ADVERTISEMENT

തിരുവനന്തപുരം∙ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ പിന്തള്ളപ്പെട്ടതായി പരാതി. മാര്‍ക്ക് ഏകീകരണ പ്രക്രിയയില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് മുന്‍തൂക്കം നഷ്ടപ്പെട്ടു എന്നാണ് ആക്ഷേപം. എന്നാല്‍ എല്ലാ ബോര്‍ഡുകളില്‍നിന്നും പ്ലസ്ടു പാസായവര്‍ക്ക് തുല്യത നല്‍കുന്ന ഏകീകരണ രീതിയാണ് പിന്‍തുടര്‍ന്നതെന്നതെന്ന് പ്രവേശന പരീക്ഷാ കമ്മിഷണറേറ്റ് പറയുന്നു.

കേരള സിലബസില്‍ പഠിച്ചവര്‍ക്ക് ഇത്തവണ പ്ലസ്ടുവിന് മിന്നുന്ന ജയം നേടാനായി. എന്നാല്‍ എന്‍ജിനീയറിങ് റാങ്ക് പട്ടികയിലിത് പ്രതിഫലിക്കുന്നില്ലെന്നാണ് പരാതി. റാങ്ക് പട്ടിക വന്നപ്പോള്‍ സംസ്ഥാന സിലബസുകാർ പിറകിലായി. ആദ്യ 5,000 പേരില്‍ അവരുടെ എണ്ണം കുറഞ്ഞു എന്നിവയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്ന ആക്ഷേപം. 13,841  സിബിഎസ്ഇ വിദ്യാര്‍ഥികളാണ് റാങ്ക് പട്ടികയിലുള്ളത്. ഇവരില്‍ 2,602 പേര്‍ ആദ്യ അയ്യായിരത്തിലെത്തി. 38,180 സംസ്ഥാന സിലബസുകാര്‍ പട്ടികയിലുണ്ടെങ്കിലും 2,112 പേര്‍ മാത്രമേ ആദ്യ അയ്യായിരത്തിലുള്ളൂ. പ്ലസ്ടുവിന്‍റെ ശരാശരിമാര്‍ക്ക് വര്‍ധിച്ചതിനാലാണ് ഏകീകരണത്തില്‍ പിന്നിൽ പോയതെന്നാണ് പരാതി ഉയരുന്നത്. എന്നാല്‍ ഏതെങ്കിലും ബോര്‍ഡിലെ വിദ്യാര്‍ഥികള്‍ പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടിയാലും അവര്‍ക്ക് നേട്ടമോ മറ്റുള്ളവര്‍ക്ക് കോട്ടമോ വരാത്തവിധമാണ് ഏകീകരണം നടത്തിയതെന്നാണ് പ്രവേശന പരീക്ഷാ കമ്മിഷണറേറ്റിന്‍റെ നിലപാട്.

മുന്‍വര്‍ഷത്തെ മാനദണ്ഡങ്ങള്‍ തന്നെയാണ് പിന്‍തുടര്‍ന്നത്. നേരത്തെ സിബിഎസ്ഇക്കാരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും കോടതി അവരുടെ വാദം അംഗീകരിച്ചില്ലെന്നും പ്രവേശന പരീക്ഷാ കമ്മിഷണറേറ്റ് അറിയിച്ചു. 15 ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പ്ലസ്ടു മാര്‍ക്ക് എന്‍ജിനീയറിങ് പ്രവേശനത്തിനായി ഏകീകരിക്കുന്നത്. വ്യത്യസ്ത ബോര്‍ഡുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരേ പരിഗണന ലഭിക്കാനാണ് പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഏകീകരണം. കണക്ക്, ഫിസികസ്, കെമിസ്ട്രി എന്നിവയുടെ മാര്‍ക്കില്‍ ഓരോബോര്‍ഡും നല്‍കിയ മാര്‍ക്കിന്‍റെ ശരാശരി, വിവിധ ബോര്‍ഡുകളുടെ മാര്‍ക്കിലെ വ്യതിയാനം എന്നിവയാണ് പ്രധാനമായി പരിഗണിക്കുന്നത്.

English Summary: Engineering rank list setback for kerala syllabus students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com