ADVERTISEMENT

പാലക്കാട് ∙ കേസുകളും ആരോപണങ്ങളും നീളുമ്പോഴും വിവാദങ്ങൾ വിടാതെ പിൻതുടരുമ്പോഴും സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങളിൽ ഗൗരവമായ ഇടപെടലുകൾ നടത്താതെ നിരീക്ഷകന്റെ റോളിൽ ആർഎസ്എസ് നേതൃത്വം. പാർട്ടി സംസ്ഥാനഘടകത്തിന്റെ പ്രവർത്തനവും നീക്കങ്ങളും ഉൾപ്പാർട്ടി പ്രശ്നങ്ങളും അവർ രാഷ്ട്രീയമായി സ്വയം പരിഹരിക്കുകയും നേരിടുകയും ചെയ്യട്ടെ എന്ന നിലപാടിലാണു സംഘടനയെന്നറിയുന്നു. ആവശ്യപ്പെടുമ്പോഴോ, അതീവഗുരുതര സാഹചര്യമെന്നു വ്യക്തമായാലും മാത്രം ഇടപെടൽ മതിയെന്നു സംഘടന തീരുമാനിച്ചതായാണു വിവരം.

കുറച്ചുകാലമായി പാർട്ടിക്കൊപ്പവും മുന്നിലും പിന്നിലും നിന്ന സംഘടനയുടെ രീതിയിലാണ് പ്രകടമായ ഈ മാറ്റം. ലോക്‌സഭ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആർഎസ്എസിന്റെ മൈക്രോ മാനേജ്‌മെന്റ് ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിനു തടസമായെന്നു പാർട്ടിക്കുള്ളിലുയർന്ന വിമർശനവും പിന്നീടുണ്ടായ വിലയിരുത്തലും നിർദ്ദേശങ്ങളുമനുസരിച്ചാണ് ഈ തീരുമാനമെന്നറിയുന്നു.

വിഷയം പാർട്ടിയുടെയും ആർഎസ്എസിന്റെയും മുതിർന്ന നേതാക്കളുടെ സംയുക്ത യോഗം നേരത്തേ ചർച്ച ചെയ്തപ്പോൾതന്നെ മൈക്രോ മാനേജ്മെന്റിൽ നിന്നു ആർഎസ്എസ് വിട്ടുനിൽക്കാൻ തുടങ്ങി. ആർഎസ്എസിനു പുതിയ നേതൃത്വം വന്നതോടെയാണു ഇടപെടലുകൾ അവസാനിപ്പിച്ചുള്ള നിലപാടിലേക്കു മാറിയതും.

മുൻപ് ആർഎസ്എസ്, ബിജെപി പ്രധാന നേതാക്കൾ തമ്മിൽ ഇടക്കിടെ നടത്തിയ സമന്വയ ബൈഠക് അതീവ ഗൗരവ വിഷയങ്ങളിൽ മതിയെന്നും അല്ലാത്ത സമയങ്ങളിൽ, പാർട്ടിയുടെ കാര്യങ്ങൾ സംസ്ഥാന പ്രസിഡന്റ് മാത്രം സംഘനേതൃത്വവുമായി ചർച്ചചെയ്താൽ മതിയെന്നുമാണ് ധാരണ.

പാർട്ടിയുടെയും സംഘത്തിന്റെയും കേന്ദ്രനേതൃത്വവും കേരളത്തിലെ ആർഎസ്എസ് മുൻ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിലും സമീപനത്തിലും തുടർച്ചയായി അതൃപ്തരായിരുന്നു. ബിജെപിയെ രാഷ്ട്രീയവൽക്കരിക്കുന്നതിനു തടസം നിൽക്കരുതെന്നായിരുന്നു കേന്ദ്രത്തിൽ നിന്നുള്ള ആവശ്യം. അറിവുകൂടാതെ പാർട്ടിയിലും ഒന്നും നടക്കരുത് എന്ന ആർഎസ്എസിലെ ചില മുതിർന്ന നേതാക്കളുടെ നിലപാടുകളാണു വിമർശനങ്ങൾക്കു വഴിതെളിച്ചത്. വർഷങ്ങളായി പാർട്ടി പ്രവർത്തന രംഗത്തുളളവരെ മണ്ഡലം, ബൂത്ത് പ്രസിഡന്റുമാരായി നിയമിക്കുന്നതിൽപോലും ഇടപെടുന്ന സംഘത്തിന്റെ നിലപാടിനെതിരെ അമർഷമുയർന്നെങ്കിലും ഏറെ വൈകിയാണ് അതു ചർച്ചയായത്.

