‘ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ച: പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും’
Mail This Article
കൊച്ചി∙ ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയിൽ പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കുമെന്ന് എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ടവിമലാദിത്യ. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ഗാർഡ് സംവിധാനം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ചെറുതോണി അണക്കെട്ടിലുണ്ടായ സുരക്ഷ വീഴ്ചയിൽ സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു ആറു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ഒറ്റപ്പാലം സ്വദേശി ഡാമിൽ എത്തിയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെ ആണ് നടപടി.
ചെറുതോണി അണക്കെട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന്റെ ടൈമറിലും എർത്ത് വയറിലും മറ്റുമായി 11 താഴുകൾ ഘടിപ്പിച്ചതായാണു കണ്ടെത്തിയത്. അണക്കെട്ടിന്റെ ഷട്ടറിനെ ബന്ധിപ്പിച്ചിരിക്കുന്ന വടങ്ങളിൽ എന്തോ ദ്രാവകം ഒഴിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 22ന് ഉച്ചകഴിഞ്ഞ് 3.15ന് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഹൈമാസ്റ്റ് ലൈറ്റിനോടു ചേർന്നു താഴുകൾ കണ്ടെത്തിയതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.
English Summary: Investigation on Charuthoni dam security breach