ADVERTISEMENT

കൊച്ചി ∙ ക്ഷാമബത്തയുടെ കാര്യത്തിലും സർക്കാർ വിവേചനം കാട്ടുന്നതായി കോളജ് അധ്യാപകരുടെ ആരോപണം. കേന്ദ്രസർക്കാർ ക്ഷാമബത്തയിൽ വർധന വരുത്തിയിട്ടും 2019 മുതൽ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നാണ് അധ്യാപകരുടെ പരാതി. കടുത്ത അവഗണനയാണു നേരിടുന്നതെന്നു അധ്യാപകർ പറയുന്നു. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നിസ്സംഗത കാട്ടിയതിനെ തുടർന്നു കോടതിയെ സമീപിക്കേണ്ട അവസ്ഥയുണ്ടായതുപോലെ ഇക്കാര്യത്തിലും നിയമത്തിന്റെ വഴി തേടേണ്ടിവരുമോയെന്ന സംശയത്തിലാണ് പതിനായിരത്തോളം വരുന്ന കോളജ് അധ്യാപക സമൂഹം. 

കടുത്ത അവഗണനയും അനീതിയും

34% ക്ഷാമബത്ത ലഭിക്കേണ്ടയിടത്തു കോളജ് അധ്യാപകർക്ക് 2019 ൽ ലഭിച്ച 17% മാത്രമാണ് ലഭിക്കുന്നതെന്ന് അധ്യാപക സംഘടനാ നേതാക്കൾ പറഞ്ഞു. എന്നാൽ കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന നിരക്ക് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്കു കേരളത്തിൽ നൽകുന്നുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ജനുവരി ഒന്നുമുതൽ ക്ഷാമബത്ത 31%ൽ നിന്നു 34% ആയി വർധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഓൾ ഇന്ത്യ സർവീസ് ഓഫിസർമാർക്ക് (ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്) ക്ഷാമബത്ത നിലവിലെ 31% ൽനിന്ന് 34% ആയി വർധിപ്പിക്കണമെന്നു നിർദേശിച്ച് ഏപ്രിൽ 26 ന് സംസ്ഥാന ധന അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് ഉത്തരവിട്ടിരുന്നു. ജനുവരി ഒന്നുമുതലാണ് ഈ നിരക്ക് പ്രാബല്യം. 

എന്നാൽ കേന്ദ്ര നിരക്കിലുള്ള ഡിഎയ്ക്ക് അർഹതയുള്ള തങ്ങളോടു കടുത്ത അവഗണനയും അനീതിയുമാണ് സർക്കാർ കാണിക്കുന്നതെന്ന് അധ്യാപകർ പറയുന്നു. മൂന്നു വർഷത്തോളമായി ക്ഷാമബത്ത തടഞ്ഞു വച്ചിരിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നു കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന പ്രസിഡന്റ് ഡോ. ടി. മുഹമ്മദലി പറഞ്ഞു. കെപിസിടിഎ ധനമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടിയുണ്ടായില്ല.

അവഗണന തുടർക്കഥ

യുജിസി വിഭാഗത്തിൽപ്പെടുന്ന കോളജ് അധ്യാപകർക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ക്ഷാമബത്തയാണ് നൽകുന്നത്. ക്ഷാമബത്തയുടെ കാര്യത്തിൽ മാത്രമല്ല, ശമ്പള പരിഷ്ക്കരണത്തിന്റെ കാര്യത്തിലും നിരന്തരം അവഗണനയാണ് നേരിടുന്നതെന്ന് അധ്യാപകർ പറഞ്ഞു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഞ്ചുവർഷം കൂടുമ്പോൾ ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നുണ്ട്. യുജിസി നിയമമനുസരിച്ച് 10 വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം കോളജ് അധ്യാപകർക്കു നൽകേണ്ടതാണ്. എന്നാൽ കേരളത്തിൽ വൈകുക പതിവാണ്. 15 വർഷം കൂടുമ്പോൾ ആണ് കേരളത്തിൽ നടപ്പാക്കുന്നത്.


Photo Credit : Joat / Shutterstock.com
Photo Credit : Joat / Shutterstock.com

കോളജ് അധ്യാപകർക്ക് 2016 മുതലുള്ള ശമ്പള വർധന 2018ലാണ് യുജിസി പ്രഖ്യാപിച്ചത്. ഇതു നടപ്പിലാക്കാൻ 2019 മുതൽ 2022വരെ പത്തിലേറെ ഉത്തരവുകൾ ഇറക്കിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. ഉത്തരവുകളിൽ നിരന്തരം തെറ്റുകൾ വരുത്തി ശമ്പളവർധനയുടെ മെച്ചം ലഭിക്കാതിരിക്കാൻ സർക്കാർ ഗൂഢശ്രമം നടത്തുകയായിരുന്നു എന്നാണ് അധ്യാപകരുടെ ആരോപണം. എന്നാൽ 2016 ജനുവരി മുതൽ 2019 ജൂൺവരെയുള്ള മൂന്നരവർഷക്കാലത്തെക്കുറിച്ച് സർക്കാർ നിശബ്ദത പാലിച്ചു. 2016 മുതൽ 2019 വരെയുള്ള യുജിസി വിഹിതം കേന്ദ്രസർക്കാരിൽനിന്നു വാങ്ങിയിട്ടും ഇക്കാലയളവിലെ ശമ്പള കുടിശിക നിഷേധിച്ചെന്നും അധ്യാപകർ ആരോപിക്കുന്നു.

എന്നാൽ പരിഷ്കരണം നടപ്പിലാക്കിയിട്ടും സോഫ്റ്റ് വെയർ തകരാർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾമൂലം താഴ്ന്ന ശമ്പളത്തിൽ കോളജ് അധ്യാപകർ ജോലി ചെയ്യുന്ന സാഹചര്യവും കേരളത്തിലുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. വിവേചനപരമായി കോളജ് അധ്യാപകർക്കു മാത്രം അവരുടെ വേതനാവകാശം തടഞ്ഞുവയ്ക്കുകയും വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്ന നയപദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന സർക്കാർ നടപടികൾക്കെതിരെ 17ന് സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് അധ്യാപക സംഘടനയായ കെപിസിടിഎ അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു.

English Summary: Welfare Allowance not given, State government to be blamed, says College Lecturers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com