രണ്ടു സംഘടനാ സെക്രട്ടറിമാരിൽ ഒരാൾ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ പ്രവർത്തനത്തിൽ നിന്നു മാറിനിൽക്കാൻ വരെ ചില നേതാക്കളുടെ സമീപനം കാരണമായി. ആർഎസ്എസിന്റെ പുതിയ നേതൃത്വം വന്നശേഷമാണു അദ്ദേഹം പാർട്ടി യോഗത്തിലെത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിനെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ സംഘപരിവാറിൽ വലിയ തോതിലാണ് അസ്വാരസ്യമുണ്ടാക്കിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ വൈരം ബിജെപിക്കെതിരെയുള്ള കേസുകൾക്കു പിന്നിലുണ്ടെന്നു പരിവാർ ആവർത്തിച്ച് ആരോപിക്കുമ്പോഴും പാർട്ടിയിലെ ചില പ്രധാന നേതാക്കളുടെ  പക്വതയും പാകതയും ഇല്ലാത്ത  ഇടപെടലുകളാണു വിവാദ ആരോപണങ്ങൾക്കും മറ്റും വഴിവച്ചതെന്നും പ്രശ്നം സങ്കീർണമാക്കിയതെന്നുമാണു പൊതുവിലയിരുത്തലെന്നറിയുന്നു.

കൊടകര കുഴൽപണ ആരോപണത്തിൽ ആർഎസ്എസ് നേരിട്ടു വടക്കൻ ജില്ലകളിൽ വരെ അന്വേഷണം നടത്തിയതായാണു വിവരം. അതിന്റെ അടിസ്ഥാനത്തിൽ തൃശൂരിലെ ഒരു സംസ്ഥാന നേതാവിനെ മാറ്റണമെന്നു നിർദ്ദശിച്ചതായും സൂചനയുണ്ട്. എന്നാൽ പാർട്ടി നേതൃത്വം അതു അവഗണിച്ചെന്നുമാത്രമല്ല, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഗ്രൂപ്പുയോഗം നടത്തിയതായും ആരോപണം ഉയർന്നു. ബിജെപിയുടെ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കാനുള്ള ആർഎസ്എസിന്റെ തീരുമാനം വേഗത്തിലാകാൻ ഇത്തരം സംഭവങ്ങൾ കാരണമായെന്നാണു വിവരം. ചില സംസ്ഥാന നേതാക്കളുടെ പ്രവർത്തനങ്ങളിൽ സംഘത്തിന്റെ പുതിയ നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്.

പാർട്ടി നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ആർഎസ്എസിന്റെ ചില നേതാക്കളെ വലിച്ചിഴച്ചതായും പരാതി ഉയർന്നു. എന്നാൽ, രണ്ടു മണ്ഡലങ്ങളിൽ നാമനിർദ്ദേശപത്രിക നൽകുന്നതിലുണ്ടായ വിവാദങ്ങൾക്കു സംഘടനാ സെക്രട്ടറിയുടെ ഓഫിസിലെ വീഴ്ചയാണ് കാരണമെന്നാണു ബിജെപിക്കുള്ളിലെ ചർച്ച. രാഷ്ട്രീയ പ്രവർത്തനത്തിനു യോജിച്ച വിധത്തിൽ സംഘടനാ സെക്രട്ടറി ഓഫിസിനെ മാറ്റിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ആർ‌എസ്എസാണ് ബിജെപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയെ നിയമിക്കുന്നത്.

കേസുകൾ സംസ്ഥാന സർക്കാർ പരമാവധി നീട്ടിവലിച്ചു കൊണ്ടുപോകുമെന്നാണു സംഘപരിവാറിന്റെ വിലയിരുത്തൽ. അതു ജനമധ്യത്തിൽ ആവർ‌ത്തിച്ചു ചർച്ചയാകുമ്പോൾ പാർട്ടി നേതൃത്വത്തിന് അതു കൂടുതൽ പ്രതിരോധിക്കേണ്ട സാഹചര്യം ഉണ്ടാകും. പ്രവർത്തകർക്കിടയിൽ പ്രശ്നത്തിന്റെ രാഷ്ട്രീയം ആവർത്തിച്ചു വ്യക്തമാക്കേണ്ടതുണ്ട്. ഘടകകക്ഷി നേതാക്കളുമായി വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്താൻ അതതു തലത്തിലുളളവരെ നിയമിക്കുകയാണു വേണ്ടത്. പാർട്ടി പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവർ, ഗുരുതര അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെപോലും നടപടിയില്ലെന്നത് അത് ആവർത്തിക്കാൻ അവസരമൊരുക്കുന്നുതായും ആർഎസ്എസിൽ ചർച്ചയുണ്ട്.

English Summary: RSS not intervening in Kerala BJP issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com