ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പാവപ്പെട്ട രോഗികൾക്കുള്ള സൗജന്യ ചികിത്സ തുടർന്നുവരുന്നതായി ആശുപത്രി അധികൃതർ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. രോഗീ സേവനവുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങളിൽ തെറ്റിദ്ധാരണ മൂലം വന്ന വാർത്തകൾ തിരുത്താൻ വേണ്ടിയാണ് വിശദീകരണകുറിപ്പ് പുറത്തിറക്കിയത്.

കാസ്പ് - ആയുഷ്മാൻ ഭാരത് ആരോഗ്യ ചികിത്സാ കാർഡ് വഴിയുള്ള ചികിത്സ പുനഃസ്ഥാപിക്കുവാനുള്ള ചർച്ചകൾ സ്റ്റേറ്റ് ഹെൽത്ത് മിഷനുമായി പൂർത്തിയാക്കി. ഇതിന്റെ ധാരണ പത്രത്തിന്റെ അംഗീകാരം  അവസാന ഘട്ടത്തിലാണ്. ഉടൻ തന്നെ  കാസ്പ് ആയുഷ്മാൻ ഭാരത് ആരോഗ്യ ചികിത്സ ശ്രീ ചിത്രയിൽ നിലവിൽ വരും. കേരളീയർക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ആയുഷ്മാൻ ഭാരത് ആരോഗ്യ ചികിത്സാ കാർഡ് ഉള്ളവർക്കും ഇതിലൂടെ ചികിത്സാ ആനുകൂല്യം ലഭ്യമാകും.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹായ ഹസ്തമായ രാഷ്ട്രീയ ആരോഗ്യ നിധി സ്കീം (ആർഎഎൻ), ഹെൽത്ത് മിനിസ്റ്റേഴ്‌സ് ഡിസ്ക്രീഷനറി ഗ്രാന്റ്(എച്ച്എംഡിജി) എന്നിവ  നിലവിൽ ഉണ്ടെങ്കിലും അപേക്ഷകൾ  ഓൺലൈൻ സബ്മിഷൻ  ആയതിനു ശേഷം ആയുഷ്മാൻ ഭാരത് സ്കീം ഉൾപ്പെടുന്നതുമായി ബന്ധപെട്ടു സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു. ഈ വിഷയം ഉടൻ പരിഹരിക്കുമെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. 

സെൻട്രൽ ഗവണ്മെന്റ് കോൺട്രിബ്യുറ്ററി ഹെൽത്ത് സ്കീം (സിജിഎച്ച്എസ്) 'ക്രെഡിറ്റ്' ഓപ്ഷൻ  തുടർന്ന് വരുന്നു. എക്സ് സർവീസ് കോൺട്രിബ്യൂറ്ററി ഹെൽത്ത് സ്കീം  (ഇസിഎച്ച്എസ്) , എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ) സ്കീം, കേന്ദ്ര- സംസ്ഥാന  സർക്കാർ ജീവനക്കാർക്കു   ഒപി/ ഐപി ചികിത്സ എന്നിവയ്ക്ക് റീഇംപേഴ്സ്മെന്റ് അനുവദനീയമാണ്.

കുട്ടികൾക്കായുള്ള  ‘താലോലം’, ‘ഹൃദ്യം’  സ്കീമുകൾ മാനദണ്ഡങ്ങൾ അനുസരിച്ചു നിലവിൽ തുടർന്ന് പോരുന്നു.  എൻഡോസൾഫാൻ വിക്‌ടിംസ് ആയവർക്കുള്ള ‘സ്നേഹസാന്ത്വനം’ ചികിത്സാ പദ്ധതി, എസ്ടി വിഭാഗക്കാർക്കുള്ള ചികിത്സാ ആനുകൂല്യം എന്നിവ ഇപ്പോഴും തുടരുന്നുണ്ട്. പ്രധാനമന്ത്രിയുടെ ചികിത്സാ സഹായധനം, മുഖ്യമന്ത്രിയുടെ ചികിത്സാ സഹായധനം, ആരോഗ്യ വകുപ്പിന് കീഴിലുള്ള ചികിത്സാ  സഹായധനം എന്നിവയും സംസ്ഥാന സർക്കാരിനു കീഴിലുള്ള സാമൂഹിക സുരക്ഷാ മിഷൻ, നോർക്ക എന്നിവിടങ്ങളിൽ നിന്നും സഹായധനവും  ലഭിച്ചു വരുന്നു.

