ADVERTISEMENT

അഹമ്മദാബാദ്∙ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വന്‍ ഗൂഢാലോചനയുടെ ഭാഗമായിരുന്നു സാമൂഹികപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദ് എന്ന് ഗുജറാത്ത് പൊലീസ്. ടീസ്റ്റയുടെ ജാമ്യഹര്‍ജിയെ കോടതിയില്‍ എതിര്‍ക്കുമ്പോഴാണ് ഗുജറാത്ത് പൊലീസ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അടുത്തിടെ ടീസ്റ്റയെയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ആര്‍.ബി.ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും അറസ്റ്റ് ചെയ്തിരുന്നു. 

2002ലെ കലാപത്തിനു ശേഷം ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അഹമ്മദ് പട്ടേലിന്റെ അറിവോടെ നടത്തിയ വന്‍ഗൂഢാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമായിരുന്നു ഇത്. നിരപരാധികളെ കുറ്റക്കാരാക്കാനായി എതിര്‍പാര്‍ട്ടികളില്‍നിന്ന് അനധികൃതമായി ടീസ്റ്റ സാമ്പത്തിക നേട്ടങ്ങളും പുരസ്‌കാരങ്ങളും സ്വീകരിച്ചുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗോധ്ര കലാപാനന്തരം ടീസ്റ്റ 30 ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് സാക്ഷിമൊഴി ഉദ്ധരിച്ച് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. 

ഗുജറാത്ത് സര്‍ക്കാരിന്റെ ഭാഗമായിരുന്ന മുതിര്‍ന്ന ബിജെപി നേതാക്കളുടെ പേര് കലാപക്കേസില്‍ ഉള്‍പ്പെടുത്താനായി ടീസ്റ്റ അന്നു കേന്ദ്രം ഭരിച്ചിരുന്ന പാര്‍ട്ടിയുടെ നേതാക്കളെ ഡല്‍ഹിയില്‍ നിരവധി തവണ സന്ദര്‍ശിച്ചിരുന്നുവെന്നും എസ്‌ഐടി ആരോപിക്കുന്നു. ഷബാനയ്ക്കും ജാവേദിനും മാത്രം എന്തുകൊണ്ടാണ് അവസരം നല്‍കുന്നതെന്നും തന്നെ എന്തുകൊണ്ടാണ് രാജ്യസഭാംഗം ആക്കാത്തതെന്നും ടീസ്റ്റ കോണ്‍ഗ്രസ് നേതാക്കളോടു ചോദിച്ചിരുന്നുവെന്നും ഒരു സാക്ഷി അറിയിച്ചതായി സത്യവാങ്മൂലത്തിലുണ്ട്. കോണ്‍ഗ്രസ് ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി.ഡി.താക്കൂര്‍ ടീസ്റ്റയുടെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി.

ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്കു കഴിഞ്ഞ മാസം സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെയാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍, വ്യാജ തെളിവ് ഉണ്ടാക്കല്‍ തുടങ്ങി ഐബിസി 468, 194 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

 

English Summary: Gujarat Riots: Ahmed Patel Plotted Against Narendra Modi, Says Probe Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com