ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ല. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ തീരുമാനം കൈക്കൊണ്ടത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ എതിർത്തതോടെ 3–2 എന്ന നിലയിലാണ് ഹർജികൾ തള്ളിയത്. ഇതിൽ ജസ്റ്റിസ് ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി. 

സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധിപ്രസ്താവം. മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു. സ്വവർഗ ദമ്പതികൾക്ക് സാമൂഹികവും നിയമപരവുമായ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകുന്നത് പരിഗണിക്കാൻ ഒരു സമിതി രൂപീകരിക്കാനുള്ള സർക്കാരിന്റെ നിർദേശം കോടതി അംഗീകരിച്ചു.

∙ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്:

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജിയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാലു വിധികളാണ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആമുഖമായി വ്യക്തമാക്കിയിരുന്നു. ഇതിൽ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടെന്നും അദ്ദേഹം ആദ്യമേ വിശദീകരിച്ചു. അതേസമയം, നിയമനിർമാണത്തിലേക്കു കടക്കാൻ കോടതിക്കു കഴിയില്ലെന്നും ഇക്കാര്യത്തിൽ പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക വിവാഹ നിയമത്തിൽ മാറ്റം വരുത്തി സ്വവർഗ വിവാഹം കൂടി അംഗീകരിക്കണമെന്ന ഹർജിക്കാരുടെ വാദം ചീഫ് ജസ്റ്റിസ് അനുവദിച്ചു. നിലവിലുള്ള നിയമം പുരുഷനെയും സ്ത്രീയേയും മാത്രമാണ് പരിഗണിക്കുന്നത്. അതിൽ ഇതര വിഭാഗക്കാരെക്കൂടി പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാല്‍ പ്രത്യേക വിവാഹനിയമം കോടതിക്കു റദ്ദാക്കാന്‍ കഴിയില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടതു പാര്‍ലമെന്റ് ആണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

1. ഈ ഹർജി പരിഗണിക്കാൻ ഈ കോടതിക്ക് അധികാരമുണ്ട്.

2. സ്വവർഗ ലൈംഗികത എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. ഇത് വർഷങ്ങളായി ഇന്ത്യയിൽ നിലനിന്നു പോരുന്നു. സ്വവർഗ ലൈംഗിക നഗര സങ്കൽപമോ വരേണ്യ വർഗ സങ്കൽപമോ അല്ല.

3. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല

സ്വവർഗ ലൈംഗിക വിഡ്ഢിത്തമോ നഗര സങ്കൽപമോ വരേണ്യ വർഗ സങ്കൽപമോ അല്ല എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെ തള്ളിക്കളഞ്ഞു. ഇത് തുല്യതയുടെ വിഷയമാണ്. മാത്രമല്ല, വിവാഹം എന്നത് സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമങ്ങൾ വഴി വിവാഹത്തിൽ പല പരിഷ്കാരങ്ങളും വന്നിട്ടുണ്ട്. നിയമം ഉണ്ടാക്കാൻ കോടതിക്ക് സാധിക്കില്ല. നിലവിലുള്ള നിയമം വ്യാഖ്യാനിക്കാൻ മാത്രമേ കഴിയൂ. അതേസമയം, മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിൽ കോടതിക്കു തടസ്സമില്ല.

ബന്ധങ്ങൾ രണ്ടു വ്യക്തികളുടെ തീരുമാനമാണ്. ഇത്തരം കൂട്ടുകെട്ടുകൾ അംഗീകരിക്കാത്തത് സ്വവർഗ ദമ്പതികളോടുള്ള വിവേചനമാകും. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിതരീതിയുടെ അടിസ്ഥാന ഭാഗമാണ്. ചിലര്‍ക്ക് അത് അവരുടെ ജീവതത്തിലെ ഏറ്റവും പ്രധാന തീരുമാനമാണ്. ഭരണഘടനയുടെ അനുഛേദം 21 പ്രകാരമുള്ള അവകാശം അവര്‍ക്കുണ്ടെന്നും എല്ലാവര്‍ക്കും അവരുടെ ജീവിതത്തിന്റെ ധാര്‍മിക നിലവാരം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വവര്‍ഗ ബന്ധമുള്ളവരോടു വിവേചനം കാണിക്കാനാവില്ല. മറ്റുള്ളവര്‍ക്കു ലഭിക്കുന്ന വിവാഹ ആനുകൂല്യം സ്വവര്‍ഗ പങ്കാളികള്‍ക്കു നിഷേധിക്കുന്നത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്. ഒരു കുഞ്ഞിന് സമ്പൂർണ സുരക്ഷിതത്വം നൽകാൻ സ്ത്രീ–പുരുഷ ദമ്പതികൾക്കു മാത്രമേ സാധിക്കൂ എന്ന് വ്യക്തമാക്കുന്ന യാതൊരു തെളിവും ലഭ്യമല്ല. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശം നിഷേധിക്കുന്ന സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ (സിഎആർഎ) സർക്കുലർ ഭരണഘടനയുടെ 15–ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

∙ ജസ്റ്റിസ് സഞ്ജയ് കൗൾ:

