ADVERTISEMENT

ന്യൂഡൽഹി ∙ ആരോഗ്യ പരിരക്ഷാ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിനായി മുൻഗണനാ വിഭാഗം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങളും ആധാർ നമ്പറും എല്ലാ സംസ്ഥാനങ്ങളും നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഒരു കുടുംബത്തിന് 5 ലക്ഷം രൂപവരെ ആരോഗ്യ പരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ (പിഎം–ജെഎവൈ) അർഹരായവരുടെ പട്ടിക തയാറാക്കുന്നതിനു വേണ്ടിയാണിത്.

ദേശീയ ഹെൽത്ത് അതോറിറ്റിക്കാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല. 2011ലെ സാമൂഹിക, സാമ്പത്തിക ജാതി സർവേ അനുസരിച്ചാണ് 10.74 കോടി ഗുണഭോക്താക്കളെ കണ്ടെത്തിയത്. എന്നാൽ സർവേ വിവരങ്ങളിലെ കുറവുകൾ മൂലം ഗുണഭോക്തൃ പട്ടിക കൃത്യമാക്കാൻ കഴിയുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇതേ ഗുണഭോക്താക്കൾ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് റേഷൻ മു‍ൻഗണനാ വിഭാഗത്തിൽ വരുന്നതിനാലാണ് റേഷൻ വിവരങ്ങൾ സംസ്ഥാനങ്ങളോടു തേടുന്നത്.

ഇരു ഡേറ്റാബേസുകളും ബന്ധിപ്പിക്കുന്നതോടെ റേഷൻ കാർഡ് ഉപയോഗിച്ച് റേഷൻ കാർഡ് വഴി പിഎം–ജെഎവൈ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവുമെന്നാണ് ദേശീയ ഹെൽ‌ത്ത് അതോറിറ്റിയുടെ വാദം. ഒപ്പം ഗുണഭോക്തൃ പട്ടിക പുതുക്കാനുമാകും. വിവിധ സംസ്ഥാനങ്ങളുടെ ഡേറ്റ കൃത്യമായി ക്രോഡീകരിക്കുന്നതിനാണ് റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാർ നമ്പറും ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി ആറിനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.

സ്വകാര്യതയടക്കമുള്ള പ്രശ്നങ്ങളുള്ളതിനാൽ പല സംസ്ഥാനങ്ങളും ഇതിനോടു മുഖം തിരിച്ചുവെന്ന വാദം ആരോഗ്യമന്ത്രാലയം തള്ളി. ഒരു സംസ്ഥാനവും എതിർപ്പ് അറിയിച്ചിട്ടില്ലെന്നും പല സംസ്ഥാനങ്ങൾ ഡേറ്റാ കൈമാറ്റം ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു.

തീരുമാനമെടുക്കാതെ കേരളം; ഇന്ന് യോഗം

റേഷൻ കാർഡ് വിവരങ്ങൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനമെടുക്കാൻ സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും. നിലവിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. യോഗത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാകും അന്തിമതീരുമാനമെന്ന് ഭക്ഷ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

കേരളത്തിലെ മുൻഗണനാ കാർഡുകൾ

∙ അന്ത്യയോജന അന്നയോജന (മഞ്ഞ കാർഡ്)–5.92 ലക്ഷം
∙ പ്രയോരിറ്റി ഹൗസ്ഹോൾഡ്–പിഎച്ച്എച്ച് (പിങ്ക് കാർഡ്)–33.72 ലക്ഷം
∙ ആകെ മുൻഗണനാ വിഭാഗം കാർഡുകൾ–39.65 ലക്ഷം (മൊത്തം കാർഡുകളുടെ 43.1%)

English Summary: NHA seeks Aadhaar, ration card database from States/UTs to expand pool of Ayushman Bharat-PMJAY beneficiaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com