ADVERTISEMENT

കൊച്ചി∙ ലക്ഷദ്വീപിൽ കടൽ വെള്ളരി ശേഖരിച്ച് വിദേശരാജ്യങ്ങളിലേക്കു കടത്തുന്ന മലയാളി ഉൾപ്പെടുന്ന ഏഴംഗ സംഘം വനംവകുപ്പിന്റെ പിടിയിൽ. ലക്ഷദ്വീപ് കടൽ വന്യജീവി സംരക്ഷണ സേനയുടെ തിന്നക്കര ക്യാംപിൽനിന്നുള്ള സംഘമാണ് ഇന്നു പുലർച്ചെ പട്രോളിങ്ങിനിടെ ജനവാസമില്ലാത്ത പെരുമാൽപാർ ദ്വീപ് തീരപ്രദേശത്തുനിന്നു രണ്ട് വൻ ബോട്ടുകളിലായി സൂക്ഷിച്ചിരുന്ന 486 കടൽ വെള്ളരികൾ പിടികൂടിയത്. ഇതിന് ഏകദേശം 5.45 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. വെള്ളരിയുടെ ആകൃതിയിലുള്ള ഒരിനം കടൽ ജീവിയാണ് കടൽവെള്ളരി എന്നറിയപ്പെടുന്നത്. 

കടൽ വെള്ളരികളെ എല്ലാം കൊന്ന നിലയിലായിരുന്നു. ഇവ സൂക്ഷിച്ചിരുന്ന ബോട്ടുകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരിൽ മൂന്നു പേർ ലക്ഷദ്വീപ് സ്വദേശികളാണ്. സംഘത്തിൽ ഒരു മലയാളിയും ഒരു ഡൽഹി സ്വദേശിയും ഒരു തമിഴ്നാട് കന്യാകുമാരി സ്വദേശിയും ഒരു പശ്ചിമ ബംഗാൾ സ്വദേശിയുമാണുണ്ടായിരുന്നത്. തിരുവനന്തപുരത്തുനിന്നുള്ള പി. സാജൻ എന്നയാളാണ് അറസ്റ്റിലായ മലയാളി. പി. ജൂലിയസ് നായകം കന്യാകുമാരി സ്വദേശിയാണ്. ജഗൻ നാഥ് ദാസാണ് ഡൽഹിയിൽനിന്നുള്ളയാൾ. പരൺ ദാസ് ബംഗാളിൽനിന്നുള്ളയാളാണ്. അബ്ദുൾ ജബ്ബാർ, എസ്.ബി. മുഹമ്മദ് ഹഫീലു, സഖാലയിൻ മുസ്താഖ് എന്നിവർ ലക്ഷദ്വീപിൽനിന്നുള്ളവരാണ്. 

sea-cucumber-lakshadweep1

പ്രതികളെ അറസ്റ്റ് ചെയ്ത് അഗത്തി റേഞ്ച് ഓഫിസ് ഹെഡ് ക്വാർട്ടേഴ്സിൽ എത്തിച്ചു. തുടർന്ന് 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അമിനി ദ്വീപ് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിലെടുത്ത ബോട്ടുകളിൽ ഒരെണ്ണം തമിഴ്നാട് രജിസ്ട്രേഷനും ഒരെണ്ണം ലക്ഷദ്വീപ് രജിസ്ട്രേഷനുമാണ്. കന്യാകുമാരി സ്വദേശി എം. റൂബിൻ എന്നയാളുടേതാണ് ഒരു ബോട്ട്. ലക്ഷദ്വീപ് രജിസ്ട്രേഷൻ ബോട്ടുടമ പിടിയിലായ അബ്ദുൽ ജബ്ബാറാണെന്നു കണ്ടെത്തിയിട്ടുണ്ട്. 

ആർഎഫ്ഒ അബ്ദുൽ റഹീം, അഗത്തി റേഞ്ചിലെ ഒഐസി സിനൻ യൂഫസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടൽ വെള്ളരി പിടികൂടിയത്. രണ്ട് ഫോസ്റ്റർമാർ, അഞ്ച് ഫോറസ്റ്റ് ഗാർഡുകൾ, 35 പേരടങ്ങുന്ന ലക്ഷദ്വീപ് കടൽ വന്യജീവി സുരക്ഷാ സംഘം എന്നിവരാണ് അന്വേഷണ സേനയിലുണ്ടായിരുന്നത്. കടൽ വെള്ളരി കടത്തുന്നതിനെക്കുറിച്ചു ലഭിച്ച സൂചനകളുടെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണ സംഘം സജീവമായി രംഗത്തിറങ്ങിയത്. ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ എ.ടി. ദാമോദർ കവരത്തി ഹെഡ്ക്വാർട്ടറിൽ നിന്നുള്ള മുതിർന്ന ഫോറസ്റ്റ് ഓഫീസർമാരുമായി സ്ഥലം സന്ദർശിച്ചു. കള്ളക്കടത്തു സംഘത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജനവാസമില്ലാത്ത സുഹലി ദ്വീപിൽനിന്ന് ശ്രീലങ്കയിലേക്കു കയറ്റി അയയ്ക്കുന്നതിനായി തയാറാക്കി സൂക്ഷിച്ചിരുന്ന 1716 കടൽ വെള്ളരിയെ വനം വകുപ്പ് പിടികൂടിയിരുന്നു. രാജ്യാന്തര വിപണിയിൽ ഉണങ്ങാത്ത കടൽവെള്ളരി കിലോയ്ക്ക് 50,000 രൂപയാണ് വില. 

ചൈന ഉൾപ്പടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഭക്ഷണമായും സൂപ്പുണ്ടാക്കുന്നതിനും മരുന്നിനുമാണ് ഇവ ഉപയോഗിക്കുന്നത്. ലക്ഷദ്വീപ് സമൂഹങ്ങളിൽനിന്നു പിടികൂടുന്ന കടൽവെള്ളരി ഫ്രീസ് ചെയ്ത് ശ്രീലങ്കയിലെത്തിച്ച് അവിടെനിന്ന് ആവശ്യക്കാരുള്ള രാജ്യങ്ങളിലേക്കു എത്തിക്കുന്നതാണ് പതിവ്. രാജ്യാന്തര വിപണിയിൽ വൻ വിലയാണ് ഇതിന് എന്നതാണ് ഇതിന്റെ കള്ളക്കടത്തിന് മുഖ്യ കാരണം. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മൽസ്യത്തൊഴിലാളികളാണ് ഇവയെ വേട്ടയാടുന്നതിനായി ലക്ഷദ്വീപിലെത്തുന്നത്.

English Summary: Huge Sea Cucumber Hunt again at Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com