ADVERTISEMENT

തിരുവനന്തപുരം∙ ജീവിതത്തിലെ ഏകാന്തവാസം അവസാനിപ്പിച്ച് നടൻ രാജ്മോഹൻ(88) ഇനി ഓർമ. തിരുവനന്തപുരം സർക്കാർ ജനറൽ ആശുപത്രി മോർച്ചറിയിൽ ഏറ്റെടുക്കാൻ ആരുമില്ലാതെ അനാഥമായി കിടന്ന നടന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റെടുത്ത് അന്ത്യാഞ്ജലി അർപ്പിച്ചാണ് ഉചിതമായ യാത്രയയപ്പു നൽകിയത്.

വ്യാഴാഴ്ച രാവിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്നും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ ഭൗതികദേഹം തുടർന്ന് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വച്ചു. മന്ത്രി വി.എൻ. വാസവൻ സർക്കാരിനായി അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. ഭാരത് ഭവനില്‍ നിന്ന് തൈക്കാട് ശാന്തികവാടത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. ജീവിതത്തിലെ ഏകാന്തവാസം അവസാനിപ്പിച്ച് ഒടുവിൽ മടക്കം.

∙ ഏറ്റെടുക്കാൻ ആരോരുമില്ല

ഈ മാസം 17ന് അന്തരിച്ച നടന്റെ ഭൗതികദേഹം ഏറ്റുവാങ്ങാന്‍ ആരുമില്ലെന്ന വാര്‍ത്തയെത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

rajmohan-kamal-sureshkumar
സംവിധായകൻ കമൽ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവർ രാജ്‌മോഹന്റെ ട്യൂഷൻ സെന്ററിൽ. – ഫയൽ ചിത്രം.

∙ മാധവന്റെ വേഷം അവതരിപ്പിച്ചു

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ ‘ഇന്ദുലേഖ’ കലാനിലയം കൃഷ്ണന്‍ നായര്‍ സിനിമയാക്കിയപ്പോള്‍ അതിലെ നായകന്‍ മാധവനെ അവതരിപ്പിച്ചയാളാണ് അദ്ദേഹത്തിന്റെ മരുമകൻ കൂടിയായിരുന്ന രാജ്മോഹന്‍. ഇന്ദുലേഖയ്ക്ക് ശേഷവും ചില സിനിമകളിലും അഭിനയിച്ച രാജമോഹന്‍ പിന്നീട് സിനിമ വിട്ടു.

കലാനിലയം കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ച്  ഏകാന്തജീവിതമായിരുന്നു. ബിഎ ബിഎല്‍ ബിരുദധാരിയായ അദ്ദേഹം ട്യൂഷനെടുത്താണ് കഴിഞ്ഞിരുന്നത് .ചാക്കയിലെ ഒരു കുടിലിൽ ഏറെക്കാലം ഒറ്റയ്ക്ക് വാസം. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും കരുണയിൽ കുറച്ചുകാലം. പിന്നീട്  വാര്‍ധക്യസഹജമായ അവശതകളെത്തുടര്‍ന്ന് പുലയനാര്‍കോട്ടയിലെ അനാഥലയത്തിലേക്കു മാറി. ഈ മാസം നാലിന് അസുഖബാധിതനായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ചായിരുന്നു അന്ത്യം.

∙ ചുമതല ഏറ്റെടുത്ത് പ്രേംകുമാർ

actor-rajmohan
രാജ്‌മോഹൻ, രണ്ടു കാലങ്ങളിൽ.

17 ന്  അന്തരിച്ച നടന്റെ ഭൗതികദേഹം ഏറ്റുവാങ്ങാന്‍  ചലച്ചിത്ര അക്കാദമിക്ക് വേണ്ടി മുന്‍പന്തിയില്‍ നിന്നത് നടനും അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ ആയിരുന്നു. കോഴിക്കോട് നടന്ന ചലച്ചിത്ര മേള പൂര്‍ത്തിയാവും മുന്‍പാണ് മൃതദേഹം ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ക്കായി പ്രേംകുമാര്‍ തിരുവനന്തപുരത്ത് തിരികെ എത്തിയത്.

നടന്‍റെ അനാഥമായ മൃതദേഹത്തെപ്പറ്റിയുള്ള വാര്‍ത്ത പുറത്തു വന്നതിനു തൊട്ടുപിന്നാലെ പ്രേംകുമാറിന്‍റെ ഇടപെടലുണ്ടായി. ചലച്ചിത്ര അക്കാദമിക്ക് ഏറ്റെടുക്കാനുള്ള സാധ്യതകള്‍ തേടി പ്രേംകുമാര്‍ ആശുപത്രി ആര്‍എംഒ യെ ബന്ധപ്പെട്ടു. നടന് ബന്ധുക്കള്‍ ആരുമില്ലെന്ന് ഉറപ്പായാലേ മൃതദേഹം കൈമാറാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പഴയകാലനടന്‍റെ മൃതദേഹം അനാഥമായി പോകാതിരിക്കാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.  ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ കോഴിക്കോട് നിന്ന് തന്നെ പ്രേംകുമാര്‍ ഫോണില്‍ ഏകോപിച്ചു. ചലച്ചിത്ര അക്കാദമിയില്‍ ചര്‍ച്ച ചെയ്തു സര്‍ക്കാരിന്‍റെ അനുമതിയും ഇതിനായി തേടി. ഒടുവില്‍  തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം  സംസ്കരിക്കുമ്പോള്‍ പ്രേംകുമാറിന് പറയാനുള്ളത് ഒന്നു മാത്രം : ‘‘അക്കാദമിക്ക് ഏറ്റെടുക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കില്‍ സ്വയം ഏറ്റെടുത്ത് സംസ്ക്കരിച്ചേനെ. ഒരു കലാകാരനും  ഈ അവസ്ഥ ഉണ്ടാവരുത്. ’’

സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ഗുരുഗോപിനാഥ് നടനഗ്രാമം ചെയര്‍മാന്‍ കരമന ഹരി, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ഫിലിം ചേംബര്‍ പ്രസിഡന്‍റ് ജി.സുരേഷ് കുമാര്‍, തിരുവനന്തപുരം ഫിലിം ഫ്രട്ടേണിറ്റി ജനറല്‍ സെക്രട്ടറി കല്ലിയൂര്‍ ശശി, സംവിധായകന്‍ ജി.എസ്.വിജയന്‍, നടന്‍ പ്രഫ.അലിയാര്‍, ചലച്ചിത്ര അക്കാദമി ട്രഷറര്‍ ആര്‍. ശ്രീലാല്‍ തുടങ്ങി ചലച്ചിത്ര, സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.

English Summary: The body of Actor Raj Mohan  cremated at Thiruvananthapuram by Chalachithra Academy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com