ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയിൽനിന്ന് രണ്ടു കോടി രൂപ മുടക്കി എം.എഫ്.ഹുസൈന്റെ പെയിന്റിങ് വാങ്ങാൻ നിർബന്ധിതനായെന്ന് യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂറിന്റെ വെളിപ്പെടുത്തൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. ഈ പണം ന്യൂയോർക്കിൽ സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി ഗാന്ധി കുടുംബം ചെലവഴിച്ചെന്നും റാണ കപൂർ മൊഴി നൽകി.

പ്രത്യേക കോടതിയിൽ ഇഡി സമർപ്പിച്ച ചാർജ് ഷീറ്റിലാണ് റാണ കപൂറിന്റെ മൊഴിയെക്കുറിച്ച് പറയുന്നത്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് 2020 മാർച്ചിൽ അറസ്റ്റിലായ റാണ കപൂർ, നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മുൻ പെട്രോളിയം മന്ത്രി മുരളി ദേവ്‌റയുടെ നിർബന്ധമാണ് പെയിന്റിങ് വാങ്ങാൻ കാരണമെന്നും റാണ പറയുന്നു. പ്രിയങ്ക ഗാന്ധിയിൽനിന്ന് പെയിന്റിങ് വാങ്ങിയില്ലെങ്കിൽ ഗാന്ധി കുടുംബവുമായി നല്ല ബന്ധം കെട്ടിപ്പടുക്കാനാകില്ലെന്ന് ദേവ്റ മുന്നറിയിപ്പ് നൽകിയിരുന്നു.

മാത്രമല്ല, പത്മഭൂഷൺ കിട്ടാനുള്ള വഴിയടയുമെന്നും ദേവ്റ പറഞ്ഞതായി കപൂർ മൊഴി നൽകി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് റാണ കപൂർ, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എൽ പ്രമോട്ടർമാർ തുടങ്ങിയവർക്കെതിരെ പ്രത്യേക കോടതിയിൽ സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് ഇഡി ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടു കോടിയുടെ ചെക്ക് നൽകിയാണ് പെയിന്റിങ് വാങ്ങിയതെന്ന് കപൂർ വെളിപ്പെടുത്തി. പെയിന്റിങ്ങിനായി താൻ നൽകിയ പണം ഗാന്ധി കുടുംബം സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി ചെലവഴിച്ചെന്ന് മുരളി ദേവ്റയുടെ മകൻ മിലിന്ദ് ദേവ്റ പിന്നീട് രഹസ്യമായി അറിയിച്ചെന്നും കപൂർ പറഞ്ഞു.

സോണിയയുടെ ചികിത്സാർഥം അത്യാവശ്യ ഘട്ടത്തിൽ നൽകുന്ന ഈ സഹായവും പിന്തുണയും പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഗാന്ധി കുടുംബം ഓർക്കുമെന്ന് സോണിയയുടെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേലും ഉറപ്പുനൽകിയതായി റാണ കപൂർ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയിൽനിന്ന് പെയിന്റിങ് വാങ്ങാനുള്ള ഓഫർ നിരസിച്ചാൽ, അതിന്റെ പ്രത്യാഘാതങ്ങൾ താനും യെസ് ബാങ്കും അനുഭവിക്കേണ്ടി വരുമെന്ന് മുരളി ദേവ്റ പറഞ്ഞതായും റാണ കപൂർ ആരോപിച്ചു.

English Summary: Was forced to buy M F Husain painting from Priyanka Gandhi, paid Rs 2 crore: Rana Kapoor in ED charge sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com