വിവിധ സന്നദ്ധ സംഘടനകൾ, ശ്രീ ചിത്രയിലെ ജീവനക്കാർ ഉൾപ്പടെയുള്ള സന്നദ്ധ പ്രവർത്തകർ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രകാരമുള്ള സ്ഥാപനങ്ങൾ എന്നിവരും ശ്രീ ചിത്രയിലെ പാവപ്പെട്ട രോഗികളെ സഹായിച്ചു വരുന്നു . ആദായനികുതിയിളവു ലഭിക്കുന്ന സംഭാവനകൾ വഴി സ്വരൂപിച്ച ക്ഷേമ ഫണ്ടിൽ നിന്നും  ശ്രീ ചിത്രയിൽ റജിസ്റ്റർ ചെയ്ത  പാവപ്പെട്ട രോഗികൾക്ക് മാസം തോറും സൗജന്യമായി മരുന്നുകളും നൽകി വരുന്നു.

പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികൾ  അവരുടെ മാനദണ്ഡങ്ങൾ അനുസരിച്ചു ചികിത്സാ റീഇംപേഴ്സ്മെന്റ് അനുവദിക്കുന്നുണ്ട്‌. ഫെബ്രുവരി 22 ലെ ഉത്തരവു പ്രകാരം ശ്രീ ചിത്രയിൽ നിന്നും പാവപ്പെട്ട രോഗികൾക്ക് നൽകി വരുന്ന സബ്‌സിഡി മാനദണ്ഡങ്ങൾ പുതുക്കി, കൂടുതൽ സുതാര്യമാക്കുകയും രോഗീ സൗഹൃദമാക്കുകയും ചെയ്തു . ഇതു പ്രകാരം സാധാരണ വരുമാന സ്ലാബ് ആയ ‘ഡി’ കൂടാതെ മൂന്ന് സബ്‌സിഡി സ്ലാബുകളും നിലവിൽ വന്നു . റേഷൻ കാർഡ് മാനദണ്ഡമാക്കി ബിപിഎൽ കാർഡ് ഉള്ളവർക്ക് ‘ബി’ സ്ലാബും (30 % സബ്‌സിഡി), ബിപിഎൽ–എഎവൈ കാർഡ് ഉള്ളവർക്ക് ‘എ1’ (50 % സബ്‌സിഡി ), കൂടുതൽ സാമ്പത്തിക സാമൂഹിക ബുദ്ധിമുട്ടുള്ള ബിപിഎൽ–എഎവൈ കാർഡ് ഉള്ളവർക്ക് മതിയായ രേഖകൾ സമർപ്പിച്ചാൽ ‘എ’ (100 % സബ്‌സിഡി ) സ്ലാബും അനുവദിച്ചു വരുന്നു.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിൽ നിർമിച്ചു വരുന്ന ‘സ്വാസ്ത്യ സുരക്ഷാ ബ്ലോക്ക്’ എന്ന പുതിയ കെട്ടിടത്തിന്റെ  നിർമാണം  75% പൂർത്തിയായി, 2022 ഡിസംബറോടെ പ്രവർത്തനത്തിന് തയ്യാറാകും. ചികിത്സാ ചെലവുകൾ  കൃത്യമായ ഇടവേളകളിൽ   വിശകലനം ചെയ്യുകയും വിവിധ സ്കീമുകൾ അനുസരിച്ചു പുനഃക്രമീകരിക്കുകയും ചെയ്തു വരുന്നു.

പൂർണമായും സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ്, എയിംസ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ വാർഷിക ഗ്രാന്റിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനം മാത്രമായ ശ്രീ ചിത്ര പരിമിതികൾക്കുള്ളിൽ നിന്നു കഴിയുന്ന വിധത്തിൽ പാവപ്പെട്ടവരെയും നിരാലംബരെയും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഭേദഭാവങ്ങൾ ഇല്ലാതെ നൽകാൻ ശ്രമിച്ചു വരുന്നതായും അതിനു പ്രതിജ്ഞാബദ്ധവുമാണെന്നും വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു.

English Summary: No change in free treatment; Kasp-Ayushman Bharat SCTIMST

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com