ADVERTISEMENT

കോട്ടയം ∙ ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് മുന്‍പ് അച്ചു ഉമ്മന്‍ എന്ന പേര് അത്ര സുപരിചിതമായിരുന്നില്ല. ഉമ്മന്‍ ചാണ്ടിയെന്ന വന്‍മരത്തിന്റെ നിഴല്‍വെട്ടത്തിലെവിടെയോ വന്നുപോയിരുന്ന മകള്‍ മാത്രമായിരുന്നു അച്ചു. രാഷ്ട്രീയത്തില്‍നിന്നും പൊതുപ്രവര്‍ത്തനങ്ങളില്‍നിന്നും നിശ്ചിത അകലം പാലിച്ച് നിന്നിരുന്ന അവര്‍ രാഷ്ട്രീയ പരിസരങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി മോഡലിങ്ങും യാത്രകളുമായി കഴിയുകയായിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെയാണ് മക്കളിലേക്ക് മാധ്യമശ്രദ്ധ പതിയുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ആരാണ് മത്സരിക്കേണ്ടതെന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞതോടെ അച്ചു ഉമ്മനിലേക്കും അഭ്യൂഹങ്ങളെത്തി. എന്നാല്‍ സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനായിരിക്കുമെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു.

ഒഴിഞ്ഞു നിന്നിട്ടും വലിച്ചിറക്കി

ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി കുടുംബത്തില്‍നിന്ന് ഒരാള്‍ എത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയതിനു പിന്നാലെയാണ് മകള്‍ അച്ചു ഉമ്മന്‍ പുതുപ്പള്ളി സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ താന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ചാണ്ടി ഉമ്മനായിരിക്കും മത്സരിക്കുക എന്നും അവര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ക്കിടയില്‍ തര്‍ക്കമുണ്ടെന്നുപോലും വാര്‍ത്ത പ്രചരിച്ചു.

അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരനെന്നും മക്കള്‍ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തില്‍ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും അവര്‍ വിശദമാക്കി. ഒപ്പം തന്നെ തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം എന്നും അച്ചു ആവശ്യപ്പെട്ടു. വികസനം പ്രചാരണ ആയുധമാക്കി തുടങ്ങിയെങ്കിലും കുടുംബത്തിന് നേരെ സൈബര്‍ പോരാളികള്‍ ആക്രമണം അഴിച്ചുവിട്ടു. ധരിച്ച വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും വില ഉള്‍പ്പെടെ സൈബര്‍ പോരാളികള്‍ ആയുധമാക്കി.

ഭര്‍ത്താവിന്റെ കമ്പനിയെക്കുറിച്ചും സ്വത്തുവിവരങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു വരെ സൈബറിടങ്ങളില്‍ ആവശ്യമുയര്‍ന്നു. ഒരു ഘട്ടത്തില്‍ ചാണ്ടി ഉമ്മനില്‍നിന്നു ശ്രദ്ധ മാറി അച്ചു ഉമ്മനെ ചുറ്റിത്തിരിയുകയായിരുന്നു പ്രചാരണം. ഇതിനോടെല്ലാമുള്ള പക്വമായ പ്രതികരണങ്ങള്‍ ഒരു നേതാവിന്റെ ഛായ അച്ചുവിനും നല്‍കി. നിയമ നടപടി സ്വീകരിക്കുന്നതിനും അച്ചു ഇറങ്ങിത്തിരിച്ചു. വളഞ്ഞിട്ട് ആക്രമിക്കപ്പെട്ടപ്പോള്‍ ഭര്‍ത്താവും കുടുംബവും വരെ പിന്തുണയുമായി എത്തി. 

പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ മകന്‍ അനുകരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നപ്പോഴും കോണ്‍ഗ്രസ് പാളയത്തിന് ഊര്‍ജവുമായി മണ്ഡലത്തില്‍ അച്ചു നേരിട്ട് വോട്ട് ചോദിക്കാനെത്തി. ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നല്‍കുന്ന വലിയ യാത്രയയപ്പിന്റെ ഇടിമുഴക്കം വോട്ടെണ്ണല്‍ ദിനം കേള്‍ക്കുമെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. വോട്ടെണ്ണല്‍ ദിനത്തില്‍ വീട്ടിലേക്കെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അല്‍പം പോലും ആശങ്കയില്ലാതെയാണ് അച്ചുവെത്തിയത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നും 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തത് എന്താണെന്ന ചോദ്യത്തിന് മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നുമായിരുന്നു സഹോദരന്റെ വിജയത്തില്‍ അച്ചു പ്രതികരിച്ചത്. 

കൃത്യം, വ്യക്തം

ചാണ്ടി ഉമ്മന്‍ കാര്യങ്ങള്‍ പറയുന്നതിനേക്കാളും വ്യക്തവും കൃത്യവുമായി മറുപടി നല്‍കാന്‍ അച്ചു ഉമ്മന് സാധിച്ചിരുന്നുവെന്നാണ് സൈബര്‍ ഇടങ്ങളിലെ വിലയിരുത്തല്‍. ഭര്‍ത്താവിന്റെ കുടുംബ ബിസിനസിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരുടെ ബിസിനസിന്റെ നാള്‍വഴികള്‍ പോലും വിവരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാമെന്നും അവര്‍ വെല്ലുവിളിച്ചു. വാക്കുകളിലെ കൃത്യതയും വ്യക്തതയും തന്നെയാണ് ആളുകളെ അച്ചു ഉമ്മന്‍ ഫാനാക്കി‌യത്. യാത്ര, ഫാഷന്‍ ലോകത്തിനപ്പുറത്ത് ഒരു നേതാവിന് ആവശ്യമായ സകല ഗുണങ്ങളും അച്ചു ഉമ്മനുണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

തനിക്കെതിരെ ഉയര്‍ന്ന ഓരോ ആരോപണങ്ങള്‍ക്കും സംശയത്തിനിട നല്‍കാതെ ശക്തമായ ഭാഷയില്‍ ഉത്തരം നല്‍കിയതാണ് കോണ്‍ഗ്രസ് അണികളെ അച്ചു ആവേശഭരിതരാക്കിയത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിനെ പ്രതിരോധിക്കാനായിരുന്നു അച്ചു ഉമ്മനെ കരുവാക്കിയതെന്ന് വിമര്‍ശനമുയര്‍ന്നു. എന്നാല്‍ അച്ചുവിന്റെ മറുപടി തൃപ്തികരമാകുകയും എതിര്‍പക്ഷത്ത് ആരോപണ വിധേയയായ ആള്‍ യാതൊരു പ്രതികരണത്തിനും തയാറാകാതിരുന്നതും അച്ചുവിന്റെ മൈലേജ് വര്‍ധിപ്പിച്ചു.

ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഒറ്റ ദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ അച്ചുവിനു വര്‍ധിച്ചത്. ആക്രമിക്കുന്നവര്‍ക്കും ആരോപണമുന്നയിക്കുന്നവര്‍ക്കും വായടപ്പിക്കുന്ന മറുപടി നല്‍കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന അച്ചു, യാത്രയും ഫാഷനുമായി കറങ്ങിത്തിരിയാതെ രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന് സൈബര്‍ ഇടങ്ങളില്‍ ആവശ്യം ശക്തമാകുകയാണ്.

English Summary: Puthuppally election results; Achu Oommen responds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com