ADVERTISEMENT

അമൃത്‌സർ∙ പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ. ശക്തമായ ചതുഷ്കോണ മത്സരത്തില്‍ ജനവിധി പ്രവചനാതീതമാകും. അവസാന ഘട്ടത്തിലുയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ അനുകൂലമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍ട്ടികള്‍.  

സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ മുന്നില്‍ നിര്‍ത്തി ഭരണത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരം അനുകൂലമാക്കി അട്ടിമറിക്ക് നീക്കം നടത്തുകയാണ് ആം ആദ്മി പാര്‍ട്ടി. പഞ്ചാബില്‍ ഇത്തവണ അടിയൊഴുക്കുകള്‍ വിധി നിശ്ചയിക്കും. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ഛന്നി നടത്തിയ ഭയ്യ പരാമര്‍ശം എതിരാളികള്‍ ആഘോഷിച്ചു. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് കുമാര്‍ വിശ്വാസ് ഉയര്‍ത്തിയ ആരോപണം ആം ആദ്മി പാര്‍ട്ടിയെ തിരിച്ചടിച്ചു. പഞ്ചാബ് ലോക് കോണ്‍ഗ്രസിന്‍റെ ചുമലിലേറി സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് കര്‍ഷക രോഷം വിലങ്ങുതടിയാണ്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി സിദ്ദു ഉയര്‍ത്തിയ സമ്മര്‍ദ്ദം അതിജീവിക്കാനായെങ്കിലും സമവായത്തിലെത്തിയെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ കഴിയില്ല. പഞ്ചാബ് അഭിമാന പ്രശ്നമായി മാറിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെ ദേശീയ നേതാക്കളെ രംഗത്തിറക്കിയായിരുന്നു പാര്‍ട്ടികളുടെ പ്രചാരണം. കര്‍ഷക സംഘടനകള്‍ രൂപം നല്‍കിയ സംയുക്ത സമാജ് മോര്‍ച്ച പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. നാളെ ജനവിധി തേടുന്ന 1304 സ്ഥാനാര്‍ഥികളില്‍ 93 പേര്‍ വനിതകളാണ്.

English Summary: Punjab assembly elections; polling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com