ADVERTISEMENT

കൊച്ചി∙ സൈബർ വിദഗ്ധൻ ബിനോഷ് അലക്സ് ബ്രൂസ്(40) അന്തരിച്ചു. കോവിഡ് രോഗം ബാധിച്ച് മാറിയെങ്കിലും തുടർ ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4 മണിക്കായിരുന്നു അന്ത്യം.

നേരത്തെ തന്നെ വൃക്കരോഗം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ബിനോഷിന് കോവിഡ് ബാധയെ തുടർന്ന് ന്യൂമോണിയ ബാധിക്കുകയും രോഗാവസ്ഥ ഗുരുതരമാകുകയും ആയിരുന്നു.

ഏപ്രിൽ 24ന് ഇദ്ദേഹത്തെ കോവിഡ് ഐസിയുവിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വ്യാഴാഴ്ച സ്വന്തം നാടായ പത്തനംതിട്ടയിലേയ്ക്കു കൊണ്ടു പോകും. 

സൈബർ സുരക്ഷാ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായിരുന്ന ബിനോഷ് മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിഎ ഇക്കണോമിക്സ് ബിരുദം നേടിയ ശേഷം ബിസിനസ് ലോയിൽ ബിരുദാനന്തര ബിരുദം ചെയ്തു. തുടർന്ന് അതിയായ താൽപര്യം മൂലം എത്തിക്കൽ ഹാക്കിങ് രംഗത്തേയ്ക്ക് എത്തിച്ചേരുകയായിരുന്നു.

എത്തിക്കൽ ഹാക്കിങ്ങിലും സർട്ടിഫൈഡ് ഹൈക്കിങ് ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ കോഴ്സുകളും പൂർത്തിയാക്കിയാണ് മേഖലയിൽ വൈദഗ്ധ്യം നേടിയത്. തുടർന്ന് കൊച്ചിയിൽ സൈബർ സുരക്ഷാ കൺസൾട്ടൻസി ആരംഭിക്കുകയും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും സെലിബ്രിറ്റികൾക്കും സുരക്ഷാ ഉപദേശങ്ങൾ നൽകുകയും ചെയ്തു വരികയായിരുന്നു. ശശി തരൂരിന്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഉൾപ്പടെ സൈബർ സുരക്ഷാ ഉപദേഷ്ടാവായിരുന്നു.

സ്പ്രിൻക്ലർ വിഷയത്തിൽ ഡാറ്റാ ചോർച്ച ഉയർത്തിക്കാണിച്ച് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയവരിൽ ഒരാൾ ബിനോഷായിരുന്നു. സ്പ്രിൻക്ലറിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ഒരു ഘട്ടത്തിൽ ദുരുപയോഗം ചെയ്യപ്പെടാമെന്നും അതിനാൽ തടയണമെന്നുമായിരുന്നു ആവശ്യം. ചാനൽ ചർച്ചകളിലൂടെയും പരിചിത മുഖമായിരുന്നു ബിനോഷിന്റേത്. 

English Summary: Cyber Expert Binosh Alex Bruce dies after recovering from covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com