ADVERTISEMENT

ഭുവനേശ്വർ∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ അമ്മ മരിച്ചെന്ന് അവകാശപ്പെട്ട് സർക്കാർ ജോലി തേടിയെത്തിയ യുവാവ് അറസ്റ്റിൽ. പട്ന സ്വദേശിയായ സഞ്ജയ് കുമാർ എന്ന നാൽപ്പത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. ബാലസോർ ട്രെയിൻ ദുരന്തത്തിൽ അമ്മ മരിച്ചെന്നും, സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിനു പകരം സർക്കാർ ജോലി ലഭിക്കുമോയെന്നും തിരക്കി ഇയാൾ ഡൽഹിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. പിന്നീട് റെയിൽ ഭവനിലുമെത്തി. അന്വേഷണത്തിൽ ഇയാളുടെ അമ്മ 2018ൽ മരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

‘‘റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കാണണമെന്ന് ആവശ്യപ്പെട്ട് ആദ്യം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലാണ് സഞ്ജയ് വന്നത്. അവിടെയുണ്ടായിരുന്നവർ റെയിൽ ഭവനിലാണ് മന്ത്രിയെന്ന് അറിയിച്ചു. തുടർന്ന് റെയിൽ ഭവനിലെത്തിയ ഇയാളുടെ സംസാരത്തിൽ സംശയം തോന്നിയതോടെയാണ് അധികൃതർ അന്വേഷണം നടത്തിയത്’ – റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു.

‘‘അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരിയായിരുന്നു അമ്മയെന്ന് അവകാശപ്പെട്ടാണ് ഇയാൾ ഓഫിസിൽ എത്തിയത്. അപകടത്തിൽ അമ്മ മരിച്ചെന്നും വ്യക്തമാക്കി. എന്നാൽ, ട്രെയിനിൽ അവരുണ്ടായിരുന്നു എന്ന് തെളിയിക്കാൻ യാതൊരു രേഖകളും അയാളുടെ പക്കലുണ്ടായിരുന്നില്ല. ഇതാണ് സംശയത്തിനു കാരണമായത്’– അധികൃതർ വിശദീകരിച്ചു.

‘‘ഒരു ട്രാവൽ ഏജന്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നാണ് സഞ്ജയ് പറഞ്ഞത്. അയാളുടെ പേര് ഓർക്കുന്നില്ലെന്നും അറിയിച്ചു. വെയിറ്റിങ് ലിസ്റ്റിലും അമ്മയുടെ പേരുണ്ടെന്ന് തെളിയിക്കാൻ സഞ്ജയ് കുമാറിന് സാധിച്ചില്ല. അമ്മയുടെ ഫോട്ടോ ഇയാൾ തന്നതുവച്ച് ഞങ്ങൾ അന്വേഷണം നടത്തി. അപകടത്തിനു മുൻപ് കൊറമാണ്ഡൽ എക്സ്പ്രസ് നിർത്തിയ സ്റ്റേഷനുകളിൽ ഫേഷ്യൽ റികൊഗ്‌നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചു പോലും പരിശോധിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ഇതോടെ ഞങ്ങളുടെ സംശയം ഇരട്ടിച്ചു.’

തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെ സഞ്ജയ് കുമാർ സത്യം തുറന്നുപറഞ്ഞെന്നും അധികൃതർ വെളിപ്പെടുത്തി. ‘‘അയാളുടെ അമ്മ യഥാർഥത്തിൽ 2018ൽ മരിച്ചതാണ്. ബാലസോർ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം റെയിൽവേ മന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചത് ഇയാൾ ശ്രദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിൽ അമ്മ അപകടത്തിൽ മരിച്ചെന്ന് പറഞ്ഞ് ധനസഹായത്തിനു പകരം സർക്കാർ ജോലി തേടാൻ സഞ്ജയ് ശ്രമിക്കുകയായിരുന്നു. ദീർഘകാലമായി ജോലിയൊന്നുമില്ലെന്നും അതിൽ കടുത്ത നിരാശയുണ്ടെന്നും സഞ്ജയ് പറഞ്ഞു. ഇതേത്തുടർന്നാണ് ഇത്തരമൊരു പദ്ധതിയിട്ടതെന്നും അയാൾ വെളിപ്പെടുത്തി’ – അധികൃതർ വിവരിച്ചു.

English Summary: In bid to land govt job, man claims mother died in Odisha train accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com