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വിധി പ്രസ്താവത്തോടു യോജിച്ച് ജസ്റ്റിസ് സഞ്ജയ് കൗളിന്റെ വിധി. പ്രത്യേക വിവാഹ നിയമം തുല്യതയ്ക്ക് എതിരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘‘ലൈംഗികതയുമായി ബന്ധപ്പെട്ടു മാത്രമല്ല, വൈകാരിക പൂർത്തീകരണത്തിനുള്ള ബന്ധങ്ങളായും സ്വവർഗ ബന്ധങ്ങൾ പുരാതന കാലം മുതൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില സൂഫി പാരമ്പര്യങ്ങളെക്കുറിച്ച് ഞാൻ പരാമർശിച്ചിട്ടുണ്ട്. ഭിന്നലിംഗ ലൈംഗികതയും സ്വവർഗ ലൈംഗികതയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായിത്തന്നെ കാണണം. പ്രത്യേക വിവാഹ നിയമം ഭരണഘടനയുടെ 14–ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. സ്വവർഗ ബന്ധങ്ങളെ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ വ്യാഖ്യാനപരമായ പരിമിതികളുണ്ട്. സോളിസിറ്റർ ജനറൽ ചൂണ്ടിക്കാണിച്ചതുപോലെ, പ്രത്യേക വിവാഹ നിയമത്തിൽ കൂടുതൽ തൊട്ടുകളിക്കുന്നത് വിപരീത ഫലമുണ്ടാക്കാനും സാധ്യതയുണ്ട്.’’

സ്വവർഗ ലൈംഗികത നഗര സങ്കൽപമോ വരേണ്യവർഗ സങ്കൽപമോ അല്ലെന്ന വാദം അംഗീകരിച്ച ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ടും പി.എസ്.നരസിംഹയും ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച നിർദ്ദേശങ്ങളോടു വിയോജിക്കുന്നതായി വ്യക്തമാക്കി. വിവാഹം ഒരു സാമൂഹിക വിഷയമാണെന്നും അതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ഭട്ട് ചൂണ്ടിക്കാട്ടി. ട്രാൻസ്ജെൻഡറുകൾക്ക് നിലവിലെ നിയമപ്രകാരം വിവാഹം കഴിക്കാൻ അവകാശമുണ്ട്. വിവാഹം എന്നത് ആചാരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ വ്യക്തിനിയമങ്ങൾ ഉണ്ട്. പുനർവിവാഹ നിയമവും വിവാഹ മോചനത്തിന് എതിരായ നിയമവുണ്ട്. അത്തരം മാറ്റങ്ങൾ എല്ലാവരും ഉൾക്കൊള്ളുന്നില്ലെന്നും ജസ്റ്റിസ് ഭട്ട് ചൂണ്ടിക്കാട്ടി.

സ്വവർഗ വിവാഹം നഗരവരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതു വരേണ്യരുടെ മാത്രം വിഷയമല്ലെന്നു വ്യക്തമാക്കാൻ, കുടുംബം ഉപേക്ഷിച്ചതോടെ തനിക്കു തെരുവിൽ ഭിക്ഷ യാചിക്കേണ്ടിവന്നെന്നു ഹർജിക്കാരിയായ സൈനബ് പട്ടേലും ചൂണ്ടിക്കാട്ടി.

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീം കോടതി വിധി. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, അഭിഷേക് മനു സിങ്‍വി, രാജു രാമചന്ദ്രൻ, ആനന്ദ ഗ്രോവർ, മേനക ഗുരുസ്വാമി തുടങ്ങിയവരാണു ഹർജിക്കാർക്കുവേണ്ടി വാദിച്ചത്. സ്വവർഗ വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്ന് ഇവർ കോടതിയെ അറിയിച്ചു. അതുപോലെ സ്വവർഗാനുരാഗികൾക്കു രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും മറ്റു ക്ഷേമാനുകൂല്യങ്ങൾ നൽകണമെന്നും ഇവർ കോടതിയിൽ വാദിച്ചു.

2023 ഏപ്രിൽ 18 മുതൽ മേയ് 11 വരെ പത്തുദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹർജികളിൽ വാദം കേട്ടത്. 1954ലെ സ്പെഷൽ മാരേജ് ആക്ടിലെ നാലാം വകുപ്പു പ്രകാരം 21 വയസ്സു കഴിഞ്ഞ പുരുഷനും 18 വയസ്സുള്ള സ്ത്രീക്കും വിവാഹിതരാകാം. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് ഒഴിവാക്കി രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹം എന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹർജികളിൽ വാദം കേട്ട വേളയിൽ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. പുരുഷനും സ്ത്രീയും എന്നത് വ്യക്തികൾ എന്നും ഭാര്യയും ഭർത്താവും എന്നത് ദമ്പതികൾ എന്നും മാറ്റണമെന്നായിരുന്നു ഹർജിക്കാരുടെ വാദം.

ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അവകാശം നൽകുന്നുണ്ട്. എന്നാൽ ലിംഗപരമായ വിവേചനം ഇതിലുണ്ടാകരുതെന്നാണ് ഹർജിക്കാരുടെ വാദം. സ്വവർഗ വിവാഹത്തിനു നിയമസാധുത ഇല്ലാത്തതിനാൽ ഈ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കൽ, പിൻതുടർച്ചാവകാശം, ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങൽ, ഇൻഷുറൻസ് പോളിസി എടുക്കൽ എന്നിങ്ങനെ പലകാര്യങ്ങളിലും തടസ്സം നേരിടുന്നതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സ്വവർഗ വിവാഹം പാർലമെന്റിന്റെ പരിധിയിൽ വരുന്ന വിഷയമാണെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികവും നിയമപരവുമായ അവകാശങ്ങൾ വിവാഹത്തിന്റെ പേരിൽ നിഷേധിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

1954ലെ സ്പെഷൽ മാരേജ് ആക്ട്, 1955ലെ ഹിന്ദു വിവാഹ നിയമം, 1969ലെ വിദേശ വിവാഹ നിയമം എന്നിവയിൽ സ്വവർഗ വിവാഹം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിൽ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവർഗ വിവാഹത്തിന്റെ നിയമസാധുത കോടതി പരിശോധിച്ചിട്ടില്ല.

English Summary:

Same Sex Marriage Supreme Court Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com