ADVERTISEMENT

തിരുവനന്തപുരം∙ കലാകാരൻമാർക്ക് ബിജെപി എന്നും നല്ല പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയിൽ ചേർന്ന സംവിധായകരായ രാജസേനനെയും അലി അക്ബറിനെയും പാർട്ടിയുടെ ഏറ്റവും വലിയ സമിതിയായ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരുന്നതായി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇവരെല്ലാം പാർട്ടി വിട്ടുപോകുന്നത് തീർച്ചയായും നിർഭാഗ്യകരമാണ്. എല്ലാവർക്കും വീതിച്ചു നൽകാൻ കേരളത്തിൽ ബിജെപിക്ക് വലിയ അധികാര സ്ഥാനങ്ങളില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 2016ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതു മുതൽ ഭീമൻ രഘു പാർട്ടിയുമായി അത്ര രസത്തിലല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 

‘‘കലാകാരൻമാരെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ഏറ്റവും നല്ല പരിഗണനയാണ് നൽകിയിട്ടുള്ളത്. അലി അക്ബർ നേരത്തേ തന്നെ പാർട്ടി സ്ഥാനങ്ങൾ രാജിവച്ചതാണ്. ഏഴു മാസം മുൻപു തന്നെ അദ്ദേഹം ഇതേപോലെ ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇന്ന് വീണ്ടും അദ്ദേഹം രാജിവച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. തീർച്ചയായിട്ടും ധാരാളം ആളുകൾ പാർട്ടിയിലേക്കു വരുന്നുണ്ട്. ധാരാളം സ്ഥലത്ത് ബിജെപിയിലേക്ക് ആളുകൾ ചേർന്നുകൊണ്ടിരിക്കുകയാണ്. മറ്റു പാർട്ടികളിൽനിന്നും സാമൂഹിക സംഘടനകളിൽ നിന്നുമെല്ലാം ദിവസേനയെന്നവണ്ണം ബിജെപിയിലേക്ക് ആളുകൾ വരുന്നു’ – സുരേന്ദ്രൻ പറഞ്ഞു.

‘‘പക്ഷേ, ഓരോ വ്യക്തിയും പോകുന്നത് നിർഭാഗ്യകരമായ കാര്യമാണ്. ബിജെപിയിൽനിന്ന് ആരെങ്കിലും വിട്ടു പോകുന്നുണ്ടെങ്കിൽ അക്കാര്യം ഞങ്ങൾ ശരിയായി പരിശോധിക്കും. ഓരോ വ്യക്തിയും അവരുടേതായ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് പോകുന്നത്. രാജസേനൻ ബിജെപിയിൽ ചേർന്ന സമയത്ത് അദ്ദേഹത്തെ ഞങ്ങൾ പാർട്ടിയുടെ ഏറ്റവും ഉന്നത സമിതിയായിട്ടുള്ള സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി. അദ്ദേഹത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകി. എല്ലാ പാർട്ടി വേദികളിലും അദ്ദേഹത്തിന് ഞങ്ങൾ മാന്യമായ സ്ഥാനം നൽകിയിട്ടുണ്ട്.’

‘‘അലി അക്ബറിന്റെ കാര്യത്തിലും ഇതു തന്നെയാണ് ചെയ്തിട്ടുള്ളത്. അലി അക്ബറിനെ ഞങ്ങൾ ബിജെപിയുടെ സംസ്ഥാന സമിതി അംഗമായിട്ടാണ് നിശ്ചയിച്ചത്. അദ്ദേഹം സംസ്ഥാന സമിതിയിൽ കാലങ്ങളോളം ഉണ്ടായിരുന്നു. അദ്ദേഹത്തിനും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരവും നൽകി. പുതിയതായി വരുന്ന എല്ലാവർക്കും ബിജെപിയിൽ മാന്യവും അർഹവുമായ സ്ഥാനം നൽകുന്നുണ്ട്.’

