ADVERTISEMENT

കോഴിക്കോട്∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പുതിയ വോർട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിനു വീഴ്ച പറ്റിയെന്നും സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

‘‘പുതുപ്പള്ളിയിൽ പുതിയ വോട്ടർമാരൊന്നും വന്നില്ലെന്നു കാണാൻ കഴിഞ്ഞു. ചെറുപ്പക്കാരുടെ അഭാവം വോട്ടിങ്ങിലൊക്കെ മുഴച്ചുകണ്ടു. പലരും പുറത്തു പോയി. പുറത്തു പോകാൻ കാരണം കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ തകർച്ചയാണ്. ഒരുപാടുപേർ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നില്ല. അങ്ങനെയുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വോട്ടർപട്ടികയിൽ പേരു ചേർക്കേണ്ട പ്രവർത്തനങ്ങൾ ഇതുവരെ ആശാവഹമായ രീതിയിൽ നടന്നിട്ടില്ല.

പുതുപ്പള്ളിയിൽ പ്രതീക്ഷിച്ചതിലും വലിയ വിജയം ലഭിച്ചു. എന്നാൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിനു വീഴ്ചപറ്റി. ഉപതിരഞ്ഞെടുപ്പ് ആകുമ്പോൾ പാർട്ടിയുടെ എല്ലാ ഘടകങ്ങളും ഒരുമിച്ച് ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കും. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇതു സാധിക്കില്ല. അതിനാൽ ബുത്ത് തലത്തിലുള്ള പ്രവർത്തനം കൂടുതൽ ശക്തമാക്കണം. അടുത്ത ദിവസം തന്നെ കെപിസിസയുടെ യോഗം ചേർന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും’’– മുരളീധരൻ പറഞ്ഞു. 

സിപിഎമ്മിന്റെ സങ്കടം ബിജെപിക്ക് വോട്ടു കുറഞ്ഞതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ബിജെപിക്കു വോട്ടു കുറഞ്ഞതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്. കാരണം അങ്ങനെയൊരു പ്രതിഭാസം കേരളത്തിൽ അസ്തമിക്കാൻ പോകുകയാണ്. ഇനി എന്തൊക്കെ കേന്ദ്രത്തിൽ മോദി തരംഗം പറഞ്ഞാലും കേരളത്തിൽ ഈ സാധനത്തെ കൊണ്ട് ഉപകാരമില്ല എന്നു ജനത്തിനു മനസ്സിലായി. ബിജെപിക്ക് അൽപമൊരു ഉയർച്ച ഉണ്ടായത് 2014 മുതലാണല്ലോ? ആ ഉയർച്ചയിൽ അവർക്ക് വോട്ടു ചെയ്ത പലരും ഇപ്പോൾ മാറി ചിന്തിക്കുകയാണ്. അത് തൃക്കാക്കരയിലും ഇപ്പോൾ പുതുപ്പള്ളിയിലും കണ്ടു. ആ വോട്ടൊക്കെ യുഡിഎഫിലേക്കാണ് പോയതെങ്കിൽ സിപിഎമ്മിന്റെ 10,000 വോട്ട് ആരു കൊണ്ടുപോയി? 

സ്വന്തം പാർട്ടിക്കു വോട്ടു കുറ‍ഞ്ഞതിലല്ല സങ്കടം, ബിജെപിക്ക് കുറയുന്നതിലാണ്. കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്കാർ ഇപ്പോഴും ആ ബിജെപി പ്രേമം വിട്ടിട്ടില്ല എന്നതിന് ഉദാഹരണമാണ്. സ്വഭാവികമായും ചോരുന്ന ചില വോട്ടുകൾ ഞങ്ങൾക്കു കിട്ടിക്കാണും. ഞങ്ങൾ അതിന്റെ കണക്കെടത്തിട്ടുമില്ല. ഞാൻ ചത്താലും കുഴപ്പമില്ല ബിജെപിക്കാരൻ ചാവല്ലെന്ന വിചാരം, അത് മാർക്സിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ നല്ലതല്ല’’ – കെ.മുരളീധരൻ പറഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാനുണ്ടാകില്ലെന്ന് ആവർത്തിച്ച് കെ.മുരളീധരൻ. മത്സരിക്കുന്ന സ്ഥാനാർഥിക്കൊപ്പം വടകരയിലുണ്ടാകും. വടകരയിൽ ആരു നിന്നാലും ജയിക്കാനുള്ള സാഹചര്യം യുഡിഎഫിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: K.Muraleedharan criticizes Congress leadership after the results of Puthuppally byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com