ADVERTISEMENT

മോസ്കോ∙ ആയുധ കരാറുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. റഷ്യയിലെ പസിഫിക് തീരനഗരമായ വ്ലാഡിവോസ്റ്റോക്കിൽ വച്ച് കൂടിക്കാഴ്ച നടക്കുമെന്ന വിവരം യുഎസ് ആണു പുറത്തുവിട്ടത്. ഇതിനായി അതീവസുരക്ഷയുള്ള ട്രെയിനിൽ കിം ജോങ് ഉൻ പ്യോങ്ങ്യാങ്ങിൽനിന്ന് അവിടേക്കു പോകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിൽ ആയുധങ്ങൾ നൽകി സഹായിക്കാനാണ് കിം – പുട്ടിൻ കൂടിക്കാഴ്ചയെന്നാണ് യുഎസിന്റെ ആരോപണം.

യുക്രെയ്ൻ യുദ്ധത്തിന് ആവശ്യമായ ആയുധങ്ങൾ എത്തിക്കുന്നതിനായി റഷ്യയും ഉത്തര കൊറിയയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായി യുഎസ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഇതിനിടെയാണ്, ഇതേ കാര്യത്തിനായി ഇരു രാജ്യങ്ങളുടെയും തലവൻമാർ രഹസ്യ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്ന വെളിപ്പെടുത്തൽ.

‘‘ഞങ്ങൾ മുൻപ് പരസ്യമായി മുന്നറിയിപ്പു നൽകിയിരുന്നതുപോലെ, റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ആയുധ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും തുടരുമെന്നും, നേതാക്കൾ തമ്മിൽ റഷ്യയിൽവച്ച് കൂടിക്കാഴ്ച നടത്തുമെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്’ – യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയാൻ വാട്സൻ പറഞ്ഞു.

ഉത്തര കൊറിയ വിട്ട് വളരെ അപൂർവമായി മാത്രം യാത്ര ചെയ്യാറുള്ള കിം ജോങ് ഉൻ, ആയുധ കൈമാറ്റ ചർച്ചകൾക്കായി ഈ മാസം അവസാനം വ്ലാഡിവോസ്റ്റോക്കിലേക്കു പോകുമെന്ന കാര്യം, ‘ദ് ന്യൂയോർക്ക് ടൈംസും’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചർച്ചകൾക്കായി മോസ്കോയിലേക്കു പോകാനും കിം ജോങ് ഉൻ തയാറാണെങ്കിലും, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

യുക്രെയ്നിൽ റഷ്യയ്ക്കായി പോരാട്ടം നടത്തിയിരുന്ന വാഗ്‌നർ ഗ്രൂപ്പിന് ഉപയോഗിക്കാനായി 2022ൽ ഉത്തര കൊറിയ റോക്കറ്റുകളും മിസൈലുകളും കൈമാറിയതായി യുഎസ് വക്താവ് ജോൺ കിർബിയും മുൻപ് ആരോപിച്ചിരുന്നു. ആയുധ കൈമാറ്റ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗു കഴിഞ്ഞ മാസം ഉത്തര കൊറിയ സന്ദർശിച്ചതായി വാട്സനും ആരോപിക്കുന്നു.

English Summary: North Korea's Kim, Putin Plan To Meet In Russia To Discuss Arms Deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com