴ നല്‍കാമെന്ന് തത്വത്തില്‍ പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ മൗനം പാലിക്കുന്നതില്‍ ആര്‍എസ്പിക്ക് കടുത്ത അതൃപ്തിയുണ്ട്. വാഗ്ദാനം ചെയ്ത ഉറപ്പുള്ള മണ്ഡലം സിഎംപി നേതാവ് സി.പി ജോണിനും കിട്ടിയിട്ടില്ല. മൂവാറ്റുപുഴയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിനും പട്ടാമ്പിയുടെ കാര്യത്തില്‍ മുസ്‌ലിം ലീഗിനും കോണ്‍ഗ്രസ് മറുപടി നല്‍കിയിട്ടില്ല.

English Summary: Suspense over congress candidates awaits in vattiyoorkavu and nemam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com