ADVERTISEMENT

കൊച്ചി∙ കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. കേസ് രേഖകള്‍ പരിശോധിച്ചു വരികയാണ്. വിശദമായ പരിശോധന ആവശ്യമുണ്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. അതേസമയം, അന്വേഷണ പുരോഗതിയടക്കമുള്ള വിവരങ്ങളിൽ അടുത്ത ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് കോടതി അന്വേഷണ ഏജൻസിയോട് നിർദേശിച്ചു.

കൊടകര കുഴൽപ്പണക്കേസ് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽജെഡി നേതാവ് സലീം മടവൂർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. നേരത്തേ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേസിൽ നിഗൂഢമായ ഒട്ടേറെ കാര്യങ്ങളുണ്ടെന്നു കോടതി നിരീക്ഷിച്ചിരുന്നു. ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസ് അന്വേഷിക്കുന്നതു സംബന്ധിച്ച് ഇഡിയുടെ നിലപാട് ഹൈക്കോടതി നേരത്തേയും തേടിയിരുന്നു. കൂടുതൽ സമയം നൽകണമെന്ന ഇഡിയുടെ അഭ്യർഥനയെ തുടർന്ന് ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. തുടർന്ന് ഇന്നു കേസ് പരിഗണിക്കുമ്പോൾ ഫയൽ ഓപ്പൺ ചെയ്തതായി കോടതിയെ അറിയിക്കുകയായിരുന്നു. 

നേരത്തെ കേസ് പരിഗണിക്കുമ്പോൾ സംഭവത്തിൽ വിദേശ ബന്ധം കണ്ടെത്തിയിട്ടില്ലാത്തതിനാൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം ആവശ്യമില്ല എന്ന നിലപാട് ഇഡി സ്വീകരിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യം ഉള്ള കേസായിട്ടും ഇഡി നടപടി എടുക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിതരണം ചെയ്യാൻ കൊണ്ടുവന്ന കള്ളപ്പണം കൊടകരയിൽ ദേശീയ പാതയിൽ വച്ച് അപകടമുണ്ടാക്കി തട്ടിയെടുക്കാൻ ഒരു സംഘം ആളുകൾ ശ്രമിച്ചു എന്നായിരുന്നു പൊലീസ് റജിസ്റ്റർ ചെയ്ത കേസ്. 

English Summary: ED in High Court said that investigation has been started in Kodakara Money Heist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com