ADVERTISEMENT

ന്യൂഡൽഹി∙ യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നത് കോവിഡ് വാക്സിനേഷൻ മൂലമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനം. മാത്രമല്ല, കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരിൽ ഇത്തരം മരണസാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ പഠനറിപ്പോർട്ട് പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്. ജീവിതശൈലിയിൽ വന്ന മാറ്റമാണ് ഇതിനു കാരണമെന്നും പഠനം അടിവരയിടുന്നുണ്ട്.

2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. അറിയപ്പെടാത്ത രോഗങ്ങൾ ഇല്ലാത്തവരും എന്നാൽ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയിൽ പ്രായമുള്ളവരെ സംബന്ധിച്ചായിരുന്നു പഠനം. ഇത്തരത്തിലുള്ള 729 കേസുകൾ സംഘം പഠനത്തിനു വിധേയമാക്കി. രണ്ടു ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഒരു ഡോസ് എടുത്തവർക്കും സാധ്യത കുറയുമെങ്കിലും ഇത്രയും ഫലമുണ്ടാകില്ല.

പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങളും പഠനത്തിൽ കണ്ടെത്തി. കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, പെട്ടെന്നുള്ള മരണം സംഭവിച്ചിട്ടുള്ളതിന്റെ കുടുംബ പാരമ്പര്യം, മരണത്തിന് 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിച്ചത്, ഉന്മാദ മരുന്നുകളുടെയോ വസ്തുക്കളുടെയോ ഉപയോഗം, മരണത്തിന് 48 മണിക്കൂറിനുള്ളിൽ കഠിനമായ കായികാധ്വാനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നേരത്തെ തന്നെ ഐസിഎംആർ പഠനത്തിന്റെ കണ്ടെത്തലുകൾ വിവരിച്ചിരുന്നു. കോവിഡ് ഗുരുതരമായി ബാധിച്ചവർ അമിതമായി കായികാധ്വാനം ചെയ്യുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. നവരാത്രി ആഘോഷത്തിനിടെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്ത തുടർ മരണങ്ങൾ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

English Summary:

Covid vaccines reduced risk of sudden death in young adults, study finds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com