‘‘പക്ഷേ, പുതിയതായി വരുന്നവർക്ക് വീതിച്ചു നൽകാനായി ഞങ്ങൾക്ക് കേരളത്തിൽ വലിയ അധികാരങ്ങളൊന്നുമില്ല. മേയർ സ്ഥാനമോ ഡെപ്യൂട്ടി മേയർ സ്ഥാനമോ മറ്റ് രാജ്യസഭാംഗത്വമോ ഒന്നും നൽകാൻ കഴിയുന്ന നിലയല്ല പാർട്ടിക്ക് കേരളത്തിലുള്ളത്. അതുകൊണ്ട് എല്ലാവരുടെയും പ്രതീക്ഷയനുസരിച്ച് സ്ഥാനമാനങ്ങൾ നൽകാനും പരിഗണിക്കാനും കഴിയാത്ത സാഹചര്യമുണ്ട്. അത് ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല. മറിച്ച്, നിലവിലുള്ള സാഹചര്യം അങ്ങനെയാണ്. എങ്കിലും വന്നവർക്കെല്ലാം മതിയായ അവസരങ്ങൾ ഞങ്ങൾ നൽകിയിട്ടുണ്ട്. ആരെയും അവഗണിച്ചിട്ടില്ല. ബിജെപിയുടെ സംസ്ഥാന സമിതിയിൽ ഈ പറഞ്ഞ രണ്ടു പേരും അംഗങ്ങളായിരുന്നു.’

‘‘പിന്നെയുള്ളത് ഭീമൻ രഘുവിന്റെ കാര്യമാണ്. അദ്ദേഹത്തെ സംബന്ധിച്ച് 2016ലെ തിരഞ്ഞെടുപ്പിൽ പത്തനാപുരത്തു നിന്ന് മത്സരിച്ചിരുന്നു. മത്സരിച്ച് പരാജയപ്പെട്ടതിനു ശേഷം അദ്ദേഹം പാർട്ടിയോട് പലപ്പോഴും നല്ല നിലയിലല്ല സംസാരിച്ചത്. പൊടുന്നനെ അദ്ദേഹവും കഴിഞ്ഞ ദിവസം രാജിവച്ചതായിട്ട് കണ്ടു. ബിജെപിയെ സംബന്ധിച്ചിടത്തോളം, അങ്ങനെ ആരെയും അവഗണിക്കുന്ന പതിവ് പാർട്ടിയിലില്ല. ഇത് ലക്ഷക്കണക്കിന് അംഗങ്ങളുള്ള പാർട്ടിയാണ്. എല്ലാവരും ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കണമെന്നില്ലല്ലോ.’

‘‘ബിജെപിയിലേക്ക് വരുന്ന ആളുകളെക്കുറിച്ച് നിങ്ങൾ ഒരു വാർത്ത പോലും കൊടുക്കുന്നില്ല. നിത്യേന ബിജെപിയിലേക്ക് ആളുകൾ ചേർന്നുകൊണ്ടിരിക്കുകയാണ്. നിരവധി പാർട്ടികളിൽനിന്ന് ബിജെപിയിലേക്ക് ആളുകൾ വരുന്നുണ്ട്. അതൊന്നും വാർത്തയാകുന്നില്ല എന്നേയുള്ളൂ. ഒന്നോ രണ്ടോ പേർ പാർട്ടി വിടുന്നതിനെ നിങ്ങൾ ആളുകൾ വിട്ടുപോകുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.’

‘‘ഈ രാമസിംഹനെ നിങ്ങൾ എത്രമാത്രം മോശമായിട്ടാണ് ചിത്രീകരിക്കാറുള്ളത്. എന്നിട്ട് ഇന്നു നിങ്ങൾ ഇത് വലിയ തോതിൽ വാർത്തയാക്കുന്നു. അലി അക്ബർ ചെയ്തിട്ടുള്ള സിനിമകളെക്കുറിച്ചും അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചും ഇത്രയും ദിവസം മോശമായും രൂക്ഷമായും വിമർശിച്ചിരുന്ന ആളുകൾ ഇന്ന് വന്ന് അദ്ദേഹത്തിന്റെ അനുയായികളേപ്പോലെ സംസാരിക്കുമ്പോൾ അത് മനസ്സിലാക്കാനുള്ള ബുദ്ധി ബിജെപി പ്രവർത്തകർക്കും നാട്ടുകാർക്കുമുണ്ട്.’ – സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran Responds On Film Personalities Resigning From BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com