ADVERTISEMENT

പാലാ ∙ കൊടുങ്കാറ്റെന്നും മഴയെന്നും പറയുമ്പോൾ ജോയൽ ജയിസണ് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. മുംബൈ ബാർജ് ദുരന്തത്തിൽ തലനാരിഴയ്ക്കു രക്ഷപ്പെട്ട് നാട്ടിലെത്തിയ പാലാ വള്ളിച്ചിറ നെടുംപള്ളിൽ ജോയൽ ജയിസണ് 17ന് പുലർച്ചെയുണ്ടായ സംഭവങ്ങൾ ഓർമിക്കാൻ പോലും കഴിയുന്നില്ല.

51 പേർ മരിച്ച ബാർജ് ദുരന്തത്തിൽ 24 പേർക്കായി തിരച്ചിൽ തുടരുകയാണ്. ദുരന്തത്തിൽ അഞ്ചു മലയാളികളാണ് മരിച്ചത്. മൂന്നു മലയാളികളെ കാണാനുമില്ല. ദുരന്തത്തിൽ മരിച്ച പലരും ജോയലിന്റെ സുഹൃത്തുക്കളാണ്. കാലിനു ചെറുതായി പരുക്കേറ്റതൊഴിച്ചാൽ ജോയലിന് കാര്യമായ പ്രശ്നങ്ങളില്ല.

അറബിക്കടലിൽ മുംബൈയ്ക്കു സമീപം എണ്ണ പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) എണ്ണ ഖനന സംസ്കരണ മേഖലയിലാണ് ദുരന്തമുണ്ടായത്. ടൗട്ടെ ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പുണ്ടായിട്ടും അത് ഗൗരവത്തിൽ എടുക്കാതിരുന്നതാണ് ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചതെന്നു പറയപ്പെടുന്നു.

ചുഴലിക്കാറ്റിൽ പത്ത് മീറ്റർ ഉയരത്തിൽ വന്ന തിരമാലകളിൽപ്പെട്ട് പി 305 എന്ന ബാർജ് കടലിൽ മുങ്ങുകയായിരുന്നു. ഇതു കൂടാതെ രണ്ട് ബാർജ് കൂടി ഈ മേഖലയിൽ നങ്കൂരമിട്ടിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസിയുടെ കരാർ എടുത്ത അഫ്കോൺസ് എന്ന കമ്പനിയുടേതാണ് ഈ ബാർജുകൾ. അഫ്കോൺസിന്റെ ഉപകരാറുകാരായ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് ജോയൽ.

എണ്ണ ഖനനത്തിനുള്ള റിഗ്ഗിലെ പൈപ്പുലൈനുകളുടെ അറ്റകുറ്റപണികളാണ് പ്രധാനമായും ജോയലിന്റെ സ്ഥാപനം ചെയ്യുന്നത്. ദുരന്തത്തിൽ ജോയലിന്റെ പാസ്പോർട്ടും മൊബൈലും തിരിച്ചറിയൽ കാർഡുകളും ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു. ജോയലിനെ ആദ്യ ദിവസം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വാർത്തകൾ വീട്ടുകാരിലും നാട്ടുകാരിലും വലിയ ആശങ്കയുണ്ടാക്കി. മുംബൈയിൽനിന്ന് കഴിഞ്ഞദിവസം പുലർച്ചെയാണ് ജോയൽ വീട്ടിലെത്തിയത്.

എന്താണ് ബാർജ്?

എണ്ണ ഖനന കേന്ദ്രങ്ങളിലും മറ്റും നിർമാണ ജോലിക്കാർ താമസിച്ചു ജോലി ചെയ്യുന്ന കപ്പലുകൾക്കു സമാനമായ സംവിധാനമാണ് ബാർജ്. സ്വയം നീങ്ങാൻ എൻജിൻ സംവിധാനം ഇല്ലാത്തതിനാൽ ‘ടഗ് ഷിപ്പുകൾ’ (കപ്പലുകൾ) വലിച്ചാണ് ഇവയെ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു കൊണ്ടു പോകുന്നത്.

ഏതെങ്കിലും സ്ഥലത്ത് എത്തിയാൽ അവിടെ നങ്കൂരമിട്ട് കിടക്കും. എണ്ണ ഖനന മേഖലയിൽ ജീവനക്കാർക്കു ജോലി ചെയ്യാനും താമസിക്കാനും ഉള്ള പ്ലാറ്റ്ഫോമായാണ് ഇതുപയോഗിക്കുന്നത്. പി305 ബാർജിൽ മുന്നൂറിലധികം ജീവനക്കാർ ഉണ്ടായിരുന്നു.

English summary: Malayali escaped from Barge accident Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com