ADVERTISEMENT

അമൃത്സര്‍ ∙ കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സംസ്ഥാനമായിരുന്നു പഞ്ചാബ്. ഭരണത്തിലിരുന്നുകൊണ്ട് തിരഞ്ഞെടുപ്പ് നേരിടുന്ന ഏക സംസ്ഥാനമായതിനാൽ ആത്മവിശ്വാസവും കൂടുതലായിരുന്നു. എന്നാൽ എല്ലാം തകർത്തെറിയുന്നതാണു പഞ്ചാബിലെ ജനവിധി. പാർട്ടിയിലെ ഉൾപ്പോര് കോൺഗ്രസിന്റെ വോട്ടുനിലയെ ഗണ്യമായി ബാധിച്ചെന്നാണു പ്രാഥമിക വിലയിരുത്തൽ. വലിയ പ്രയാസമില്ലാതെ ഭരണത്തുടർച്ച നേടാമായിരുന്ന സംസ്ഥാനത്താണു കോൺഗ്രസ് തകർന്നടിഞ്ഞത്.

എഎപി തരംഗത്തിൽ പഞ്ചാബ് ഇളകിമറിഞ്ഞപ്പോൾ, കൈവെള്ളയിലെ സംസ്ഥാനമാണ് കോൺഗ്രസിനു നഷ്ടമായത്. പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിന്റെ മുഖ്യമന്ത്രി സ്വപ്നമാണു പഞ്ചാബ് കോൺഗ്രസിലെ പൊട്ടിത്തെറികൾക്കും പരാജയത്തിനും പിന്നിലെന്നാണു നേതൃത്വത്തിന്റെ അടക്കംപറച്ചിൽ. പാർട്ടിയെ കൈക്കുള്ളിലാക്കി, മുഖ്യമന്ത്രി പദത്തിൽനിന്ന് അമരിന്ദർ സിങ്ങിനെ പുകച്ചു പുറത്തുചാടിക്കാൻ സിദ്ദുവാണ് അണിയറനീക്കം നടത്തിയത്. വർഷങ്ങളായി പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച അമരിന്ദർ പടിയിറങ്ങിയപ്പോൾ തന്റെ പദ്ധതികൾ ഫലം കണ്ടുവെന്നു സിദ്ദു കരുതി.

എന്നാൽ, കണക്കുകൂട്ടലുകൾ തെറ്റിച്ചു ഹൈക്കമാൻഡ് മറ്റൊരു നീക്കം നടത്തി; ദലിത് വിഭാഗത്തിൽ നിന്നുള്ള ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കി. തികച്ചും അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. പാർട്ടിയിൽ അതുവരെ ഉയർന്നു കേൾക്കാത്ത പേരായിരുന്നു ഛന്നിയുടേത്. സിദ്ദു പാർട്ടിയേക്കാൾ വലുതാവുന്നുവെന്ന സൂചനകൾ കിട്ടിയപ്പോഴാണു ഛന്നിയെ ഇറക്കി ഹൈക്കമാൻഡ് തടയിട്ടത്. സംസ്ഥാനത്തെ 32% ദലിത് വോട്ടുകൾ സ്വാധീനിക്കാനും ഛന്നിയുടെ നിയമനത്തിലൂടെ കോൺഗ്രസ് ഉന്നമിട്ടു.

charanjit-singh-channi
ചരൺജിത് സിങ് ഛന്നി. ചിത്രം: മനോരമ

അമരിന്ദർ–സിദ്ദു തർക്കത്തിനു ശേഷം പഞ്ചാബ് പിന്നീട് സാക്ഷ്യം വഹിച്ചത് ഛന്നി–സിദ്ദു ചരടുവലിക്കായിരുന്നു. അഡ്വക്കറ്റ് ജനറൽ എ.പി.എസ്. ഡിയോളിന്റെ രാജിയുമായി ബന്ധപ്പെട്ടായിരുന്നു ഛന്നിയും സിദ്ദുവും തമ്മിലുള്ള തുറന്ന പോര്. അമരിന്ദറിനെതിരെ പട നയിച്ച സിദ്ദു, ഛന്നിക്കെതിരെയും പോരാട്ടം തുടങ്ങിയതു ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കി. അമൃത്‌സർ ഈസ്റ്റിൽ മത്സരത്തിനിറങ്ങിയ സിദ്ദു, തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന് സമ്മർദം ചെലുത്തിയെങ്കിലും ഫലംകണ്ടില്ല.

പതിവുതെറ്റിച്ച് ഹൈക്കമാൻഡ് നേരിട്ടെത്തിയാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. രണ്ടു മണ്ഡലങ്ങളിൽ ഛന്നി ജനവിധി തേടിയതും ശ്രദ്ധേയമായി. ഹൈക്കമാൻഡ് തീരുമാനം സിദ്ദു അംഗീകരിച്ചതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നു കരുതിയെങ്കിലും ഛന്നിക്കെതിരെ സിദ്ദു നിരന്തരം ആരോപണങ്ങൾ ഉയർത്തി. സിദ്ദുവിനെതിരെ അമൃത്‌സർ എംപി ഗുർജീത് ഔജ്‌ല പരസ്യപ്രസ്താവനയുമായി രംഗത്തെത്തി. അമൃത്‌സറിലെ പ്രാദേശിക നേതൃത്വത്തോടു നിസ്സംഗതയോടെ സിദ്ദു പെരുമാറിയെന്നായിരുന്നു ആരോപണം.

ചരൺജിത് സിങ് ഛന്നി, രാഹുൽ ഗാന്ധി
ചരൺജിത് സിങ് ഛന്നി, രാഹുൽ ഗാന്ധി

ഇതിനിടെ, മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝക്കറും രാഷ്ട്രീയപ്പോരിന്റെ ഭാഗമായി. ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ അദ്ദേഹം തിരഞ്ഞെടുപ്പിനുശേഷം സജീവ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചു. അമരിന്ദർ പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയതും കോൺഗ്രസിന് തിരിച്ചടിയായി. ജാട്ട് സിഖ് വോട്ടുകളിലെ കുറവ് കോൺഗ്രസിൽ ക്യാപ്റ്റന്റെ പ്രാധാന്യം എത്രത്തോളമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന സിദ്ദുവിന്റെ പ്രസ്താവനയും ജനങ്ങളെ ഭരണമാറ്റത്തിലേക്ക് പ്രേരിപ്പിച്ചു.

English Summary: What Happened to Congress and Navjyot Singh Sidhu in Punjab Polls - An Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com