ADVERTISEMENT

കോട്ടയം∙ പരിശുദ്ധ ബാവായ്ക്ക് വിട ചൊല്ലി വിശ്വാസസമൂഹം. കാലം ചെയ്ത ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കബറടക്കം നടന്നു. ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ നടന്ന ചടങ്ങുകളിൽ വിവിധ സഭകളിലെ മേലധ്യക്ഷന്മാരും മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.

തിങ്കളാഴ്ച രാത്രിയിൽ ദേവലോകത്ത് എത്തിച്ച ഭൗതിക ശരീരം ചാപ്പലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ കുർബാനയ്ക്കു ശേഷം 10.30നു പുറത്തു തയാറാക്കിയ പന്തലിലേക്കു ഭൗതിക ശരീരം എത്തിച്ചു. ഇവിടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു. സംസ്കാര ശുശ്രൂഷകളുടെ ഭാഗമായുള്ള നാല് ക്രമങ്ങൾ പന്തലിൽ പൂർത്തിയാക്കി. തുടർന്ന് ഉച്ചകഴിഞ്ഞു മൂന്നരയോടെ പൊലീസ് സംസ്ഥാന ഔദ്യോഗിക ബഹുമതികള്‍ അർപ്പിച്ചു.

Baselios-Marthoma-Paulose-II-Funeral-2
ദേവലോകത്ത് നടന്ന പരിശുദ്ധ കാതോലിക്കാ ബാവയുടെ കബറടക്ക ശുശ്രൂഷ. ചിത്രം: മനോരമ

തുടർന്നു അരമന ചാപ്പലിലേക്കു മാറ്റിയ ഭൗതിക ശരീരം മദ്ബഹയോട് അടക്കം വിടചൊല്ലി പൂർവപിതാക്കന്മാരെ അടക്കം ചെയ്ത കബറിനു സമീപത്ത് എത്തിച്ചു തൈലം അഭിഷേകം ചെയ്ത ശേഷം കബറിലേക്ക് ഇരുത്തി. കുന്തിരിക്കം നിറച്ചാണു കബർ തയാറാക്കിയത്. ധൂപപ്രാർഥനയ്ക്കു ശേഷം വിശ്വാസികൾക്കും കബറിൽ കുന്തിരിക്കം ഇട്ടു പ്രാർഥിക്കാൻ അവസരമുണ്ടായിരുന്നു.

ബാവായുടെ വിയോഗത്തിൽ ഫ്രാൻസിസ് മാര്‍പ്പാപ്പ അനുശോചന സന്ദേശം അയച്ചു. മലങ്കര അസോസിയേഷൻ അധ്യക്ഷന്റെ ചുമതല വഹിക്കുന്ന കുര്യാക്കോസ് മാർ ക്ലിമ്മീസ് മുഖ്യ കാർമികത്വം വഹിച്ചു. സിറോ മലബാർ സഭാ ആർച്ച് ബിഷപ് കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ എന്നിവരുടെ നേതൃത്വത്തിലും പ്രാർഥനകൾ നടന്നു.

Baselios-Marthoma-Paulose-II-Funeral-1
പരിശുദ്ധ കാതോലിക്കാ ബാവയുടെ ഭൗതികശരീരം ദേവലോകം അരമന ചാപ്പലിൽ. ചിത്രം∙ മനോരമ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, ആന്റണി രാജു, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തോമസ് ചാഴികാടൻ എംപി, എൻ.കെ.പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

English Summary: Funeral of Baselios Marthoma Paulose II

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com