ADVERTISEMENT

ന്യൂഡല്‍ഹി∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നു. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ സജ്ജമായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഏപ്രില്‍ 10, 11 തീയതികളില്‍ ഒരുക്കങ്ങള്‍ വിലയിരുത്താനായി എല്ലാ ആശുപത്രികളിലും മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഗര്‍ഭിണികളും പ്രായമായവരും രോഗികളും പുറത്തുപോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണെന്നും മന്ത്രി വ്യക്തമായിരുന്നു. 

Read Also: ട്രെയിൻ തീവയ്‌പിന് കൃത്യമായ മുന്നൊരുക്കം, കോളും ചാറ്റും തെളിവ്; ഷാറുഖിന് സഹായം കിട്ടി’

കേരളത്തിനു പുറമേ ഹരിയാനയിലും പുതുച്ചേരിയിലുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സാഹചര്യം മനസിലാക്കി പെരുമാറണമെന്ന് ഹരിയാന ആരോഗ്യവകുപ്പ് ജനങ്ങളോട് നിര്‍ദേശിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മാസ്‌ക് നിര്‍ദേശം നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടങ്ങളും പഞ്ചായത്തുകളും ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളില്‍ അടിയന്തരമായി മാസ്‌ക് നിര്‍ബന്ധമാക്കിയതായി പുതുച്ചേരി ഭരണകൂടവും അറിയിച്ചു. ആശുപത്രി, ഹോട്ടല്‍, റസ്റ്ററന്റുകള്‍, മദ്യക്കടകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 

കേരളത്തില്‍ നല്‍കിയ നിര്‍ദേശം 

പ്രായമുള്ളവരേയും കിടപ്പ് രോഗികളെയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റു രോഗങ്ങളുള്ളവരാണ്. വീട്ടില്‍നിന്നു പുറത്തു പോകാത്ത 5 പേര്‍ക്ക് കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കിടപ്പുരോഗികള്‍, വീട്ടിലെ പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

Read Also: ‘അത് മോദിയുടെ മാജിക്ക് അല്ലാതെ എന്താണ്?’; പ്രധാനമന്ത്രിയെ പുകഴ്ത്തി അജിത് പവാർ

പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്തുപോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണം. അവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പുറത്ത് പോകുമ്പോള്‍ അവരും മാസ്‌ക് കൃത്യമായി ധരിക്കണം. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകാതെ അവര്‍ ഇത്തരം വിഭാഗക്കാരുമായി അടുത്തിടപഴകരുത്. ആള്‍ക്കൂട്ടത്തില്‍ പോകുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കേണ്ടതാണ്. 

പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് ധരിക്കേണ്ടതാണ്. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. മറ്റു സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കണം. എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങള്‍ തുടരണം. കോവിഡ് രോഗികള്‍ കൂടുന്നത് മുന്നില്‍ കണ്ട് ആശുപത്രി സജ്ജീകരണങ്ങള്‍ സര്‍ജ് പ്ലാനനുസരിച്ച് വര്‍ധിപ്പിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം. 

സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കും. കെയര്‍ ഹോമുകളിലുള്ളവര്‍, കിടപ്പ് രോഗികള്‍, ട്രൈബല്‍ മേഖലയിലുള്ളവര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണം. കെയര്‍ ഹോമുകള്‍, വൃദ്ധ സദനങ്ങള്‍ തുടങ്ങിയ പ്രത്യേക പരിചരണം ആവശ്യമുള്ളയിടങ്ങളിലെ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരുമായി ഇടപെടുമ്പോള്‍ അവര്‍ എന്‍ 95 മാസ്‌ക് ധരിക്കണം. അവര്‍ക്ക് കോവിഡ് വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

English Summary: As Covid Cases Rise, Masks Back In 3 States, Others Conduct Mock Drills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com