ADVERTISEMENT

ലക്‌നൗ∙ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന് യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം. ഇതുവരെയുള്ള ഫലസൂചനകളനുസരിച്ച് മെയിന്‍പുരി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കര്‍ഹേല്‍ നിയമസഭാ സീറ്റില്‍നിന്ന് മത്സരിച്ച അഖിലേഷ് 54,072 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എസ്.പി.ബാഗേല്‍ ഇതുവരെ 20,709 വോട്ടുകള്‍ നേടി. ബിഎസ്പി സ്ഥാനാർഥി കുലദിപ് നാരായൻ 3978 വോട്ട് നേടി. കര്‍ഹേലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. 

2017ലെയും 2012ലെയും തിരഞ്ഞെടുപ്പില്‍ കര്‍ഹേലില്‍ എസ്പിയാണ് ജയിച്ചത്. സോബരന്‍ സിങ് യാദവ് ആയിരുന്നു രണ്ടു തവണയും എസ്പിയുടെ സ്ഥാനാര്‍ഥി. 2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന രാമ ശാക്യ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2012ല്‍ ബിഎസ്പിയുടെ ജെയ്​വില്‍ സിങ് രണ്ടാം സ്ഥാനത്തെത്തി. 2017ല്‍ 47 സീറ്റില്‍ ഒതുങ്ങിയ സമാജ്‌വാദി പാര്‍ട്ടിയെ 128 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്നതും അഖിലേഷിന്റെ തൊപ്പിയിലെ പൊന്‍തൂവലായി.

നാല് തവണ പാര്‍ലമെന്റ് അംഗമായ (എംപി) അഖിലേഷ് ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍പിടിച്ച അഖിലേഷ്, തുടക്കത്തില്‍ മത്സരിക്കില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് കര്‍ഹലില്‍നിന്നു മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഖിലേഷ് യാദവിന്റെ പിതാവും എസ്പി മേധാവിയുമായിരുന്ന മുലായം സിങ് യാദവിന്റെ ജന്മഗ്രാമമായ സൈഫായിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് കര്‍ഹാല്‍ മണ്ഡലം. അഖിലേഷനു വേണ്ടി പ്രചാരണം നടത്താന്‍ മുലായം സിങ്ങും എത്തിയിരുന്നു.

എസ്പിയുടെ ദേശീയ പ്രസിഡന്റായ അഖിലേഷ് 2012 മുതല്‍ 2017 വരെ ഉത്തര്‍പ്രദേശിന്റെ 20-ാമത് മുഖ്യമന്ത്രിയായിരുന്നു. 2000ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനൗജില്‍നിന്ന് ആദ്യമായി ലോക്‌സഭാംഗമായി. 2004, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കനൗജില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2012 മേയിലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി ജയിച്ചതിനെ തുടര്‍ന്ന് കനൗജ് പാര്‍ലമെന്റ് സീറ്റില്‍ നിന്ന് രാജിവച്ചു. അതേ മാസം, ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി മുഖ്യമന്ത്രി പദവിയിലെത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസംഗഡല്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു.

കര്‍ഹലില്‍ ജ്ഞാനവതി യാദവിനെ കോണ്‍ഗ്രസ് ആദ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ എസ്പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. 

ബിജെപി ആഗ്ര എംപിയും കേന്ദ്ര സഹമന്ത്രിയുമാണ് എസ്.പി. ബാഗേല്‍. മുന്‍ യുപി പൊലീസ് സബ് ഇന്‍സ്പെക്ടറായ ബാഗേല്‍, ഒരിക്കല്‍ യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു. മുലായം സിങ്ങാണ് ബാഗേലിനെ രാഷ്ട്രീയത്തിലെത്തിച്ചത്. 1998 ല്‍ ജലേസര്‍ ലോക്സഭാ സീറ്റില്‍ നിന്ന് എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ബാഗേല്‍, പിന്നീട് ബിഎസ്പിയില്‍ ചേര്‍ന്നു. 2010ല്‍ ബിഎസ്പി നാഷനല്‍ ജനറല്‍ സെക്രട്ടറിയായ ബാഗേല്‍, എസ്പിയില്‍ നിന്ന് രാജിവച്ച് 2014ല്‍ ബിജെപിയില്‍ ചേരുകയായിരുന്നു.

English Summary: Uttar Pradesh Assembly Election Results 2022, Akhilesh Yadav, Karhal Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com