ADVERTISEMENT

കൊച്ചി∙ കിഴക്കമ്പലത്ത് പി.വി. ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കിറ്റെക്സ് കമ്പനി വളപ്പിൽ കയറി അതിക്രമം നടത്തിയെന്ന പരാതിയുമായി ചെയർമാൻ സാബു എം. ജേക്കബ്. ‘ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്സിന്റെ നിർമാണം നടക്കുന്ന സ്ഥലത്ത് അനുവാദമില്ലാതെ അതിക്രമിച്ചു കയറി പണി തടസപ്പെടുത്തി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ക്യാമറാമാനെ മർദിച്ചെന്നും ക്യാമറ തകർത്തെന്നു’മാണ് കിറ്റെക്സ് എംഡി ഉയർത്തുന്ന ആക്ഷേപം. ക്യാമറാമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അസഭ്യ വര്‍ഷം ക്യാമറയിൽ പകർത്തുമ്പോഴായിരുന്നു ആക്രമണമെന്നും കിറ്റെക്സ് എംഡി ആരോപിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നു മണിയോടെയാണ് സംഭവം. ക്രിസ്തുമസ് രാത്രിയില്‍ നടന്നതുപോലെ വീണ്ടും അക്രമങ്ങളുണ്ടാക്കാനാണ് എംഎല്‍എ ശ്രമിക്കുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു സാബു എം. ജേക്കബ് പറഞ്ഞു. 

അതേസമയം, കിറ്റെക്സ് പരിസരത്തുള്ളവർക്ക് പെരിയാർ വാലി കനാലിൽ നിന്നു വെള്ളം ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചതോടെ, വാർഡ് അംഗം ആവശ്യപ്പെട്ട പ്രകാരമാണ് സ്ഥലത്തെത്തിയതെന്ന് ശ്രീനിജിൻ എംഎൽഎ മനോരമ ഓൺലൈനോടു പറഞ്ഞു. തൊഴിലുറപ്പുകാരെ ഉപയോഗിച്ച് കിറ്റെക്സിന്റെ കെട്ടിട നിർമാണം നടക്കുന്ന പ്രദേശം വൃത്തിയാക്കിയപ്പോഴാണ് ഇവിടെനിന്നു വെള്ളം ഊറ്റുന്നതു കണ്ടെത്തിയത്. രണ്ടു പൈപ്പുകളിലൂടെ വെള്ളം കമ്പനി വളപ്പിലേക്കു തിരിച്ചു വിടുകയാണ് ചെയ്തിരിക്കുന്നത്. ഇതു തൊഴിലാളികളും വാർഡ് അംഗവും കണ്ടെത്തിയതോടെ തന്നെ അറിയിക്കുകയായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.

പെരിയാർ വാലി കനാൽ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ചു നടപടിക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമറ തല്ലിപ്പൊളിച്ചതായോ എന്തെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടായതായോ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Kitex MD Against Sreenijin MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com